അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചു തളച്ചു; ഇനി ചികിത്സ

അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ പരിക്കേറ്റ കൊമ്പനെ മയക്കുവെടി വെച്ചു തളച്ചു; ഇനി ചികിത്സ

അതിരപ്പിള്ളി: മസ്തകത്തില്‍ മുറിവേറ്റ കൊമ്പനെ മയക്കുവെടി വെച്ചു. ആനയെ ചികിത്സിക്കാനുള്ള രണ്ടാം ഘട്ട ശ്രമത്തിന്റെ ഭാഗമായാണ് കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടിയത്. ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തിലായിരുന്നു ദൗത്യം. വെറ്റിലപ്പാറയ്ക്ക് സമീപത്തുവെച്ച് ആന പുഴയിലേക്കിറങ്ങിയിരുന്നു. ഇവിടെ നിന്ന് തുരുത്തിലേക്ക് നീങ്ങുമ്പോഴാണ് മയക്കുവെടി വെച്ചത്.

തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെ ആനയെ തളച്ചു. മയക്കുവെടി ഏറ്റ ആനയെ ഇനി ലോറിയില്‍ കയറ്റി കോടനാട് കപ്രികോട് അഭയാരണ്യത്തിലേക്ക് മാറ്റും. ആനയെ പാര്‍പ്പിച്ച് ചികിത്സിക്കാനുള്ള ആനക്കൂടിന്റെ നിര്‍മാണം ഇന്നലെ അഭയാരണ്യത്തില്‍ പൂര്‍ത്തിയാക്കിയിരുന്നു. ആനയെ ഇവിടേക്ക് കൊണ്ടുവരാനുള്ള വാഹനങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

കോന്നി സുരേന്ദ്രന്‍, കുഞ്ചു, വിക്രം തുടങ്ങിയ മൂന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് പരിക്കേറ്റ ആനയെ തളച്ചത്. ജനുവരി 15 മുതല്‍ മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കൊമ്പനെ പ്ലാന്റേഷന്‍ തോട്ടത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പരിക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ 24-ന് മയക്കുവെടി വെച്ച് തളച്ച് ചികിത്സ നല്‍കി വിട്ടിരുന്നു. എന്നാല്‍, ഈ മുറിവില്‍ പുഴുവരിച്ചനിലയില്‍ കണ്ടതോടെയാണ് ആനയുടെ ജീവനില്‍ ആശങ്കവന്നത്. തുടര്‍ന്ന് മയക്കുവെടി വെച്ച് തളച്ച് ആനയെ ചികിത്സിച്ച് ഭേദമാക്കുന്നതുവരെ കൂട്ടില്‍ പാര്‍പ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.