മ്യാൻമറിൽ കത്തോലിക്ക വൈദികനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

മ്യാൻമറിൽ കത്തോലിക്ക വൈദികനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

നയ്പിഡോ: മ്യാൻമറിൽ കത്തോലിക്കാ വൈദികനെ വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഫാ. ഡൊണാൾഡ് മാർട്ടിനെയാണ്(44) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വെടിയേറ്റ് അവയവങ്ങൾ അറ്റ് വികൃതമായരീതിയിലായിരുന്നു ശരീരമെന്ന് പ്രേഷിത വാർത്താ ഏജൻസിയായ ഫീദെസ് വെളിപ്പെടുത്തി.

മണ്ടലയ് രൂപതയിലെ ലൂർദ് നാഥ ഇടവക പ്രദേശത്താണ് കൊലപാതകം നടന്നത്. 2018 ലായിരുന്നു ഫാദർ ഡൊണാൾഡ് പൗരോഹിത്യം സ്വീകരിച്ചത്. അജപാലന ശുശ്രൂഷകൾക്ക് പുറമെ സംഘർഷം മൂലം സ്വഭവനങ്ങൾ വിടാൻ നിർബന്ധിതരായി അലയുന്നവർക്ക് സഹായം നൽകിയിരുന്നു അദേഹം. കൊലപാതകത്തിന്റെ പിന്നിലുള്ള കാരണങ്ങൾ വ്യക്തമല്ല.

കഴിഞ്ഞ ദിവസം മ്യാന്‍മറില്‍ പുതിയതായി രൂപീകരിച്ച മിന്‍ഡാറ്റ് രൂപതയുടെ കത്തീഡ്രലായ മിന്‍ഡാറ്റിലെ തിരുഹൃദയ ദൈവാലയം സൈനിക ഭരണകൂടം നടത്തിയ വ്യോമാക്രമണത്തില്‍ തകര്‍ന്നിരുന്നു. പള്ളിയുടെ മേല്‍ക്കൂരയും സ്റ്റെയിന്‍ - ഗ്ലാസ് ജനാലകളും നശിപ്പിക്കപ്പെട്ടു.

മ്യാന്‍മറിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ അട്ടിമറിച്ച് സൈനിക ഭരണകൂടം 2021 -ന്റെ തുടക്കത്തില്‍ അധികാരമേറ്റെടുത്തത് മുതല്‍ രാജ്യം അരക്ഷിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. 2021 മുതല്‍ ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് 6,000-ലധികം പേര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ജനങ്ങള്‍ പലായനം ചെയ്യുകയും ചെയ്തു.

ആശുപത്രികളും മതസ്ഥാപനങ്ങളും സ്‌കൂളുകളുമുള്‍പ്പടെയുള്ള കെട്ടിടങ്ങള്‍ ബോംബിട്ടു കൊണ്ടും ആയിരങ്ങളെ തടവിലാക്കിക്കൊണ്ടും ഭീകരത വിതയ്ക്കുന്ന പട്ടാള ഭരണത്തിന്റെ കീഴില്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥ തകര്‍ന്നടിഞ്ഞു. സൈനിക ഭരണകൂടം 2025 ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൈനിക ഭരണകൂടം അനുവദിക്കുന്ന പാര്‍ട്ടികള്‍ക്ക് മാത്രമേ അതില്‍ മത്സരിക്കാന്‍ കഴിയൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.