ബ്രിട്ടണിലും അനധികൃത കുടിയേറ്റക്കാര്‍ക്കായി തിരച്ചില്‍: ഇന്ത്യന്‍ റസ്റ്ററന്റുകളിലടക്കം റെയ്ഡ്; 609 പേര്‍ അറസ്റ്റില്‍

ബ്രിട്ടണിലും അനധികൃത കുടിയേറ്റക്കാര്‍ക്കായി തിരച്ചില്‍: ഇന്ത്യന്‍ റസ്റ്ററന്റുകളിലടക്കം റെയ്ഡ്; 609 പേര്‍ അറസ്റ്റില്‍

ലണ്ടന്‍: അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ അമേരിക്ക കര്‍ശന നടപടി തുടരുന്നതിനിടെ ബ്രിട്ടണിലും സമാന നടപടികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അനധികൃതമായി ജോലി ചെയ്യുന്നവരെ കണ്ടെത്താന്‍ വ്യാപകമായ പരിശോധനയാണ് ബ്രിട്ടണില്‍ നടക്കുന്നതെന്ന് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്തെ വിവിധ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെ 828 കേന്ദ്രങ്ങളില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് സംഘങ്ങള്‍ റെയ്ഡ് നടത്തിയതായി യു.കെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പര്‍ സ്ഥിരീകരിച്ചു. ഈ റെയ്ഡുകളില്‍ 609 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത് 73 ശതമാനം കൂടുതലാണെന്നും ആഭ്യന്തര സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇന്ത്യന്‍ റസ്റ്ററന്റുകളിലും നെയില്‍ ബാറുകളിലും കാര്‍ വാഷിങ് സെന്ററുകളിലും ഗ്രോസറി സ്റ്റോറുകളിലും ഇത്തരത്തില്‍ പരിശോധന നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

'കുടിയേറ്റ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കുകയും നടപ്പാക്കുകയും വേണം. ഏറെക്കാലമായി തൊഴിലുടമകള്‍ അനധികൃത കുടിയേറ്റക്കാരെ സ്വീകരിക്കുകയും അവരെ ചൂഷണത്തിനിരയാക്കുകയും ചെയ്യുന്നു. ഇതുവരെ നടപടിയൊന്നുമില്ലാത്തതിനാല്‍ നിരവധി പേര്‍ക്ക് ഇങ്ങനെ രാജ്യത്ത് വരാനും അനധികൃതമായി ജോലി ചെയ്യാനും കഴിഠ്ഠു'- യെവെറ്റ് കൂപ്പര്‍ പറഞ്ഞു.

കഴിഞ്ഞ മാസം വിവിധ റസ്റ്ററന്റുകളിലും കഫെകളിലും ഉള്‍പ്പെടെ ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് പരിശോധന നടത്തിയിരുന്നു. ഹംബര്‍സൈഡിലെ ഒരു ഇന്ത്യന്‍ റസ്റ്ററന്റിലും റെയ്ഡ് നടന്നു. ഇവിടെ നിന്ന് മാത്രം ഏഴ് പേരെയാണ് അറസ്റ്റ് ചെയ്തതെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അനധികൃത കുടിയേറ്റക്കാരെ രാജ്യത്തു നിന്ന് നാടു കടത്തുന്ന വീഡിയോയും കഴിഞ്ഞ ദിവസം യു.കെ ആഭ്യന്തര വകുപ്പ് പുറത്തു വിട്ടിരുന്നു. വിദേശ കുറ്റവാളികള്‍, അനധികൃത കുടിയേറ്റക്കാരായ കുറ്റവാളികള്‍, അഭയാര്‍ഥികള്‍ എന്നിവരടക്കം 19,000 പേരെ ഇത്തരത്തില്‍ നാടുകടത്തിയെന്നായിരുന്നു ആഭ്യന്തരവകുപ്പ് വെളിപ്പെടുത്തിയത്. കുടിയേറ്റ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഇത് ശക്തമായ സൂചനയാണെന്നും അധികൃതര്‍ വ്യക്തമാക്കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.