ടെൽ അവീവ് : ഇസ്രയേല്‍ - ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ഇന്ന് നാല് ബന്ദികളെ കൂടി വിട്ടയക്കാൻ തയാറായി ഹമാസ്. ഇസ്രയേൽ സൈനികരായ നാല് സ്ത്രീകളെയാണ് വിട്ടയക്കാൻ തയാറായിരിക്കുന്നത്. ഐഡിഎഫ് നിരീക്ഷണ സംഘത്തിലെ നാല് പേരെ ശനിയാഴ്ച വിട്ടയക്കുമെന്ന് ഹമാസിൻ്റെ സായുധ വിഭാഗം – ഇസെൽദീൻ അൽ - ഖസാം ബ്രിഗേഡ്സ് ആണ് സ്ഥിരീകരിച്ചത്.
കരീന അരിയേവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നീ വനിത സൈനികരെ ആണ് ഹമാസ് വിട്ടയക്കുക. ഇസ്രയേൽ - ഹമാസ് യുദ്ധത്തിന് തുടക്കമിട്ട ഒക്ടോബർ ഏഴ് ആക്രമണത്തിനിടെ നഹാൽ ഓസിലെ സൈനിക നിരീക്ഷണ താവളത്തിൽ നിന്ന് തട്ടിക്കൊണ്ടുപോയിരുന്നവരാണ് ഈ നാല് വനിതാ സൈനികരും.
477 ദിവസങ്ങളായി ഹമാസിന്‍റെ തടവിലായിരുന്നു ഇവർ. 180 പാലസ്തീൻ തടവുകാരെ ഇവർക്ക് പകരമായി ഇസ്രയേല്‍ കൈമാറും. കഴിഞ്ഞ ഞായറാഴ്ച വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷമുള്ള രണ്ടാമത്തെ കൈമാറ്റമാണിത്. ആദ്യ കൈമാറ്റത്തിൽ മൂന്ന് ബന്ദികളെയും 90 തടവുകാരെയും വിട്ടയച്ചു.
വെടിനിർത്തൽ കരാറിൻ്റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കപ്പെടേണ്ട 33 പേരുടെ പട്ടികയിൽ ഇനി 26 പേരാണ് മോചനം കാത്തിരിക്കുന്നത് ഇതില്‍ മൂന്ന് സ്ത്രീകളാണ് അവശേഷിക്കുന്നത്.
അതേസമയം കരാറിൻ്റെ രണ്ടാംഘട്ടം സംബന്ധിച്ച മധ്യസ്ഥ ചർച്ചകൾക്കായി ഇസ്രയേലിന്‍റെ പ്രതിനിധിസംഘം കെയ്‌റോയിലെത്തി. മൊസാദ്, ഷിൻ ബെറ്റ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. കരാർ പ്രകാരം വെടിനിർത്തൽ ആരംഭിച്ച് 16-ാം ദിവസമാണ് ഇസ്രയേലും ഹമാസുമായുള്ള രണ്ടാംഘട്ട ചർച്ച നടക്കേണ്ടത്. രണ്ടാം ഘട്ടത്തിൽ ഇസ്രയേൽ സൈനികരുടെ മോചനമുൾപ്പെടെയുണ്ടാകുമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ നേരത്തെ സൂചിപ്പിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് വെടി നിർത്തൽ കരാർ പൂർണമാകുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.