സിഡ്നി: സിഡ്നിയിൽ ആശുപത്രിയിലെത്തുന്ന ഇസ്രയേലി വംശജരായ രോഗികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് നഴ്സുമാർക്കെതിരെ നടപടി. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ചാട്രൂലെറ്റിലൂടെ വീഡിയോ പങ്കിട്ടുകൊണ്ടായിരുന്നു നഴ്സുമാരുടെ ഭീഷണി. ഇവരെ അന്വേഷണവിധേയരാക്കി പുറത്താക്കി.
ഇസ്രയേലിൽ നിന്നുള്ള ഇൻഫ്ലുവൻസറായ മാക്‌സ് വീഫർ പങ്കിട്ട വീഡിയോയിലാണ് ഭീഷണിയുള്ളത്. ന്യൂ സൗത്ത് വെയിൽസ് പൊതു ആരോഗ്യ വകുപ്പിന്റെ യൂണിഫോം ധരിച്ച ഒരു പുരുഷനും സ്ത്രീയുമായും മാക്‌സ് വീഫർ ചാറ്റ് ചെയ്യുന്നതാണ് വീഡിയോ. ഡോക്ടർമാർ എന്ന് പരിചയപ്പെടുത്തിയാണ് ഇവർ സംസാരിച്ച് തുടങ്ങുന്നത്. മാക്സ് വീഫർ ഇസ്രയേലിൽ നിന്നാണെന്ന് പറയുമ്പോൾ അത് അസ്വസ്തത ഉളവാക്കുന്ന കാര്യമാണെന്നും ഇസ്രയേലിൽ ഉള്ളവർ കൊല്ലപ്പെട്ട് നരകത്തിൽ പോകുമെന്നും ഇവർ മറുപടി നൽകുന്നു. പാലസ്തീൻ തങ്ങളുടെ രാജ്യമാണെന്നും ഇസ്രയേലുകാരുടേതല്ല എന്നുമാണ് വീഡിയോ സന്ദേശത്തിൽ പറയുന്നത്.
ഇസ്രയലിയായ ഒരു രോഗി ആശുപത്രിയിലെത്തിയാൽ ചികിത്സിക്കില്ലെന്നും കൊന്നു കളയുമെന്നും സ്ത്രീയായ നഴ്സ് പറയുന്നു. ആശുപത്രിയിൽ ചികിത്സക്കായെത്തിയ ഇസ്രേയലികളായ എത്ര പേരെ നരകത്തിലേക്ക് അയച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലുമാകില്ലെന്ന് പുരുഷനും പറയുന്നു.
ജൂതർക്കെതിരായ ഭീഷണിയെ പ്രധാനമന്ത്രി ആന്റണി ആൽബനീസ് അപലപിച്ചു. നാണംകെട്ട നടപടിയാണ് നഴ്സുമാരുടേതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇത്തരക്കാർക്ക് ഓസ്ട്രേലിയൻ മണ്ണിൽ സ്ഥാനമുണ്ടാകില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
വീഡിയോ പ്രചരിച്ചതോടെയാണ് ന്യൂ സൗത്ത് വെയിൽസ് പൊലിസ് അടിയന്തര അന്വേഷണം ആരംഭിച്ചത്. പശ്ചിമ സിറ്റിയിലെ ബാങ്ക്സ്റ്റോൺ ആശുപത്രിയിലെ നഴ്സുമാരാണ് രണ്ട് പേരുമെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇരുവരെയും ഉടൻ തന്നെ ജോലിയിൽ നിന്ന് മാറ്റിനിർത്തിയതായി സംസ്ഥാന ആരോഗ്യ മന്ത്രി റയാൻ പാർക്ക് പറഞ്ഞു.
"തുടക്കം മുതൽ അവസാനം വരെ മുഴുവൻ വീഡിയോയും എനിക്ക് ആശങ്കാജനകമാണ്. രോഗികളെ പരിചരിക്കേണ്ട സമയത്ത് അവർ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന ഖേദകരം. നമ്മുടെ ആശുപത്രികളിൽ നിങ്ങൾക്ക് ലഭിക്കുന്ന പരിചരണം ഒന്നാംതരം ആയിരിക്കുമെന്ന് ഉറപ്പ് നൽകുന്നതായും"- മന്ത്രി പറഞ്ഞു.
"നമ്മുടെ സമൂഹത്തിൽ ഇത്തരത്തിലുള്ള കാഴ്ചപ്പാടിന് സ്ഥാനമില്ല. എന്നാൽ ഓരോ ഓസ്‌ട്രേലിയക്കാരനും ഈ സംസ്ഥാനത്തെ ഓരോ താമസക്കാരനും പരിചരണവും ശ്രദ്ധയും ആവശ്യമുള്ളപ്പോൾ അവരുടെ പ്രാദേശിക ആശുപത്രിയിൽ പോകാനും സുരക്ഷിതവും ഫലപ്രദവുമായ ഉയർന്ന നിലവാരമുള്ള പരിചരണം നേടാനും സാധിക്കണം"- മന്ത്രി കൂട്ടിച്ചേർത്തു.
ആരോഗ്യ വകുപ്പിന് പുറമെ ന്യൂ സൗത്ത് വെയിൽസ് പോലിസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിഡ്നിയിൽ ജൂത വിരുദ്ധ ആക്രമങ്ങൾ വ്യാപകമാവുകയും അത് തടയാനായി സർക്കാർ മുന്നോട്ടുപോവുകയും ചെയ്യുന്നതിനിടെയാണ് ഇത്തരമൊരു വീഡിയോ പുറത്തുവന്നത്. കടുത്ത ആശങ്കയുണ്ടാക്കുന്ന വീഡിയോയാണിതെന്ന് ന്യൂസൗത്ത് വെയിൽസ് പൊലിസ് മേധാവി പറഞ്ഞു.
സംഭവത്തിന് പിന്നാലെ ആശുപത്രിയിൽ പരിശോധന നടത്തിയെന്നും രോഗികൾക്ക് ഒരു തരത്തിലമുള്ള ഭീഷണിയില്ലെന്നും നൂ സൗത്ത് വെയിൽസ് ആരോഗ്യ സെക്രട്ടറി സൂസൻ ജോൺ പറഞ്ഞു. സംഭവത്തിൽ അവർ അഗാധമായ മാപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.