ഒട്ടാവ: കനേഡിയന്‍ ഉല്‍പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കി കാനഡ.
അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് മേല്‍ 25 ശതമാനം അധിക നികുതി ചുമത്തുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. 155 ബില്യണ്‍ കനേഡിയന്‍ ഡോളര്‍ മൂല്യം വരുന്ന ഉല്‍പന്നങ്ങള്‍ക്കാണ് അധിക നികുതി ഈടാക്കുക.
30 ബില്യണ്‍ കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്കുള്ള നികുതി നിര്‍ദേശം മറ്റെന്നാള്‍ മുതല്‍ നിലവില്‍ വരും. 125 കനേഡിയന്‍ ഡോളറിന്റെ ഉല്‍പന്നങ്ങള്‍ക്ക് 21 ദിവസത്തിന് ശേഷമായിരിക്കും നികുതി ചുമത്തുകയെന്നും ജസ്റ്റിന്‍ ട്രൂഡോ വ്യക്തമാക്കി. ട്രംപ് നയം മാറ്റണമെന്നും അദേഹം പറഞ്ഞു.
നേരത്തേ രേഖകളില്ലാതെ കുടിയേറ്റക്കാരും മയക്കുമരുന്നും യുഎസിലേക്ക് ഒഴുകുന്നത് അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മെക്‌സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു. അതിന് തിരിച്ചടിയെന്നോണമാണ് കാനഡയുടെ നടപടി.
കാനഡ, മെക്‌സികോ എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് 25 ശതമാനവും ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 ശതമാനവും നികുതിയാണ് ചുമത്തിയത്. എന്നാല്‍ കാനഡയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് 10 ശതമാനം മാത്രമേ നികുതി ചുമത്തുകയുള്ളൂ. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് മേലും ഭാവിയില്‍ അധിക നികുതി ചുമത്തുമെന്ന് ട്രംപ് അറിയിച്ചു.
അമേരിക്കയിലേക്ക് അനധികൃതമായി ഫെന്റാനില്‍ എന്ന ലഹരിമരുന്ന് കടത്തുന്നത് തടയാന്‍ കാനഡയും മെക്‌സിക്കോയും ശ്രമിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറക്കുമതി തീരുവ വര്‍ധിപ്പിക്കാന്‍ ട്രംപ് തീരുമാനിച്ചത്. ഇക്കാര്യം നേരത്തേ തന്നെ അദേഹം വ്യക്തമാക്കിയിരുന്നു.
ഫെന്റാനില്‍ മൂലം ലക്ഷക്കണക്കിന് ആളുകളാണ് അമേരിക്കയില്‍ കൊല്ലപ്പെടുന്നതെന്നും നികുതി ചുമത്തിയതിനെ ന്യായീകരിച്ച് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില്‍ പറയുന്നു. അമേരിക്കയിലേക്ക് അനധികൃതമായി കടക്കാന്‍ ശമിക്കുന്ന കുടിയേറ്റക്കാരെ തടയാന്‍ കാനഡയും മെക്‌സിക്കോയും ശ്രമിക്കുന്നില്ലെന്ന് ട്രംപ് മുമ്പ് ആരോപിച്ചിരുന്നു.
അമേരിക്കയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് കാനഡ, മെക്‌സിക്കോ, ചൈന എന്നീ രാജ്യങ്ങള്‍. അമേരിക്കയിലേക്കുള്ള ഇറക്കുമിതിയില്‍ 40 ശതമാനവും ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവയായിരുന്നു. നികുതി ഉയര്‍ത്തിയതോടെ ഈ മൂന്ന് രാജ്യങ്ങളില്‍ നിന്നുമുള്ള ഉല്‍പന്നങ്ങളുടെ വില അമേരിക്കയില്‍ വര്‍ധിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.