വത്തിക്കാൻ സിറ്റി: ബ്രോങ്കൈറ്റിസിനെ തുടർന്ന് റോമിലെ അഗോസ്റ്റിനോ ജെമെല്ലി പോളിക്ലിനിക് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച മാർപാപ്പയുടെ ആരോഗ്യ നില തൃപ്തികരം. ശ്വാസകോശ സംബന്ധമായ അണുബാധയും നേരിയ പനിയുമുണ്ടെങ്കിലും മാർപാപ്പയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് വത്തിക്കാന്‍ മാധ്യമങ്ങളെ അറിയിച്ചു.
മാർപാപ്പ ആശുപത്രിയിൽ തുടരുന്നതിനാൽ ഫെബ്രുവരി 17 വരെയുള്ള പൊതുപരിപാടികള്‍ റദ്ദാക്കി. ഇന്ന്‍ വത്തിക്കാനിൽ ക്രമീകരിച്ച ജൂബിലി പരിപാടിയിലും ഫെബ്രുവരി 17-ന് റോമിന് തെക്കുള്ള ചരിത്രപ്രസിദ്ധമായ സിനിസിറ്റ ഫിലിം സ്റ്റുഡിയോയിൽ കലാകാരന്മാരുമായുള്ള കൂടിക്കാഴ്ചയിലും മാർപാപ്പ പങ്കെടുക്കില്ലെന്ന് വത്തിക്കാന്‍ അറിയിച്ചു.
വത്തിക്കാൻ സന്ദർശിച്ച സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിസോയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പാപ്പ ഇന്നലെ ആശുപത്രിയിലേക്ക് പോയത്. റോമിലെ ഏറ്റവും വലിയ ആശുപത്രിയായ പോളിക്ലിനിക്കോ അഗസ്‌തീനോ ജെമെല്ലിയിൽ മാർപാപ്പമാർക്കായി ക്രമീകരിച്ച പ്രത്യേക സ്യൂട്ടിലാണ് ചികിത്സ.
ആശുപത്രിയിൽ കഴിയുന്ന മാര്‍പാപ്പയ്ക്ക് വേണ്ടി വിവിധ രാജ്യങ്ങളിലെ സഭാനേതൃത്വം പ്രാര്‍ത്ഥനയ്ക്കു ആഹ്വാനം നല്‍കിയിട്ടുണ്ട്. പാപ്പ ആശുപത്രിയിലായ സമയത്ത് പരിശുദ്ധ പിതാവിന് വേണ്ടിയുള്ള പ്രാർത്ഥനയിൽ തങ്ങള്‍ പങ്കുചേരുകയാണെന്ന് യു.എസ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി വിവിധതരത്തിലുള്ള ശ്വാസകോശ രോഗങ്ങൾ മാർപാപ്പ നേരിടുന്നുണ്ട്. മാർപാപ്പയുടെ യൗവന കാലത്ത് ശ്വാസകോശത്തിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നിരുന്നു. അതിന് ശേഷം നിരവധി രോഗങ്ങൾ മാർപാപ്പയെ അലട്ടി. ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് വീൽചെയറിലാണ് മാർപാപ്പയുടെ സഞ്ചാരം. വീൽചെയറിൽ തുടരുന്നതിനിടെ രണ്ട് തവണ വീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.