വത്തിക്കാൻ സിറ്റി: ശ്വാസകോശത്തിലെ ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജെമെല്ലി ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യ നിലയിൽ പുരോഗതി. പാപ്പാ ഇന്നലെ രാത്രിയിൽ നന്നായി വിശ്രമിച്ചുവെന്നും രാവിലെ ഉറക്കമുണർന്ന പാപ്പ പ്രഭാത ഭക്ഷണം കഴിച്ചുവെന്നും വത്തിക്കാൻ അറിയിച്ചു.
മാർപാപ്പ വെന്റിലേറ്ററിലല്ലെന്നും സ്വന്തമായി ശ്വസിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താത്ത വത്തിക്കാനിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. മാർപാപ്പയ്ക്ക് കിടക്കയിൽ നിന്ന് എഴുനേൽക്കാനും ആശുപത്രി മുറിയിലെ ചാരുകസേരയിൽ ഇരിക്കാൻ സാധിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. പാപ്പക്ക് ന്യുമോണിയയുടെ തുടക്കമാണെന്നും അണുബാധ കൂടുതൽ വ്യാപിച്ചിട്ടില്ലെന്നും ജസ്യൂട്ട് വൈദികനും മെഡിക്കൽ ഡോക്ടറുമായ ഡോ. ആൻഡ്രിയ വിസിനി പറഞ്ഞു.
മാർപാപ്പയുടെ ആരോഗ്യത്തിനായി ലോകമെമ്പാടും നിന്നും പ്രാർത്ഥനകൾ ഉയരുകയാണ്. ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമാണെന്നും പരിശുദ്ധ പിതാവിന് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ പറഞ്ഞു.
നമ്മുടെ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശുദ്ധ കുർബാനയർപ്പണത്തിന്റെയും മറ്റ് പ്രാർത്ഥനകളുടെയും അവസരങ്ങളിലും ഭവനങ്ങളിലെ വൈകുനേരമുള്ള പ്രാർത്ഥനകളിലും പരിശുദ്ധ പിതാവിനെ ആശുപത്രി വിടുന്നതുവരെ പ്രത്യേകമായി ഓർക്കേണ്ടതാണ്. ദൈവത്തിന്റെ സ്‌നേഹമാർന്ന പരിപാലനയിൽ ഫ്രാൻസിസ് മാർപാപ്പയെ നമുക്ക് സമർപ്പിക്കാമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
അതേസമയം ആശുപത്രിക്കിടക്കയിലും പാപ്പ വേദനിക്കുന്നവരെയും പാർശ്വവത്കരിക്കപ്പെടുകയും കരുതുകയും അവരെ ചേർത്തുപിടിക്കുകയും ചെയ്യുന്നു. തന്റെ രോഗങ്ങൾക്കിടയിലും ഗാസയിലെ കത്തോലിക്കാ ഇടവകയുമായി രാത്രിയിൽ നടത്തുന്ന ഫോൺ സംഭാഷണം ഫ്രാൻസിസ് മാർപാപ്പ മുടക്കുന്നില്ല. ഹമാസും ഇസ്രയേലുമായുള്ള പോരാട്ടം ആരംഭിച്ച കാലം മുതൽ ഗാസയിലെ ഏക കത്തോലക്ക ഇടവകയിലേക്ക് എല്ലാ ദിവസവും ചെയ്തിരുന്ന ഫോൺകോളാണ് ആശുപത്രിയിലായിരിക്കുമ്പോഴും മുടക്കം കൂടാതെ പാപ്പ തുടരുന്നത്.
പ്രതീക്ഷിച്ചത് പോലെ വീഡിയോ കോളിലൂടെ പാപ്പ സംസാരിച്ചെന്നും ക്ഷേമാന്വേഷണങ്ങൾ നടത്തിയെന്നും ഗാസ ഇടവക വികാരി ഫാ. ഗബ്രിയേൽ റൊമാനെല്ലി പറഞ്ഞു. രോഗാവസ്ഥയിൽ തന്നോട് സാമീപ്യം പ്രകടിപ്പിച്ച ഇടവകയിലെ കുടുംബങ്ങളോട് പാപ്പ നന്ദി പറയുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തതായി ഫാ. റൊമാനെല്ലി വെളിപ്പെടുത്തി.
മാർപാപ്പ ക്ഷീണിതനായിരുന്നെങ്കിലും ശബ്ദം വ്യക്തമായിരുന്നുവെന്നും തങ്ങൾ പറഞ്ഞത് ശ്രദ്ധയോടെ കേട്ടിരുന്നുവെന്നും ഫാ. റൊമാനെല്ലി പറഞ്ഞു. ആശുപത്രിയിൽ അഡ്മിറ്റായ ആദ്യ രണ്ട് ദിനവും ഫോൺ ചെയ്തുവെങ്കിലും മൂന്നാം ദിനം പ്രാർത്ഥനയ്ക്കും അടുപ്പത്തിനും നന്ദി അറിയിച്ചുകൊണ്ട് ഫാ. റൊമാനെല്ലിയുടെ ഫോണിലേക്ക് ഒരു മെസേജ് അയക്കുകയാണ് പാപ്പ ചെയ്തത്. തിങ്കളാഴ്ച രാത്രി ഫ്രാൻസിസ് മാർപാപ്പ വീണ്ടും ഹോളി ഫാമിലി ഇടവകക്കാരെ വിളിക്കുകയും വിശേഷങ്ങൾ ആരായുകയും ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.