മയക്കുമരുന്ന് ലോബികള്‍ക്ക് മുന്നില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയം: കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍

മയക്കുമരുന്ന് ലോബികള്‍ക്ക്  മുന്നില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയം: കത്തോലിക്കാ കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍

കൊച്ചി: ലഹരി മാഫിയയ്ക്ക് മുന്‍പില്‍ സംസ്ഥാന സര്‍ക്കാര്‍ നിഷ്‌ക്രിയരാവുന്നത് ഭരണ പരാജയമാണെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍. കേരളം മയക്കുമരുന്ന് ലോബികള്‍ക്ക് മുന്‍പില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്.

ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികളും യുവജനങ്ങളും ലഹരിക്ക് അടിമപ്പെട്ട് നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുകയാണ്. ക്രമസമാധാന നില കാത്തു സംരക്ഷിക്കേണ്ട പോലീസ് സേനയുടെ പോലും ആത്മധൈര്യം നഷ്ടമാകുന്ന രീതിയിലാണ് കഴിഞ്ഞ ദിവസം ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മൃഗീയമായി കൊല ചെയ്യപ്പെട്ടത്.

സ്വന്തം ഭവനങ്ങളില്‍ പോലും ആരും സുരക്ഷിതരല്ല എന്ന സന്ദേശം നല്‍കുന്ന വാര്‍ത്തകളാണ് ഈ നാളുകളില്‍ കേരളം കണ്ടതും കേട്ടതും. പക്ഷേ നാടിനെ ഭയപ്പെടുത്തുന്ന ഈ വാര്‍ത്തകളൊന്നും കാണാത്ത മട്ടിലാണ് സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.

അതുകൊണ്ടു തന്നെയാണ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ഭാഗത്തു നിന്നും ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലും, ലഹരി ഉപയോഗത്തില്‍ കേസുകള്‍ എടുക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന തരത്തിലും ഉള്ള പ്രസ്താവനകള്‍ ഉണ്ടാകുന്നത്.

രാഷ്ട്രീയ സാമ്പത്തിക ലാഭം കണ്ട് മയക്കുമരുന്ന് ലോബികളെ സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥ നേതൃങ്ങളെ കണ്ടെത്തുകയും നടപടി സ്വീകരിക്കുകയും ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മയക്കു മരുന്ന് കേസുകളില്‍ പിടിക്കപ്പെടുന്നവരെ മാതൃകാപരമായി ശിക്ഷിക്കുന്നതിന് കഴിയണം.

ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തി ദീര്‍ഘ വീക്ഷണത്തോടെ നല്ല സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ ബാധ്യതയുള്ള സര്‍ക്കാര്‍ സംവിധാനം സാമ്പത്തിക ലാഭത്തിന് വേണ്ടി മദ്യപ്പുഴ ഒഴുക്കുകയും മയക്കുമരുന്ന് ലോബികള്‍ക്കെതിരെ നിശബ്ദരായിരിക്കുകയും ചെയ്യുന്നത് സാംസ്‌കാരിക കേരളത്തോടുള്ള വെല്ലുവിളിയാണ്.

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത് വെറും പ്രഹസനം മാത്രമാണെന്ന് യോഗം വിലയിരുത്തി. സ്‌കൂള്‍ കോളജ് കുട്ടികള്‍ക്കിടയില്‍ ലഹരിവിരുദ്ധ സന്ദേശ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടപ്പാക്കാന്‍ യൂത്ത് കൗണ്‍സില്‍ നേതൃയോഗം തീരുമാനിച്ചു.

സീറോ മലബാര്‍ രൂപതകളില്‍ നിന്നുള്ള ജനറല്‍ കോഡിനേറ്റര്‍മാരും കോര്‍ഡിനേറ്റര്‍മാരും പങ്കെടുത്ത കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ യൂത്ത് കൗണ്‍സില്‍ നേതൃയോഗം ഗ്ലോബല്‍ പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു.

ജനറല്‍ കോഡിനേറ്റര്‍ സിജോ ഇലന്തൂര്‍ അധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ഡയറക്ടര്‍ ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യപ്രഭാഷണം നടത്തി ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ.ജോസുകുട്ടി ഒഴുകയില്‍, ട്രീസാ ലിസ് സെബാസ്റ്റ്യന്‍, യൂത്ത് കൗണ്‍സില്‍ ഗ്ലോബല്‍ കോഡിനേറ്റര്‍മാരായ ജോയ്‌സ് മേരി ആന്റണി, ഷിജോ ഇടയാടിയില്‍, സിജോ കണ്ണേഴത്ത്, അബി മാത്യൂസ്, അപര്‍ണ ജോസഫ്, റോബിന്‍ ഓടമ്പള്ളി, ലിയോണ്‍ വിതയത്തില്‍, ജസ്റ്റിന്‍ നടക്കലാന്‍ എന്നിവര്‍ പ്രസംഗിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.