വാഷിങ്ടൺ ഡിസി: അമേരിക്കയുടെ 47ാം പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. വാഷിങ്ടൺ ഡിസിയിലെ ക്യാപിറ്റോളിൽ ഇന്ത്യൻ സമയം രാത്രി 10.30നാണ് സ്ഥാനാരോഹണ ചടങ്ങ്.
സത്യപ്രതിജ്ഞ ചടങ്ങിന് മുന്നോടിയായി ഡൊണാൾഡ് ട്രംപ് കുടുംബത്തോടൊപ്പം ഇന്നലെ വാഷിങ്ടൺ ഡി.സിയിലെത്തി. ശനിയാഴ്ച വൈകുന്നേരം 4. 30ന് പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഭാര്യ മെലാനിയ, മകൻ ബാരൺ എന്നിവർക്കൊപ്പം ബോയിങ് 757-200 എന്ന പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.
അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റിയിരുന്നു. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. തിങ്കളാഴ്ച വാഷിങ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്.
40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞ ചടങ്ങ് തുറന്ന വേദിയില്‍ നിന്ന് മാറ്റുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും പ്രസിഡന്റായത്. ചടങ്ങിലേക്ക് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് അടക്കമുള്ള പ്രമുഖർ എത്തിയേക്കും.
ഇന്ത്യയിൽ നിന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചടങ്ങിൽ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. ചടങ്ങിനോടനുബന്ധിച്ച് വെള്ളിയാഴ്ച ആരംഭിച്ച വിവിധ ആഘോഷപരിപാടികൾ നാളെ വരെ തുടരും. പള്ളികളിൽ പ്രാർഥനകൾ, വെടിക്കെട്ടുകൾ, റാലികൾ, ഘോഷയാത്രകൾ, വിരുന്നുകൾ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.