വത്തിക്കാൻ സിറ്റി: വത്തിക്കാൻ വാനനിരീക്ഷണ കേന്ദ്രത്തിൻ്റെ ഡയറക്ടറായ ബ്രദർ ഗൈ കൺസോൾമാനോയുടെ ഏറ്റവും പുതിയ പുസ്തകം 'എ ജെസ്യൂട്ട്സ് ഗൈഡ് റ്റു ദ സ്റ്റാഴ്സ്' പ്രസിദ്ധീകരിച്ചു. ജ്യോതിശാസ്ത്ര മേഖലയിൽ ഈശോസഭ നൽകിയിട്ടുള്ള സംഭാവനകളുടെ വിശദമായ ചരിത്രം വിവരിക്കുന്നതോടൊപ്പം വ്യക്തിഗതമായ വിചിന്തനങ്ങളും ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ജ്യോതിശാസ്ത്ര മേഖലയിൽ ഈശോസഭ നടത്തിയിട്ടുള്ള ഗവേഷണ ചരിത്രം, അതിൻ്റെ ആരംഭകാലം മുതൽതന്നെ തുടങ്ങുന്നതാണ്. ഇക്കാര്യം പുസ്തകത്തിൻ്റെ ആമുഖത്തിൽ ബ്രദർ കൺസോൾമാനോ സൂചിപ്പിക്കുന്നുണ്ട്.
'ആകാശത്തെയും നക്ഷത്രങ്ങളെയും ഉറ്റുനോക്കുന്നതിൽ നിന്നാണ്' തനിക്ക് ഏറ്റവും വലിയ ആശ്വാസം ലഭിച്ചിരുന്നതെന്ന് ഈശോസഭയുടെ സ്ഥാപകനായ വിശുദ്ധ ഇഗ്നേഷ്യസ് ലയോള തന്റെ ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഇറ്റാലിയൻ ജെസ്യൂട്ടും ജ്യോതിശാസ്ത്രജ്ഞനുമായ അഞ്ചലോ സെച്ചിയെക്കുറിച്ച് 'അധികമാരും കേട്ടിട്ടില്ലാത്ത ഏറ്റവും വലിയ ശാസ്ത്രജ്ഞൻ' എന്നാണ് കൺസോൾമാനോ പറയുന്നത്.
അറിയപ്പെടുന്ന കവിയായ ജെറാർഡ് മാൻലി ഹോപ്കിൻസും ജ്യോതിശാസ്ത്രത്തിൽ താല്പര്യമുണ്ടായിരുന്ന ഒരു ഈശോസഭാംഗമായിരുന്നു.
'എ ജെസ്യൂട്ട്സ് ഗൈഡ് റ്റു ദ സ്റ്റാഴ്സ്'ൽ ബ്രദർ കൺസോൾമാനോ തൻ്റെ വ്യക്തിപരമായ അനുഭവങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ഈശോസഭയിലേക്കുള്ള ദൈവവിളി എപ്രകാരമായിരുന്നു എന്നു വിവരിക്കുന്ന ഒരു അധ്യായം തന്നെ പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡെട്രോയിറ്റ് സ്വദേശിയായ അദ്ദേഹം,1989-ൽ ഈശോസഭയിൽ പ്രവേശിക്കുന്നതിനുമുമ്പ്, എം ഐ റ്റി യിൽനിന്നും അരിസോണ യൂണിവേഴ്സിറ്റിയിൽനിന്നും ബിരുദങ്ങൾ കരസ്ഥമാക്കി. തുടർന്ന്, അദ്ദേഹം യൂണിവേഴ്സിറ്റി തലത്തിൽ ഫിസിക്സ് അധ്യാപകനായിരുന്നു.
വിശ്വാസവും ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെപ്പറ്റി സൂക്ഷ്മമായ വിചിന്തനങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശാസ്ത്രത്തിന്റെ കണ്ടുപിടിത്തങ്ങളും ബൈബിൾ സംബന്ധിയായ പഠനങ്ങളും തമ്മിലുള്ള പൊരുത്തം അന്വേഷിച്ചു കണ്ടെത്താനുള്ള ശ്രമത്തിനെതിരെ ബ്രദർ കൺസോൾമാനോ തൻ്റെ പുസ്തകത്തിൽ മുന്നറിയിപ്പ് നൽകുന്നു.
'മതം ശാസ്ത്രത്തിൽ അധിഷ്ഠിതമോ, ശാസ്ത്രം മതത്തിന്റെ വിപുലീകരണമോ അല്ല. മതവും ശാസ്ത്രവും അവയ്ക്കുള്ള സ്വയംഭരണാവകാശം നിലനിർത്തേണ്ടതും അവ തമ്മിലുള്ള വ്യതിരിക്തത കാത്തുസൂക്ഷിക്കേണ്ടതുമാണ്'- ജോൺ പോൾ രണ്ടാമൻ മാർപാപ്പയെ ഉദ്ധരിച്ച്ക ൺസോൾമാനോ എഴുതുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.