കുട്ടികൾക്കായി അപ്പസ്തോലിക പ്രബോധനം പുറത്തിറക്കാൻ ആ​ഗ്രഹിക്കുന്നതായി മാർപാപ്പ; കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഉച്ചകോടിയിൽ വെളിപ്പെടുത്തൽ

കുട്ടികൾക്കായി അപ്പസ്തോലിക പ്രബോധനം പുറത്തിറക്കാൻ ആ​ഗ്രഹിക്കുന്നതായി മാർപാപ്പ; കുട്ടികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര ഉച്ചകോടിയിൽ വെളിപ്പെടുത്തൽ

വത്തിക്കാൻ സിറ്റി: നാം എപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് കുട്ടികൾ സദാ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കുട്ടികൾക്കായി ഒരു അപ്പസ്തോലിക പ്രബോധനം എഴുതാൻ താൻ ഉദ്ദേശിക്കുന്നതായും വെളിപ്പെടുത്തി ഫ്രാൻസിസ് മാർപാപ്പ. കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ട ആദ്യ അന്താരാഷ്ട്ര ഉച്ചകോടിയുടെ സമാപനത്തിലാണ് പാപ്പാ ഇക്കാര്യങ്ങൾ അറിയിച്ചത്.

ഫ്രാൻസിസ് പാപ്പായ്ക്കു പുറമേ വിവിധ രാജ്യങ്ങളിൽനിന്ന് എത്തിച്ചേർന്ന അഭിഭാഷകരും എൻജിഒ മേധാവികളും തദവസരത്തിൽ സന്നിഹിതരായിരുന്നു.

അടിസ്ഥാന മനുഷ്യാവകാശങ്ങളുടെപോലും പരിരക്ഷയില്ലാത്ത ദശലക്ഷക്കണക്കിന് കുട്ടികളുടെ ആഗോള പ്രതിസന്ധി ചർച്ച ചെയ്യാൻ ലോകമെമ്പാടുമുള്ള പ്രഭാഷകർ എത്തിയിരുന്നു. 'ഒരു കുട്ടിയുടെ ജീവനേക്കാൾ വിലയുള്ളതായി മറ്റൊന്നുമില്ല' എന്നതായിരുന്നു ഉച്ചകോടിയിൽ ഉടനീളം മുഴങ്ങിക്കേട്ട സന്ദേശം.

കുട്ടികൾക്കുവേണ്ടി സമർപ്പിക്കപ്പെട്ട അപ്പസ്തോലിക പ്രബോധനം

ദാരിദ്ര്യം, യുദ്ധം, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അഭാവം, ചൂഷണം എന്നിവയാൽ കളങ്കിതമായ ഒരു ലോകത്ത് കുട്ടികൾ അനീതിക്കും ആക്രമണങ്ങൾക്കും വിധേയരാകുന്നതായി പരിശുദ്ധ പിതാവ് ചൂണ്ടിക്കാട്ടി. വത്തിക്കാൻ കൊട്ടാരത്തിലെ മുറികൾ, കുട്ടികൾ നേരിടുന്ന യാഥാർത്ഥ്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ച ഒരു 'നിരീക്ഷണാലയ'മാക്കി മാറ്റിയതിന് പങ്കെടുത്ത എല്ലാവർക്കും മാർപാപ്പ നന്ദി പറഞ്ഞു. അതിലുപരി, ഉച്ചകോടിയെ ഒരു ലബോറട്ടറിയായും പാപ്പാ വിശേഷിപ്പിച്ചു.

'നാം എപ്രകാരമാണ് മുന്നോട്ടു നീങ്ങുന്നതെന്ന് കുട്ടികൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്' - വിശുദ്ധ നാടിൻ്റെ സംരക്ഷണ ചുമതലയുള്ള ഫാ. ഇബ്രാഹിം ഫൽത്താസിൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.

കുട്ടികൾക്കായുള്ള ഒരു അപ്പസ്തോലിക പ്രബോധനം എഴുതാൻ താൻ ഉദ്ദേശിക്കുന്നതായും ഫ്രാൻസിസ് പാപ്പാ വെളിപ്പെടുത്തി. അത് ഈ ഉച്ചകോടിയുടെ പ്രതിബദ്ധതയുടെ തുടർച്ചയും ഈ വിഷയത്തിൽ സഭയ്ക്ക് ആകമാനമുള്ള പ്രോത്സാഹനവും ആയിരിക്കുമെന്ന് പാപ്പ കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസം, ഒഴിവുസമയം, ഭക്ഷണം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായുള്ള കുട്ടികളുടെ മൗലിക അവകാശങ്ങൾ ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ മേൽ ഏഴ് പാനലുകളായാണ് ചർച്ചകൾ പുരോഗമിച്ചത്. സാഹചര്യഭേദമെന്യേ, എല്ലാ കുട്ടികൾക്കും ആവശ്യമായ പരിപാലനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് പ്രാരംഭ പ്രസംഗകരിൽ ഒരാളായ ജോർദാൻ രാജ്ഞി റാണിയ അൽ അബ്ദുള്ള പറഞ്ഞു.

പരിസ്ഥിതി നശീകരണം മൂലമുള്ള ഭീഷണി കുട്ടികൾക്കുമേൽ ചുമത്തപ്പെടുന്ന വലിയ ഭാരമാണെന്ന് അമേരിക്കയുടെ മുൻ വൈസ് പ്രസിഡൻറ് അൽ ഗോർ ചൂണ്ടിക്കാട്ടി. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾക്ക് നേരെ പലരും മനപൂർവ്വം അന്ധത നടിക്കുകയാണെന്നും അദേഹം കൂട്ടിച്ചേർത്തു.

ഉച്ചകോടിയുടെ അവസാനം, ഫ്രാൻസിസ് മാർപാപ്പ മറ്റ് അവതാരകർക്കൊപ്പം കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച എട്ട് തത്ത്വങ്ങൾ അടിസ്ഥാനമാക്കിയ പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. നീതിപൂർണമായ ഒരു ഭാവിക്കുവേണ്ടി, മൗലികമായ അവകാശങ്ങൾ ഓരോ കുട്ടിക്കും ലഭ്യമാകുന്നതുവരെ സമ്മേളനത്തിന്റെ പ്രഖ്യാപിത ദൗത്യങ്ങൾ തുടരേണ്ടിയിരിക്കുന്നു എന്ന ഓർമ്മപ്പെടുത്തലോടെയാണ് ഉച്ചകോടി സമാപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.