വത്തിക്കാൻ സിറ്റി: കുറവുകൾ നേരിടുമ്പോൾ തൻ്റെ സമൃദ്ധിയിൽനിന്ന് നമ്മെ സഹായിക്കാൻ നമ്മുടെ കർത്താവ് സദാ സന്നദ്ധനാണെന്ന് ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. അവിടുത്തെ സഹായം നമ്മുടെ പ്രതീക്ഷകൾക്കെല്ലാം അപ്പുറമായിരിക്കും. കാരണം, നമ്മുടെ ആഘോഷങ്ങളിൽ നമ്മോടൊപ്പം പങ്കുചേരാൻ അവിടുന്ന് ആഗ്രഹിക്കുന്നു.
ഞായറാഴ്ച മധ്യാഹ്ന പ്രാർത്ഥനാവേളയിൽ പതിവനുസരിച്ചുള്ള വചന സന്ദേശം നൽകവെയാണ് പാപ്പാ ഇക്കാര്യങ്ങൾ പറഞ്ഞത്. കാനായിലെ കല്യാണവിരുന്നിൽ കർത്താവ് പ്രവർത്തിച്ച ആദ്യത്തെ അടയാളമാണ് ഈയാഴ്ച മാർപാപ്പ ധ്യാനവിഷയമാക്കിയത്.
യേശു പ്രവർത്തിച്ച ആദ്യത്തെ അടയാളമായാണ് യോഹന്നാന്റെ സുവിശേഷത്തിൽ ഈ സംഭവം വിവരിച്ചിരിക്കുന്നത്. തൻ്റെ മാതാവിൻ്റെ അഭ്യർത്ഥനപ്രകാരമാണ് അവിടുന്ന് ഈ അത്ഭുതം പ്രവർത്തിച്ചത്. യേശു തന്റെ ദൗത്യത്തിന്റെ ഭാഗമായി പൂർത്തിയാക്കാനിരുന്ന എല്ലാ പ്രവൃത്തികളുടെയും മുന്നോടിയും സംഗ്രഹവുമാണ് ഈ സംഭവമെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.
മിശിഹായുടെ ആഗമനത്തിൽ, 'കർത്താവ് മേൽത്തരം വീഞ്ഞുകൊണ്ടുള്ള ഒരു വിരുന്നൊരുക്കും' എന്ന് പ്രവാചകന്മാരായ ഏശയ്യായും ആമോസും മുൻകൂട്ടി അറിയിച്ചതിനെ അനുസ്മരിച്ച പാപ്പാ, പുതിയ വീഞ്ഞ് കൊണ്ടുവരുന്ന മണവാളൻ യേശുവാണെന്ന് കൂട്ടിച്ചേർത്തു.
'അവർക്ക് വീഞ്ഞില്ല'
ഇന്നത്തെ സുവിശേഷവായനയിൽ നാം കാണുന്നത് ഇല്ലായ്മയുടെയും അതിസമൃദ്ധിയുടെയും രണ്ട് വ്യത്യസ്ത ഘടകങ്ങളാണ്. ഒരുവശത്ത്, വീഞ്ഞ് തീർന്നുപോകുന്നതും മറിയം തന്റെ പുത്രനോട് 'അവർക്കു വീഞ്ഞില്ല' എന്നു പറയുന്നതും നാം കാണുന്നു. മറുവശത്ത്, യേശു ഇടപെടുന്നതും കൽഭരണികളിൽ നിറയ്ക്കപ്പെട്ട വെള്ളം മേൽത്തരം വീഞ്ഞായി മാറുന്നതും നല്ല വീഞ്ഞ് അവസാനം വരെ സൂക്ഷിച്ചുവച്ചതിനാൽ കലവറക്കാരൻ മണവാളനെ പുകഴ്ത്തുന്നതുമാണ് നാം കാണുന്നത്.
മനുഷ്യരാശിയുടെ ആവശ്യങ്ങളുടെ നേരെ പരിമിതികൾ കൂടാതെ പ്രതികരിക്കുന്നവനാണ് ദൈവം. 'അതിസമൃദ്ധിയാണ് ദൈവത്തിന്റെ അടയാളം' - ഫ്രാൻസിസ് പാപ്പാ ഓർമിപ്പിച്ചു.
ദൈവം പ്രതികരിക്കുമ്പോൾ സമൃദ്ധിയുണ്ടാകും
നമ്മുടെ ജീവിതത്തിലെ 'വിരുന്നുകളിൽ' പ്രത്യേകിച്ച്, ആശങ്കകൾ നമ്മെ അലട്ടുമ്പോൾ,വീഞ്ഞിന്റെ കുറവുള്ളതായി നമുക്ക് അനുഭവപ്പെടാറുണ്ട്. ഭയം നമ്മെ കീഴ്പെടുത്തുന്നതായും തിന്മയുടെ വിനാശകരമായ ശക്തികൾ നമ്മുടെ ഉന്മേഷവും പ്രത്യാശയും ആനന്ദവും കവർന്നെടുക്കുന്നതായും അങ്ങനെ, ജീവിതത്തിന്റെ സ്വാദ് കുറയുന്നതായും നമുക്ക് തോന്നും.
എന്നിരുന്നാലും ഈ കുറവുകൾ ക്കു നടുവിലും ദൈവം തന്റെ സ്നേഹം സമൃദ്ധമായി നമ്മിലേക്ക് ചൊരിയുകയും പരിശുദ്ധാത്മാവാകുന്ന വീഞ്ഞ് അളവുകൂടാതെ പകർന്നുതന്ന് ആനന്ദവും പ്രത്യാശയും നമ്മുടെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരികയും ചെയ്യുന്നു. ഒരു വിരോധാഭാസമായി തോന്നുമെങ്കിലും, നമ്മുടെ കുറവുകൾ എത്രത്തോളം നാം അംഗീകരിക്കുന്നുവോ അത്രയധികം സമൃദ്ധമായിരിക്കും ദൈവത്തിന്റെ പ്രതികരണം. കാരണം, നമ്മോടൊപ്പം ആഘോഷിക്കാൻ അവിടുന്ന് ആഗ്രഹിക്കുന്നു - പാപ്പാ വിശദീകരിച്ചു.
ഈ ജൂബിലി വർഷത്തിൽ കർത്താവായ യേശുവിനെ കണ്ടുമുട്ടുന്നതിനും അങ്ങനെ നമ്മുടെ സന്തോഷം വീണ്ടെടുക്കുന്നതിനും പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥം തേടി നമുക്ക് പ്രാർത്ഥിക്കാം എന്ന ആഹ്വാനത്തോടെ പാപ്പാ തൻ്റെ സന്ദേശം സന്ദേശം ഉപസംഹരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.