ഡബിൾ‌ ന്യുമോണിയ സ്ഥിരീകരിച്ചു ; മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണമെന്ന് വത്തിക്കാൻ

ഡബിൾ‌  ന്യുമോണിയ സ്ഥിരീകരിച്ചു ; മാര്‍പാപ്പയുടെ ആരോഗ്യനില സങ്കീര്‍ണമെന്ന് വത്തിക്കാൻ

വത്തിക്കാന്‍ സിറ്റി : ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ. 88കാരനായ മാർപാപ്പയ്ക്ക് ഡബിൾ‌ ന്യുമോണിയ സ്ഥിരീകരിച്ചതായി വത്തിക്കാൻ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നടത്തിയ സിടി സ്കാനിങ്ങിലാണ്  ന്യൂമോണിയ സ്ഥിരീകരിച്ചത്. ഇതേ തുടർന്ന് അധിക ചികിത്സ ആവശ്യമാണ്. ലാബ് പരിശോധനാ റിപ്പോർട്ട് പ്രകാരം മാർപാപ്പയുടെ അവസ്ഥ സങ്കീർണമായി തുടരുകയാണെന്നും വത്തിക്കാൻ വ്യക്തമാക്കി.

ആരോഗ്യ പ്രശ്നത്തിനിടയിലും മാർപാപ്പ പകൽ സമയം വായനയിലും വിശ്രമത്തിലും പ്രാർഥനയിലും മുഴുകിയെന്നും വത്തിക്കാൻ പറഞ്ഞു. വിശ്വാസികളോട് നന്ദിയറിയിച്ച മാർപാപ്പ തനിക്ക് വേണ്ടിയുള്ള പ്രാർഥന തുടരണമെന്നും അഭ്യർഥിച്ചു.

ഒരു ആഴ്ചയിലേറെയായി ശ്വാസകോശ അണുബാധ ബാധിച്ച മാര്‍പാപ്പയെ വെള്ളിയാഴ്ച റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മാർപാപ്പ കുറച്ചു ദിവസങ്ങളായി ബ്രോങ്കൈറ്റിസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.

കത്തോലിക്ക വിശുദ്ധ വർഷം പ്രമാണിച്ചുള്ള വിവിധ പരിപാടികൾക്ക് നേതൃത്വം നൽകാനിരിക്കെയാണ് മാർപാപ്പ രോഗബാധിതനായത്. വരുന്ന ശനിയാഴ്ച വരെയുള്ള മാർപാപ്പയുടെ എല്ലാ പൊതു പരിപാടികളും റദ്ദാക്കി.

12 വർക്കാലമായി കത്തോലിക്ക സഭയുടെ പരമാധ്യക്ഷസ്ഥാനത്ത് തുടരുന്ന മാർപാപ്പ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് നിരവധി തവണ ആശുപത്രി വാസം അനുഭവിച്ചിട്ടുണ്ട്. യൗവന കാലം മുതൽ ഫ്രാൻസിസ് മാർപാപ്പയെ ശ്വാസകോശ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ അലട്ടിയിരുന്നു. ശ്വാസകോശാവരണ രോഗത്തെ തുടർന്ന് മാ‍ർ‌പാപ്പയുടെ ഒരു ശ്വാസകോശത്തിന്റെ ഭാ​ഗം നീക്കം ചെയ്തിരുന്നു.

2023ലും ന്യൂമോണിയ ബാധയെ തുടർന്ന് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അതേ വർഷം തന്നെ ഹെർണിയ ശസ്ത്രക്രിയക്കും പാപ്പ വിധേയനായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.