നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്; സ്ത്രീയുടെ മരണത്തില്‍ മാനന്തവാടിയില്‍ പ്രതിഷേധം ശക്തം

നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്; സ്ത്രീയുടെ മരണത്തില്‍ മാനന്തവാടിയില്‍ പ്രതിഷേധം ശക്തം

മാനന്തവാടി: മാനന്തവാടിക്കടുത്ത് പഞ്ചാരക്കൊല്ലിയില്‍ ആദിവാസി യുവതിയെ ആക്രമിച്ച് കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവെച്ചു കൊല്ലാന്‍ ഉത്തരവ്.

വനം മന്ത്രിയുടെ നിര്‍ദേശ പ്രകാരം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജനങ്ങളുടെ ശക്തമായ പ്രതിഷേധം കണക്കിലെടുത്താണ് നടപടി.

കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്് പ്രൊസീജിയര്‍ (എസ്.ഒ.പി) പ്രകാരം ഈ കടുവ നരഭോജിയാണെന്ന് ഉറപ്പ് വരുത്തിയ ശേഷം ആദ്യഘട്ടമെന്ന നിലയില്‍ മയക്കുവെടി വെച്ചോ കൂടുവെച്ചോ പിടികൂടുന്നതിന് ശ്രമിക്കാവുന്നതാണ്. ഈ സാധ്യതകള്‍ ഇല്ലാത്ത പക്ഷം വെടിവെച്ചു കൊല്ലാനുള്ള അന്തിമ നടപടി സ്വീകരിക്കുന്നതാണ്.

അതുവരെ സംഭവം നടന്ന പ്രദേശത്തും വയനാട് ജില്ലയിലെ വനത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്താനും ആവശ്യമായ ദ്രുതകര്‍മ്മ സേനയെ നിയോഗിക്കാനും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. കര്‍ണാടകത്തിലെ ബന്ദിപ്പൂര്‍ മേഖലയില്‍ നിന്നും കടുവ, കാട്ടാന തുടങ്ങിയ വന്യമൃഗങ്ങള്‍ വയനാട് മേഖലയിലേക്ക് കടന്നു വരാവുന്ന സാധ്യത പരിഗണിച്ച് ആ മേഖലകളില്‍ പട്രോളിങ് ശക്തിപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.

മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ ഇന്ന് രാവിലെയാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പിക്കുരു പറിക്കാന്‍ പോയ സമയത്താണ് താല്‍കാലിക വനം വാച്ചറുടെ ഭാര്യയായ രാധയെ(45) കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പി തോട്ടത്തിലേക്ക് പോയത്.

സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമാകുകയാണ്. അതിനിടെയാണ് കടുവയെ വെടിവെച്ച് കൊല്ലാന്‍ വനംമന്ത്രി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.