ന്യൂഡല്‍ഹി: ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ നയത്തിന്റെ ഭാഗമായി യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യന്‍ കുടിയേറ്റക്കാരോടുള്ള മനുഷ്യത്വരഹിതമായ പെരുമാറ്റത്തില്‍ ആശങ്ക ഉയര്‍ത്തി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യു.എസ് സന്ദര്‍ശനം തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇക്കാര്യത്തില്‍ തന്റെ ആശങ്ക അറിയിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്റെ പഴയ സുഹൃത്തായ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വിളിച്ച് അവരെ ഇങ്ങനെ തിരിച്ചയക്കരുതെന്ന് ആവശ്യപ്പെടണമായിരുന്നുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മോഡി യുഎസില്‍ എത്തുകയും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുകയും ചെയ്യാനിരിക്കെയാണ് ഖാര്‍ഗെയുടെ വിമര്‍ശനം.
'മോഡിക്ക് ശരിക്കും ആദ്യം ക്ഷണം ലഭിച്ചിരുന്നില്ല. എന്നാല്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യു.എസില്‍ പോയി വേണ്ട ക്രമീകരണങ്ങള്‍ ചെയ്യുകയായിരുന്നു. അതിന് ശേഷം മോഡിക്ക് ക്ഷണം ലഭിച്ചു. അതുകൊണ്ട് ഇപ്പോള്‍ സന്ദര്‍ശിക്കുന്നു.' കര്‍ണാടകയിലെ കലബുറഗിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഖാര്‍ഗെ വ്യക്തമാക്കി.
തന്റെ പഴയ സുഹൃത്തുമായി സംസാരിക്കുന്നുണ്ടെന്ന് മോഡി തന്നെ അവകാശപ്പെട്ടിട്ടുണ്ട്. അത് രാജ്യത്തിന് ഗുണം ചെയ്യുമെന്നും അദേഹം പറഞ്ഞു. എന്നാല്‍ അവര്‍ അടുത്ത സുഹൃത്തുക്കളായിരുന്നു എങ്കില്‍ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളികളെ അത്തരത്തില്‍ നാടുകടത്തരുതെന്ന് മോഡിക്ക് ട്രംപിനോട് പറയാമായിരുന്നുവെന്നും ഖാര്‍ഗെ ചൂണ്ടിക്കാട്ടി.
കുടിയേറ്റക്കാരെ യാത്രാവിമാനത്തില്‍ അയയ്ക്കാന്‍ മോഡി ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ല. ഇവിടെ നിന്ന് ഏര്‍പ്പാടാക്കുകയും ചെയ്തിട്ടില്ല. ഇത് തന്നെ ഇവരുടെ സൗഹൃദം കളവാണെന്ന് തെളിയിക്കുന്ന കാര്യമാണെന്നും ഖാര്‍ഗെ പറഞ്ഞു. വ്യക്തിപരമായ സൗഹൃദങ്ങള്‍ നല്ലതാണെങ്കിലും രാജ്യങ്ങള്‍ സൗഹൃദബന്ധം നിലനിര്‍ത്തുന്നത് കൂടുതല്‍ പ്രധാനമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന മോഡിക്ക് കള്ളം പറയുന്ന സ്വഭാവമുണ്ട്. അതിനാല്‍ നല്ല ഫലങ്ങള്‍ അദേഹത്തിന് ലഭിക്കില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ കൂട്ടിച്ചേര്‍്ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.