'കൃഷി ചെയ്‌തോളൂ; നിര്‍മാണം പാടില്ല': ബ്രൂവറി പ്ലാന്റിനായി ഒയാസീസ് സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷയില്‍ റവന്യൂ വകുപ്പിന്റെ ചെക്ക്

'കൃഷി ചെയ്‌തോളൂ; നിര്‍മാണം പാടില്ല': ബ്രൂവറി പ്ലാന്റിനായി ഒയാസീസ് സമര്‍പ്പിച്ച ഭൂമി തരംമാറ്റ അപേക്ഷയില്‍  റവന്യൂ വകുപ്പിന്റെ ചെക്ക്

പാലക്കാട്: ബ്രൂവറി പ്ലാന്റിനായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റ അപേക്ഷ സിപിഐയുടെ നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് തള്ളി. ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട നാല് ഏക്കറില്‍ നിര്‍മാണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഒയാസിസ് കമ്പനിയുടെ അപേക്ഷ പാലക്കാട് ആര്‍ഡിഒയാണ് തള്ളിയത്.

ഭൂവിനിയോഗ നിയമത്തില്‍ ഇളവ് അനുവദിക്കണമെന്നും കമ്പനി ആവശ്യപ്പെട്ടിരുന്നു. എലപ്പുള്ളിയില്‍ 24 ഏക്കര്‍ ഭൂമിയാണ് ഒയാസിസ് കമ്പനി വാങ്ങിയിരുന്നത്. ഇതില്‍ നാല് ഏക്കര്‍ ഭൂമി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടതാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

നിര്‍ദ്ദിഷ്ട ഭൂമിയില്‍ കൃഷി ചെയ്യണമെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നും ആര്‍ഡിഒ ഉത്തരവില്‍ വ്യക്തമാക്കി. നെല്‍വയല്‍-നീര്‍ത്തട നിയമ പ്രകാരം ഭൂമി തരംമാറ്റം അനുവദിക്കാനാവില്ലെന്നും ആര്‍ഡിഒ അറിയിച്ചു. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നാല്‍ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നടപടിയെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ഒയാസീസ് കമ്പനി അപേക്ഷിച്ച ഭൂമി കൃഷി ഭൂമിയാണെന്നും അത് തരംമാറ്റാന്‍ അനുവദിക്കാനാവില്ലെന്നും ജില്ലാ കൃഷി ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അപേക്ഷ തള്ളിക്കൊണ്ടുള്ള ആര്‍ഡിഒയുടെ ഉത്തരവില്‍ ഇക്കാര്യവും എടുത്തു പറഞ്ഞിട്ടുണ്ട്.

പാലക്കാട് ബ്രൂവറി പ്ലാന്റ് നിര്‍മാണത്തിന് അനുമതി നല്‍കിയതിനെതിരെ പ്രതിപക്ഷം ശക്തമായ എതിര്‍പ്പുമായി രംഗത്തു വന്നിരുന്നു. ഭരണ മുന്നണിയിലെ സിപിഐ, ആര്‍ജെഡി പാര്‍ട്ടികളും ബ്രൂവറിക്കെതിരായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.