വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയുടെ ഫെബ്രുവരി മാസത്തെ പ്രാർഥനാ നിയോഗം പ്രസിദ്ധപ്പെടുത്തി വത്തിക്കാൻ. വൈദിക ജീവിതത്തിലേക്കും സമർപ്പിത ജീവിതത്തിലേക്കും ദൈവവിളികൾ ലഭിക്കുന്നതിനായി പ്രാർഥിക്കുക എന്നതാണ് ഈ മാസത്തെ പാപ്പയുടെ പ്രാർത്ഥനാ നിയോഗം.
തന്റെ ദൈവവിളിയെക്കുറിച്ചും പാപ്പ പുറത്തുവിട്ട സന്ദേശത്തിലൂടെ സംസാരിച്ചു. ഒരു പുരോഹതിനാകുന്നതിനെക്കുറിച്ചുള്ള ചിന്ത മനസിലുണ്ടായിരുന്നില്ല. പഠിപ്പും ജോലിയുമായി മുന്നോട്ടുപോകുന്നതിനിടെ 17 വയസുള്ളപ്പോൾ ഒരു പള്ളിയിൽ ദൈവം തന്നെ കാത്തു നിന്നിരുന്നതായി പാപ്പ പറയുന്നു.
ഇന്നും ദൈവം യുവജനത്തെ വിളിക്കുന്നുണ്ട്. ചില സന്ദർഭങ്ങളിൽ നമുക്ക് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത വിധത്തിലാണ് ദൈവം അത് ചെയ്യുന്നത്. എന്നാൽ സ്വന്തം കാര്യങ്ങളിൽ, പദ്ധതികളിൽ, സഭയിലെ കാര്യങ്ങളിൽ മുഴുകി പോകുന്നതിനാൽ ചിലപ്പോൾ ആ വിളി നാം ശ്രവിക്കാറില്ലെന്നും പാപ്പ പറഞ്ഞു.
ഇന്ന് സഭയ്ക്കും ലോകത്തിനും ഏറ്റവും ഉപകാരപ്രദമാം വിധം അവിടത്തെ വിളി സ്വീകരിക്കാൻ നമുക്ക് സാധിക്കും. യുവജനങ്ങളിൽ വിശ്വാസമർപ്പിക്കണം. സർവോപരി എല്ലാവരെയും വിളിക്കുന്ന ദൈവത്തിൽ ആശ്രയിക്കണം. പൗരോഹിത്യ ജീവിതത്തിലാകട്ടെ സമർപ്പിത ജീവിതത്തിലാകട്ടെ യേശുവിൻറെ ദൗത്യത്തില്‍ ജീവിക്കാനുള്ള വിളി ശ്രവിക്കുന്ന യുവജനത്തിന്റെ ആശകളും സംശയങ്ങളും സഭാ സമൂഹം ഉൾക്കൊള്ളുന്നതിനായി പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്തുക്കൊണ്ടാണ് പാപ്പയുടെ സന്ദേശം അവസാനിക്കുന്നത്.
എല്ലാ വർഷവും ഫെബ്രുവരി രണ്ടിന് കർത്താവിന്റെ സമർപ്പണ തിരുനാളിൽ കത്തോലിക്കാ സഭ ആഗോള സമർപ്പിത ദിനമായി ആചരിക്കുന്നുണ്ട്. 1997 ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണ് ഈ ദിനാചരണം ആരംഭിച്ചത്. ഓരോ മാസവും ഫ്രാൻസിസ് മാർപാപ്പ ലോകമെമ്പാടുമുള്ള കത്തോലിക്കരോട് ഒരു പ്രത്യേക നിയോഗത്തിനായി പ്രാർത്ഥന ആവശ്യപ്പെടാറുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.