പോര്‍ട്ട് ഓ പ്രിന്‍സ്: കലാപം രൂക്ഷമായ കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ അവശ്യ സാധനങ്ങൾ കിട്ടാനാവാത്ത ആവസ്ഥയാണെന്ന് കത്തോലിക്ക മിഷണറിമാർ. രാജ്യത്ത് വൈദ്യുതിയും വെള്ളവും ഭക്ഷണവും മരുന്നും പരിമിതമാണെന്ന് മിഷനറീസ് ഓഫ് ദ സേക്രട്ട് ഹാർട്ട് സമൂഹാംഗമായ ഫാ. ആമോസ് ജീൻ.
മിക്ക റോഡുകളും ബ്ലോക്ക് ചെയ്തിരിക്കുന്നതിനാൽ മറ്റിടങ്ങളിൽ നിന്നും വരുന്ന ഭക്ഷണം ഇവിടേക്ക് സുഗമമായി എത്തുന്നില്ല. ഇവിടുത്തെ ആളുകൾ ഓരോ ദിവസത്തെയും ഭക്ഷണത്തിനുവേണ്ടി പൊരുതുകയും മിക്കപ്പോഴും പരാജയപ്പെട്ട് മടങ്ങിയെത്തുകയും ചെയ്യുന്ന ദുരവസ്ഥയാണുള്ളത് ഫാ. ആമോസ് വേദനയോടെ പറയുന്നു.
ഈ ജനത്തോടൊപ്പം നിൽക്കാൻ ഇവിടുത്തെ സാഹചര്യങ്ങൾ കാരണമാകുന്നുണ്ട്. അവരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം സഞ്ചരിച്ച് അവരുടെ ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രത്യാശയോടെ ഭാവിയിലേക്ക് ഉറ്റുനോക്കാൻ അവരെ സഹായിക്കുന്നെന്ന് ഫാ. ആമോസ് ജീൻ വ്യക്തമാക്കി.
ഗ്യാങ്ങുകൾ പരസ്പരവും പൊലീസുമായും സ്ഥിരമായി ഏറ്റുമുട്ടൽ നടക്കുന്ന ഇടങ്ങളിലെ സ്കൂളുകളുടെ പ്രവർത്തനം പരിതാപകരമാണ്. മിക്കപ്പോഴും ക്ലാസ്സുകൾ നടത്താൻ കഴിയാറില്ല. മാസങ്ങളോളം കുട്ടികൾ സ്കൂളിൽ പോകാതെ കഴിയുന്നു.
ഒമ്പത് ഗുണ്ടാസംഘങ്ങളുടെ കൂട്ടായ്മയായ 'ജി-9' പ്രധാനമന്ത്രിയുടെ രാജിയാവശ്യപ്പെട്ടതോടെയാണ് ഹെയ്തിയില്‍ കലാപം ആരംഭിച്ചത്. രാജി വെച്ചില്ലെങ്കില്‍ രാജ്യത്ത് ആഭ്യന്തര യുദ്ധം ആരംഭിക്കുമെന്ന് സഖ്യത്തിന്റെ നേതാവായ ജിമ്മി ബാര്‍ബിക്യു ചെറിസിയര്‍ ഭീഷണി മുഴക്കിയിരുന്നു. കലാപം തുടരുന്നതിനിടെ ഹെയ്തി പ്രധാനമന്ത്രി ഏരിയല്‍ ഹെന്റി രാജിവെച്ചു. രാജ്യത്തിന്റെ തലസ്ഥാനമായ പോര്‍ട്ട്-ഓ-പ്രിന്‍സിന്റെ 80 ശതമാനവും പ്രദേശവും നിയന്ത്രിക്കുന്ന ക്രിമിനല്‍ ഗ്രൂപ്പുകളുടെ അധിനിവേശമാണ് നിലവിലെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.