ഗാസ: ശനിയാഴ്ച മോചിപ്പിക്കുന്ന മൂന്ന് ഇസ്രയേലി ബന്ദികളുടെ പേരുകള്‍ ഹമാസ് പുറത്തുവിട്ടു. അലക്സാണ്ടര്‍ ട്രഫാനോവ്, യെയര്‍ ഹോണ്‍, സാഗുയി ഡെകെല്‍ ചെന്‍ എന്നിവരെയാണ് ഈ ഘട്ടത്തില്‍ മോചിപ്പിക്കുന്നത്. ബന്ദികളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ  ഓഫീസ് സ്ഥിരീകരിച്ചു. 
റഷ്യന്‍ വംശജനായ ഇസ്രയേല്‍ പൗരനാണ് ഇരുപത്തൊമ്പതുകാരനായ അലക്‌സാണ്ടര്‍ ട്രഫാനോവ്. നിര്‍ ഓസിലെ വീട്ടില്‍ നിന്ന് പെണ്‍ സുഹൃത്തായ സാപിര്‍ കോഹനൊപ്പമാണ് ട്രഫാനോവിനെ ഹമാസ് ബന്ദിയാക്കിയത്. 
ഇദേഹത്തിന്റെ  പിതാവ് 2023 ഒക്ടോബര്‍ ഏഴിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ട്രഫാനോവിന്റെ മാതാവിനെയും മുത്തശിയെയും ഹമാസ് ബന്ദികളാക്കിയിരുന്നെങ്കിലും ഇവരെ 2023 നവംബറില്‍ വിട്ടയച്ചിരുന്നു.
നാല്‍പ്പത്താറുകാരനായ യെയര്‍ ഹോണ്‍ നിര്‍ ഓസ് മേഖലയില്‍ നിന്ന് തന്നെയാണ് ഹമാസിന്റെ ബന്ദിയായത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ജന്റീനയില്‍ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ് യെയറിന്റെ കുടുംബം. ഇസ്രായേലി മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് യെയര്‍.
അമേരിക്കന്‍ വംശജനായ സാഗുയി ഡെകെല്‍ ചെനും  നിര്‍ ഓസില്‍ നിന്നാണ് ഹമാസിന്റെ പിടിയിലായത്. മുപ്പത്താറുകാരനായ സാഗൂയിയുടെ മൂന്നാമത്തെ മകന്‍ ജനിച്ചത് അദേഹം ഹമാസിന്റെ കസ്റ്റഡിയില്‍ ആയിരിക്കുമ്പോഴാണ്.
മൂന്ന് ബന്ദികള്‍ക്ക് പകരമായി 369 പാലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ വിട്ടയക്കും. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട 36 തടവുകാരെയും ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രയേല്‍ കസ്റ്റഡിയിലെടുത്ത 333 പാലസ്തീന്‍ പൗരന്‍മാരെയുമാണ് വിട്ടയക്കുക.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.