സമര്‍പ്പിതര്‍ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും വേണം: മാര്‍ റാഫേല്‍ തട്ടില്‍

സമര്‍പ്പിതര്‍ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും വേണം: മാര്‍ റാഫേല്‍ തട്ടില്‍

കൊച്ചി: സമര്‍പ്പിതര്‍ തീക്ഷ്ണമായ പ്രേഷിതാഭിമുഖ്യത്തില്‍ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍.

സീറോ മലബാര്‍ സഭയിലെ സന്യാസിനീ സമൂഹങ്ങളുടെ മേലധികാരികള്‍ക്കായി സഭാ ആസ്ഥാനമായ മൗണ്ട് സെന്റ് തോമസില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.

സമര്‍പ്പിത സമൂഹങ്ങള്‍ ചെയ്യുന്ന പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും മിഷന്‍ പ്രദേശങ്ങളില്‍ തങ്ങളുടെ പ്രത്യേക സിദ്ധിയും ദര്‍ശനവുമനുസരിച്ച് ധീരതയോടെ ശുശ്രുഷ ചെയ്യണമെന്നും മേജര്‍ ആര്‍ച്ച് ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.

സ്ഥാപനവല്‍ക്കരണത്തെക്കാള്‍ ദൈവോന്മുഖമായ ജീവിതത്തെ മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകണമെന്നും നിലവിലുള്ള സ്ഥാപനങ്ങള്‍ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മാര്‍ തട്ടില്‍ ഓര്‍മ്മപ്പെടുത്തി.

പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ പങ്കുകാരായ സന്യാസിനിമാര്‍ ഭാരതത്തിനകത്തും പുറത്തും തങ്ങള്‍ നടത്തുന്ന മിഷന്‍ പ്രവര്‍ത്തനങ്ങളെ പരിചയപ്പെടുത്തുകയും സീറോ മലബാര്‍ സഭയുടെ പ്രേഷിതാഭിമുഖ്യങ്ങളോട് ചേര്‍ന്ന് കൂട്ടായ്മയിലും സഹകരണ മനോഭാവത്തിലും ദൈവരാജ്യം പടുത്തുയര്‍ത്താന്‍ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തു.

സമര്‍പ്പിത സമൂഹങ്ങളുടെ മദര്‍ ജനറല്‍മാരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്‌സും മിഷന്‍ പ്രദേശങ്ങളില്‍ സേവനം ചെയ്യുന്നവരുടെ പ്രതിനിധികളും യോഗത്തില്‍ സംസാരിച്ചു.

സുവിശേഷവല്‍കരണത്തിന് വേണ്ടിയുള്ള കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണേങ്ങാടന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കമ്മീഷന്‍ അംഗങ്ങളായ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍ സിഎംഐ, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, സമര്‍പ്പിതര്‍ക്ക് വേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എന്നിവര്‍ സംസാരിച്ചു.

കമ്മീഷന്‍ സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കല്‍, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ മെര്‍ലിന്‍ ജോര്‍ജ് എം.എസ്.എം.ഐ എന്നിവര്‍ സമ്മേളനത്തിന് നേതൃത്വം നല്‍കി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.