കഴിഞ്ഞ വർഷം അമേരിക്കയിലേക്ക് അനധികൃതമായി കടന്ന് കയറാൻ ശ്രമിച്ച് പിടിയിലായത് 29 ലക്ഷം പേർ‌; കണക്കുകൾ പുറത്ത്

കഴിഞ്ഞ വർഷം അമേരിക്കയിലേക്ക് അനധികൃതമായി കടന്ന് കയറാൻ ശ്രമിച്ച് പിടിയിലായത് 29 ലക്ഷം പേർ‌; കണക്കുകൾ പുറത്ത്

വാഷിങ്ടൺ ഡിസി : തിരിച്ചയക്കപ്പെട്ട അനധികൃത കുടിയേറ്റക്കാരുമായുള്ള ആദ്യ വിമാനം ഇന്ത്യയിലെത്തിയതിന് ശേഷം അമേരിക്കയിലേക്ക് നടക്കുന്ന അനധികൃത കുടിയേറ്റങ്ങൾ സംബന്ധിച്ച് ചർച്ചകൾ സജീവമാകുന്നു. വൻതോതിലുള്ള അനധികൃത കുടിയേറ്റമാണ് അമേരിക്കയിലേക്ക് നടക്കുന്നതെന്നാണ് പുറത്തുവന്ന കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ വർഷം മാത്രം അമേരിക്കയിലേക്ക് അനധികൃതമായി കടന്ന് കയറാൻ ശ്രമിക്കുന്നതിനിടെ 29,01,142 പേരണ് അധികൃതരുടെ പിടിയിലായത്. ഇവരിൽ 3.11 ശതമാനം പേർ ഇന്ത്യൻ പൗരത്വമുള്ളവർ ആയിരുന്നു. 2023 ൽ ഇത്തരത്തിൽ 32,10,144 പേരും 2022 ൽ 27,66,582 പേരും 2021 ൽ 19,56,519 പേരും പിടിയിലായിട്ടുണ്ട്.

ഇന്ത്യയിൽ നിന്നുള്ള 7.25 ലക്ഷം അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലുണ്ടെന്നാണ് കണക്കുകൾ. മെക്സിക്കോയ്ക്കും എൽ സാൽവദോറിനും ശേഷം മൂന്നാമതാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം. നിലവിൽ 17,940 ഇന്ത്യൻ പൗരന്മാർക്ക് അമേരിക്കൻ ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് (ഐ.സി.ഇ) നാടുകടത്തിൽ സംബന്ധിച്ച ഉത്തരവ് നൽകിയിട്ടുണ്ട്.

അനധികൃത കുടിയേറ്റം വർധിച്ചതോടെ അമേരിക്കയിൽ ആക്രമണങ്ങളും വർ‍ധിച്ചെന്ന് കണക്കുകൾ വെളിപ്പെടുത്തുന്നു. ഒരു ഡേറ്റിങ് ആപ്പിൽ കണ്ടുമുട്ടിയ ചിക്കാഗോക്കാരനെ രണ്ട് അനധികൃത കുടിയേറ്റക്കാർ കൊലപ്പെടുത്തിയത് ഇതിന് ഉദാഹരണമാണ്. വെനസ്വേലയിൽ നിന്നുള്ള ജെഫേഴ്‌സൺ ഉബില്ല - ഡെൽഗാഡോ (29), ഇക്വഡോറിൽ നിന്നുള്ള ഗീഡെർവുയിൻ ബെല്ലോ മൊറേൽസ് (21) എന്നിവരാണ് 63 കാരനായ ജോർജ്ജ് ലെവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. രണ്ട് പേരും രേഖകളില്ലാത്ത കുടിയേറ്റക്കാരാണെന്ന് അധികൃതർ അറിയിച്ചിരുന്നു.

രണ്ട് മാർഗത്തിലാണ് അനധികൃത കുടിയേറ്റക്കാർ അമേരിക്കയിൽ എത്തിച്ചേരുന്നത്. ടൂറിസ്റ്റ് വിസയിലോ താത്കാലിക വിസയിലോ അമേരിക്കയിൽ എത്തിയ ശേഷം പിന്നീട് തിരികെ വരാതിരിക്കുകയാണ് ഒരു മാർഗം. മറ്റൊരു വിഭാഗമാകട്ടെ വിവിധ രാജ്യങ്ങൾ കടന്നെത്തി കരയിലൂടെ അമേരിക്കൻ അതിർത്തി കടക്കുന്ന ഡങ്കി റൂട്ട് എന്നറിയപ്പെടുന്ന അപകടകരമായ വഴി തിരഞ്ഞെടുക്കുന്നു. വൻ തുക ഏജൻസികൾക്ക് നൽകി അവരുടെ സഹായത്തോടെയാണ് അനധികൃത അതിർത്തി കടക്കൽ. കൃഷിസ്ഥലം വിറ്റോ, ഉയർന്ന പലിശയ്ക്ക് പണം കടം വാങ്ങിയോ ആണ് ഏജൻസികൾക്ക് നൽകാനുള്ള വൻതുക പലരും കണ്ടെത്തുന്നത്.

അമേരിക്കയിലെത്തി ജോലി ചെയ്ത് വീട്ടാമെന്നാണ് പലരുടെയും ധാരണ. എന്നാൽ അനധികൃതമായി കുടിയേറുന്ന പലർക്കും ഇം​ഗ്ലീഷ് പരിജ്ഞാനം പോലുമില്ല. അതിനാൽ നല്ല ജോലികളും ലഭിക്കുന്നില്ല. ഫാമുകളിലടക്കം ജോലി ചെയ്ത് നിത്യവ്യത്തിക്ക് മാത്രമാണ് പണം സമ്പാദിക്കുന്നത്. കുടിയേറ്റക്കാരയതിനാൽ‌ പൊതു സ്ഥലങ്ങളിൽ പോലും ഇവർക്ക് പരസ്യമായി ഇറങ്ങി നടക്കാൻ സാധിക്കുന്നില്ല. അതിനാൽ തന്നെ പലരുടെയും ജീവിതം ദുസഹമാണെന്നതാണ് ശ്രദ്ധേയം.






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.