ഒരു സ്ഥാനാര്‍ത്ഥിക്ക് 15 കോടി വാഗ്ദാനം; ബിജെപി ഏഴ് പേരെ സമീപിച്ചു: ആരോപണവുമായി ആം ആദ്മി പാര്‍ട്ടി

ഒരു സ്ഥാനാര്‍ത്ഥിക്ക് 15 കോടി വാഗ്ദാനം; ബിജെപി ഏഴ് പേരെ സമീപിച്ചു: ആരോപണവുമായി ആം ആദ്മി  പാര്‍ട്ടി

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ശനിയാഴ്ച പുറത്ത് വരാനിരിക്കേ പാര്‍ട്ടി നേതാക്കള്‍ക്ക് ബിജെപി പണം വിതരണം ചെയ്യുന്നു എന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി.

ആം ആദ്മി പാര്‍ട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് ആണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഏഴ് എഎപി സ്ഥാനാര്‍ത്ഥികളെ വിളിച്ച് ബിജെപിയില്‍ ചേരാന്‍ 15 കോടി രൂപ വാഗ്ദാനം ചെയ്തു എന്നാണ് അദേഹത്തിന്റെ ആരോപണം.

ഫലത്തിന് മുമ്പ് ബിജെപി പരാജയം സമ്മതിച്ചുവെന്ന് ഇതില്‍ നിന്ന് വ്യക്തമാണന്നും അതിനാലാണ് ഇത്തരം പ്രവൃത്തികള്‍ക്ക് ശ്രമിക്കുന്നതെന്നും സഞജയ് സിങ് പറഞ്ഞു. ഇത്തരം വാഗ്ദാനങ്ങളുമായി വരുന്ന ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനും ഓഫറുകള്‍ നല്‍കാനായി നേരിട്ടെത്തിയാല്‍ ഒളിക്യാമറകള്‍ ഉപയോഗിക്കാനും എഎപി തങ്ങളുടെ സ്ഥാനാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും അദേഹം പറഞ്ഞു.

ജനാധിപത്യത്തെ ചവിട്ടി മെതിക്കുന്നതിലും നിയമസഭാംഗങ്ങളെ വിലയ്ക്ക് വാങ്ങുന്നതിലും സര്‍ക്കാരുകളെ തകര്‍ക്കുന്നതിലും വിശ്വസിക്കുന്ന പാര്‍ട്ടിയാണ് ബിജെപി. ബിജെപിയുമായി ബന്ധപ്പെട്ടതായി ആരോപിക്കപ്പെടുന്നവരില്‍ ചിലര്‍ സിറ്റിങ് എംഎല്‍എമാരാണന്നും ബാക്കിയുള്ളവര്‍ എഎപി സ്ഥാനാര്‍ത്ഥികളാണെന്നും അദേഹം ആരോപിച്ചു.

എന്നാല്‍ ആരോപണങ്ങളോട് ബിജെപി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്നലെയായിരുന്നു ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടന്നത്. 70 അംഗ നിയമസഭയില്‍ 60.42 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 699 സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

ആം ആദ്മി പാര്‍ട്ടിക്ക് തുടര്‍ച്ചയായി മൂന്നാം തവണയും അധികാരം നിലനിര്‍ത്താന്‍ കഴിയുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്നാല്‍ 27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹിയില്‍ ഭരണം പിടിക്കും എന്നാണ് മിക്ക എക്സിറ്റ് പോളുകളുടേയും പ്രവചനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.