'അര്‍ധരാത്രിയെടുത്ത തീരുമാനം അനാദരവും മര്യാദ കേടും'; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജനക്കുറിപ്പ് പുറത്തു വിട്ട് രാഹുല്‍ ഗാന്ധി

 'അര്‍ധരാത്രിയെടുത്ത തീരുമാനം അനാദരവും മര്യാദ കേടും'; മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജനക്കുറിപ്പ് പുറത്തു വിട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനത്തില്‍ തന്റെ വിയോജനക്കുറിപ്പ് പുറത്തു വിട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായിട്ടാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനമെന്ന് കുറിപ്പില്‍ അദേഹം വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്സിക്യൂട്ടീവിന്റെ ഇടപെടല്‍ പാടില്ലെന്നാണ് ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്തത്. ബാബാ സാഹേബ് അംബേദ്കര്‍ ഉള്‍പ്പെടെ നമ്മുടെ രാജ്യത്തിന്റെ സ്ഥാപക നേതാക്കളുടെ ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സര്‍ക്കാരിനെ ഉത്തരവാദിത്തപ്പെടുത്തുകയും ചെയ്യേണ്ടത് ലോക്സഭയിലെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തന്റെ കടമയാണ് എന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു.

ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നതിന്റെ ഏറ്റവും അടിസ്ഥാനപരമായ വസ്തുത, എക്സിക്യൂട്ടീവ് ഇടപെടലുകളില്‍ നിന്ന് മുക്തമായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും കമ്മീഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണ്.

സുപ്രീം കോടതി ഉത്തരവ് ലംഘിച്ച്, സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സെലക്ഷന്‍ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കി. ഇത് നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കകള്‍ വഷളാക്കുകയാണ് ചെയ്തത്.

'തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. മോഡി സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന സെലക്ഷന്‍ കമ്മിറ്റിയുടെ ഘടനയും സെലക്ഷന്‍ പ്രക്രിയയും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതാണ്.

നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ഇക്കാര്യത്തില്‍ കോടതി വാദം കേള്‍ക്കാനിരിക്കുന്ന സാഹചര്യത്തില്‍ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ സംബന്ധിച്ച് പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തര മന്ത്രിയും അര്‍ധരാത്രിയില്‍ തീരുമാനമെടുത്തത് അനാദരവും മര്യാദ കേടുമാണ്'- രാഹുല്‍ ഗാന്ധി വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി.

പുതുക്കിയ വ്യവസ്ഥ അനുസരിച്ച് പ്രധാനമന്ത്രി, ലോക്സഭാ പ്രതിപക്ഷ നേതാവ്, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരടങ്ങിയ കമ്മിറ്റിയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുന്നത്. കമ്മിറ്റിയില്‍ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ കേന്ദ്രം ഒഴിവാക്കിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെയാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി തിരഞ്ഞെടുത്തത്. ഹരിയാന മുന്‍ ചീഫ് സെക്രട്ടറി വിവേക് ജോഷിയെ തിരഞ്ഞെടുപ്പ് കമ്മീഷണറായും നിയമിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.