വാഷിങ്ടണ്‍: ഗാസ മുനമ്പ് ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
'പോരാട്ടത്തിനൊടുവില്‍ ഗാസ ഇസ്രയേല്‍ തന്നെ അമേരിക്കയ്ക്ക് കൈമാറും. ഗാസയുടെ പുനര്‍ നിര്‍മാണത്തിന് യു.എസ് സൈന്യത്തെ അയക്കേണ്ടി വരില്ല'- തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു.
പലാസ്തീന്‍ പൗരന്‍മാരെ ഇതിനകം തന്നെ മേഖലയില്‍ കൂടുതല്‍ സുരക്ഷിതവും മനോഹരവുമായ പ്രദേശങ്ങളില്‍ പുതിയതും ആധുനികവുമായ വീടുകളോടെ പുനരധിവസിപ്പിക്കാമായിരുന്നു.
അവര്‍ക്ക് സന്തോഷത്തോടെ സുരക്ഷിതവും സ്വതന്ത്രവുമായിരിക്കാന്‍ അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മികച്ച സംഘങ്ങളുമായി ചേര്‍ന്ന് ഭൂമിയിലെ ഏറ്റവും വലുതും അതിശകരവുമായ വികസിത പ്രദേശമായി മാറുന്ന ഒന്നിന്റെ നിര്‍മാണം യു.എസ് ആരംഭിക്കും. മേഖലയില്‍ സ്ഥിരത ഉറപ്പാക്കുമെന്നും ട്രംപ് കുറിച്ചു.
ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പ്
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യു.എസ് സന്ദര്‍ശനത്തിനിടെ വൈറ്റ് ഹൗസില്‍ ഇരുവരും ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഗാസ ഏറ്റെടുത്ത് പുനര്‍ നിര്‍മിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ട്രംപ് പറഞ്ഞത്.
ഗാസയില്‍ നിലവിലുള്ള പാലസ്തീന്‍കാര്‍ അവിടം വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് പോയിക്കോട്ടെ. ഗാസയെ സമ്പൂര്‍ണമായി പുനര്‍ നിര്‍മിക്കാം. ഗാസയ്ക്ക് മേല്‍ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ് ലക്ഷ്യമിടുന്നതെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയത്.
എന്നാല്‍ ട്രംപിന്റെ പ്രഖ്യാപനത്തെ തള്ളി പാലസ്തീന്‍ ജനതയും ഗാസ നിവാസികളും രംഗത്തെത്തിയിരുന്നു. തങ്ങളുടെ ജനതയുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റം അനുവദിക്കാന്‍ കഴിയില്ലെന്ന് പാലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് വ്യക്തമാക്കി.
ഗാസ പാലസ്തീനിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എരിതീയില്‍ എണ്ണയൊഴിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.
ട്രംപിന്റെ ആശയത്തെ ജോര്‍ദാന്‍, ഈജിപ്ത് അടക്കമുള്ള രാജ്യങ്ങള്‍ തള്ളി. ഏത് തരത്തിലുമുള്ള വംശീയ ഉന്മൂലനവും എതിര്‍ക്കുമെന്നായിരുന്നു ഐക്യരാഷ്ട്ര സഭയുടെ പ്രതികരണം. സ്വന്തം രാജ്യത്തു നിന്ന് പാലസ്തീനികള്‍ മാറില്ലെന്ന് സൗദിയും വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.