ന്യൂയോര്‍ക്ക്: കോടീശ്വരന്‍ ഗൗതം അദാനിക്കെതിരെയും സാഗര്‍ അദാനിക്കെതിരെയുമുള്ള അമേരിക്കയിലെ അഴിമതിക്കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യയോട് സഹായം തേടി യു.എസ് കമ്മിഷന്‍. 265 മില്യണ്‍ യു.എസ് ഡോളറിന്റെ അഴിമതിക്കേസിലാണ് വ്യവസായി ഗൗതം അദാനിക്കെതിരെയും അദേഹത്തിന്റെ അനന്തരവന്‍ സാഗറിനെതിരെയുമുള്ള അന്വേഷണത്തില്‍ യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന്റെ സഹായം അഭ്യര്‍ഥിച്ചത്.
ഇരുവര്‍ക്കും എതിരെയുള്ള പരാതി നല്‍കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കൂടുതല്‍ പരാതികള്‍ ലഭിക്കുന്നുണ്ടെന്നും യു.എസ് എസ്ഇസി ന്യൂയോര്‍ക്ക് ജില്ലാ കോടതിയെ അറിയിച്ചു. സോളാര്‍ കരാറുകള്‍ക്കായി ഗൗതം അദാനി 265 മില്യണ്‍ ഡോളര്‍ കൈക്കൂലി നല്‍കിയെന്നാണ് കേസ്. 2020-2024 കാലയളവില്‍ വൈദ്യുതി വിതരണ കമ്പനികളില്‍ നിന്ന് സൗരോര്‍ജ്ജ കരാറുകള്‍ ലഭിക്കുന്നതിന് ഗൗതം അദാനിയും കൂട്ടാളികളും 265 മില്യണ്‍ യു.എസ് ഡോളര്‍ (ഏകദേശം 2,029 കോടി രൂപ) കൈക്കൂലി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം നവംബറിലാണ് യു.എസ് പ്രോസിക്യൂട്ടര്‍മാര്‍ ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയത്.
ഇന്ത്യയില്‍ സൗരോര്‍ജ്ജ കരാറുകള്‍ നേടിയെടുക്കാന്‍ കൃത്രിമത്വം കാണിച്ച് അമേരിക്കന്‍ നിക്ഷേപകരെ വഞ്ചിച്ചെന്നും ഗൗതം അദാനിക്കെതിരായ യു.എസിലെ കുറ്റപത്രത്തില്‍ ആരോപിക്കുന്നു. ലാഭകരമായ സര്‍ക്കാര്‍ കരാറുകള്‍ നേടിയെടുക്കാന്‍ ചെയര്‍മാന്‍ ഗൗതം അദാനി 250 മില്യണ്‍ ഡോളറിലധികം കൈക്കൂലി നല്‍കിയെന്നാണ് അമേരിക്കയിലെ പ്രോസിക്യൂട്ടര്‍മാരുടെ ആരോപണം. എന്നാല്‍ തനിക്കെതിരെയുള്ള കുറ്റപത്രം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് അദാനി ഗ്രൂപ്പ് ആരോപണം തള്ളിക്കളഞ്ഞു. സാധ്യമായ എല്ലാ നിയമപരമായ വഴികളും തേടുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചിരുന്നു.
അതേസമയം അദാനിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന നിയമനടപടികളില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇത് സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും യു.എസ് നീതിന്യായ വകുപ്പും ഉള്‍പ്പെടുന്ന നിയമപരമായ കാര്യമാണ്. അതില്‍ ഇന്ത്യന്‍ സര്‍ക്കാരിന് യാതൊരു പങ്കുവുമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.