ലക്‌നൗ: മതം മാറ്റാന്‍ ശ്രമിച്ചെന്നാരോപിച്ച് യു.പി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രത്യേക കോടതി ക്രിസ്ത്യന്‍ ദമ്പതികള്‍ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു.
ഉത്തര്‍പ്രദേശിലെ അംബേദ്കര്‍ നഗര്‍ ജില്ലയിലെ പ്രത്യേക കോടതിയാണ് പാസ്റ്റര്‍ ജോസ് പാപ്പച്ചനെതിരെയും ഭാര്യ ഷീജ പാപ്പച്ചനെതിരെയും ശിക്ഷ വിധിച്ചത്. അഞ്ച് വര്‍ഷം തടവും ഓരോരുത്തര്‍ക്കും 25,000 രൂപ പിഴയും വിധിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടു വന്ന മത പരിവര്‍ത്തന വിരുദ്ധ നിയമ പ്രകാരമുള്ള ആദ്യ ശിക്ഷാ വിധിയാണിത്.
മതപരിവര്‍ത്തന നിരോധന നിയമം 2021 പ്രകാരമാണ് ദമ്പതികള്‍ക്കെതിരെ കേസ് എടുത്തത്. 2024ല്‍ ഈ നിയമം ഭേദഗതി ചെയ്ത് ചില ലംഘനങ്ങളുടെ കാര്യത്തില്‍ ജീവപര്യന്തം തടവ് എന്ന വ്യവസ്ഥ കൂടെ ഉള്‍പ്പെടുത്തി കൂടുതല്‍ കഠിനമാക്കിയിരുന്നു.
ഭരണ കക്ഷിയായ ബിജെപി അംഗം ചന്ദ്രിക പ്രസാദാണ് 2023 ജനുവരിയില്‍ ദമ്പതികള്‍ക്കെതിരെ പരാതി നല്‍കിയത്. ഗോത്ര വര്‍ഗവും സാമൂഹികമായി ദരിദ്രവുമായ ദളിത് പശ്ചാത്തലത്തില്‍ നിന്നുള്ള ആളുകളെ മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു പരാതി.
കഴിഞ്ഞ സെപ്റ്റംബറില്‍ അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിക്കുന്നതുവരെ ദമ്പതികള്‍ എട്ട് മാസം ജയിലില്‍ കഴിഞ്ഞിരുന്നു. ബൈബിളുകള്‍ വിതരണം ചെയ്യുകയോ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയോ പൊതു ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ ചെയ്യുന്നത് മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നതിന് തുല്യമല്ലെന്ന് അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കേസ് കോടതിയില്‍ കൊണ്ടു വരാനുള്ള പരാതിക്കാരന്റെ നിയമ സാധുതയെ കോടതി ചോദ്യം ചെയ്തു. 2021 ലെ നിയമമനുസരിച്ച്, നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച പരാതി നല്‍കാവുന്നത് അക്രമത്തിനിരയായ വ്യക്തിക്കോ അവരുടെ രക്ത ബന്ധുവിനോ മാത്രമാണ്.
എന്നാല്‍ 2024 ല്‍ ഭേദഗതി വരുത്തിയ നിയമം മൂന്നാം കക്ഷിക്ക് പരാതിപ്പെടാന്‍ അവസരമൊരുക്കുന്നു. പാസ്റ്റര്‍മാരുള്‍പ്പെടെ 70 ക്രിസ്ത്യാനികളെങ്കിലും നിലവില്‍ കടുത്ത മതപരിവര്‍ത്തന വിരുദ്ധ നിയമത്തിന് കീഴില്‍ തടവിലാണെന്നാണ് യുസിഎ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംശയിക്കപ്പെടുന്ന മതപരിവര്‍ത്തന ശ്രമത്തിന് ഇത്തരമൊരു ശിക്ഷാവിധി നേരിടുന്നത് ഇതാദ്യമാണെന്ന് രാജ്യത്തെ ക്രിസ്ത്യന്‍ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന എ.സി മൈക്കിള്‍ പറഞ്ഞു. മത പരിവര്‍ത്തനത്തിനുള്ള ശ്രമം നിയമ പ്രകാരം അംഗീകൃത കുറ്റകൃത്യമല്ലെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.