കൊച്ചി: വര്‍ധിച്ചു വരുന്ന 'കോള്‍ മെര്‍ജിങ്' എന്ന ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കി നാഷണല്‍ പെയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. 
എന്താണ് കോള്‍ മെര്‍ജിങ് തട്ടിപ്പ്? 
ഒരു വ്യക്തിക്ക് ഏതെങ്കിലും പരിപാടിക്കുള്ള ക്ഷണമോ ജോലിക്കുള്ള കോളോ ലഭിക്കുന്നതിലായിരിക്കും തട്ടിപ്പിന്റെ തുടക്കം. നിങ്ങളുടെ ഏതെങ്കിലുമൊരു സുഹൃത്തില്‍ നിന്നാണ് ഫോണ്‍ നമ്പര്‍ ലഭിച്ചത് എന്ന അവകാശവാദത്തോടെയായിരിക്കും വിളിക്കുന്നയാള്‍ സംസാരിക്കുക. 
നിങ്ങളുടെ സുഹൃത്ത് മറ്റൊരു നമ്പറില്‍ നിന്ന് വിളിക്കുന്നുണ്ടെന്നും കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുന്നതായും തട്ടിപ്പുകാര്‍ പറഞ്ഞ് വിശ്വസിപ്പിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ വിളിക്കുന്നത് സുഹൃത്തായിരിക്കില്ല, തട്ടിപ്പ് സംഘമായിരിക്കും. 
അത് മനസിലിക്കാതെ കോള്‍ മെര്‍ജ് ചെയ്താല്‍ ഇരയാവുന്നയാള്‍ താന്‍ പോലുമറിയാതെ ബാങ്കില്‍ നിന്നുള്ള ഒടിപി വെരിഫിക്കേഷന്‍ കോളുമായി കണക്റ്റ് ചെയ്യപ്പെടും. ഈ തക്കം നോക്കി തട്ടിപ്പ് സംഘം ഒടിപി ചോര്‍ത്തുകയും നിങ്ങളുടെ അക്കൗണ്ട് കാലിയാക്കുകയും ചെയ്യും. തട്ടിപ്പ് സംഘം ചോര്‍ത്തുന്നത് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് തന്നെ ആകണമെന്നില്ല, മറ്റേതെങ്കിലും ഓണ്‍ലൈന്‍ അക്കൗണ്ടോ ആവാം. 
ഒടിപി ലഭിക്കുന്നതിന് സാധാരണയായി രണ്ട് വഴികളുണ്ടെന്നത് അറിഞ്ഞിരിക്കണം. നിങ്ങളുടെ ഫോണിലേക്ക് മെസേജ് വഴി ഒടിപി വരുന്നു. അല്ലെങ്കില്‍ ഒരു കോള്‍ വഴി നിങ്ങളുടെ ഫോണില്‍ ഒടിപി  ലഭിക്കും. വാട്സ് ആപ്പിലും ഇത് സംഭവിക്കുന്നു. കോളില്‍ ഒടിപി  കേള്‍ക്കണമെങ്കില്‍ രണ്ടാമത്തെ ഓപ്ഷന്‍ തിരഞ്ഞെടുക്കണം. 
തട്ടിപ്പുകാരന് ഒടിപി ലഭിച്ചു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചേക്കാം. ഇത്തരം നിരവധി തട്ടിപ്പുകള്‍ അടുത്തിടെ നടന്നിട്ടുണ്ട് എന്നതിനാല്‍  ജാഗ്രത പാലിക്കേണ്ടതുണ്ട്. 
കോള്‍ മെര്‍ജിങ് തട്ടിപ്പുകള്‍ ഒഴിവാക്കാനുള്ള ആദ്യ മാര്‍ഗം ഈ തട്ടിപ്പിനെ കുറിച്ച് നിങ്ങള്‍ക്ക് ആഴത്തിലുള്ള അവബോധമുണ്ടാവുക എന്നതാണ്. പുതിയ തട്ടിപ്പ് രീതികളെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടെങ്കില്‍ തട്ടിപ്പുകാരുടെ കെണിയില്‍ വീഴില്ല. എന്നാല്‍ അത്തരം തട്ടിപ്പുകളെക്കുറിച്ച്  അറിവില്ലെങ്കില്‍   വലിയ സാമ്പത്തിക നഷ്ടം സംഭവിക്കാം.
പരിചിതമല്ലാത്തതും സംശയാസ്പദവുമായ ഒരു കോളും നിങ്ങള്‍ സ്വീകരിക്കരുത് എന്നത് ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍പ്പെടാതിരിക്കാന്‍ വളരെ പ്രധാനമാണ്. മെര്‍ജിങ് ആവശ്യപ്പെട്ട് പരിചയമല്ലാത്ത ആളുകളില്‍ നിന്നും നമ്പറുകളില്‍ നിന്നും കോള്‍ വന്നാല്‍ എടുക്കാതിരിക്കുകയോ വിച്ഛേദിക്കുകയോ ചെയ്യുക. 
ആരെങ്കിലും വിളിച്ച് കോളുകള്‍ ലയിപ്പിക്കാന്‍ ആവശ്യപ്പെട്ടാലുടന്‍ മറുപടി നല്‍കരുത്. പകരം തട്ടിപ്പുകാരന്‍ പറയുന്ന സുഹൃത്തിന്റെ നമ്പറില്‍ നേരിട്ട് വിളിച്ച് എന്താണ് കാര്യമെന്ന് പരിശോധിച്ചുറപ്പിക്കാം. 
നിങ്ങള്‍ നടത്താത്ത ഇടപാടുകളുടെ ഒടിപി വന്നാല്‍ അക്കാര്യം ഉടന്‍ '1930' എന്ന നമ്പറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും തട്ടിപ്പില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കും. സാമ്പത്തിക തട്ടിപ്പിന്റെ സൂചന ലഭിച്ചാലുടന്‍ ബാങ്കിനെ സമീപിക്കേണ്ടതുമുണ്ട്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.