കോഴിക്കോട്: കോടഞ്ചേരി സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ അധ്യാപിക അലീന ബെന്നിയുടെ ആത്മഹത്യയില്‍ പ്രതികരണവുമായി കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ്. അധ്യാപികയുടെ നിയമനം വൈകിപ്പിച്ചത് സംസ്ഥാന വിദ്യാഭ്യാസ വകുപ്പാണെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും കാത്തലിക് ടീച്ചേര്‍സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ വകുപ്പിന്റെ അനാസ്ഥതയും കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥരുടെ അലംഭാവവും മൂലം വര്‍ഷങ്ങളായി നിയമനാംഗീകാരവും ശമ്പള ആനുകൂല്യങ്ങളും ലഭിക്കാതെ കഷ്ടപ്പെടുന്ന അധ്യാപകരുടെ രക്തസാക്ഷിയാണ് അലീനയെന്നും ഗില്‍ഡ് കുറ്റപ്പെടുത്തി.
ദീര്‍ഘകാല അവധിയിലായിരുന്ന അധ്യാപിക ജോലിയില്‍ നിന്നും രാജിവച്ചുണ്ടായ ഒഴിവില്‍ അലീന ബെന്നിയ്ക്ക് 2021 മുതല്‍ സ്ഥിര നിയമനം ലഭിച്ചുവെങ്കിലും ഭിന്നശേഷി സംവരണം അടക്കമുള്ള തടസവാദം ചൂണ്ടിക്കാട്ടി വിദ്യാഭാസ വകുപ്പ് അധികൃതര്‍ നിയമനം അംഗീകരിക്കാന്‍ തയ്യാറായില്ല. അധ്യാപികയും പിതാവും ആവശ്യപ്പെട്ടതനുസരിച്ച് കോടഞ്ചേരി എല്‍.പി സ്‌കൂളില്‍ ഉണ്ടായ റഗുലര്‍ തസ്തികയിലേക്ക് മാറ്റി നിയമനം നല്‍കുകയാണുണ്ടായത്.
ഇക്കാര്യത്തില്‍ മാനേജ്‌മെന്റിനെതിരെ ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. അലീന ബെന്നിയ്ക്ക് നല്‍കിയത് സ്ഥിര നിയമനമാണ്. ഇതിനായി സംഭാവന സ്വീകരിച്ചിട്ടില്ല. അധ്യാപികയ്ക്ക് നിയമന അംഗീകാരം ലഭിക്കാത്തതില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് യാതൊരു പങ്കുമില്ല.
അലീനയ്ക്ക് മാനേജ്മെന്റ് സ്വന്തം നിലയില്‍ പ്രതിമാസം താല്‍ക്കാലിക ധനസഹായം നല്‍കിയിരുന്നുവെന്നും കാത്തലിക് ടീച്ചേഴ്സ് ഗില്‍ഡ് മലബാര്‍ മേഖല കമ്മിറ്റി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
കട്ടിപ്പാറ പഞ്ചായത്തില്‍ മൂന്നാം വാര്‍ഡ് താഴ്വാരം സ്വദേശിയാണ് മരിച്ച അലീന. നാല് വര്‍ഷമായി കട്ടിപ്പാറ ഹോളി ഫാമിലി എല്‍.പി സ്‌കൂളിലാണ് അവര്‍ പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടുത്തെ ജോലി നഷ്ടമാകുമെന്ന സ്ഥിതി വന്നപ്പോള്‍ പള്ളിക്കമ്മിറ്റി ഇടപെട്ടാണ് കോടഞ്ചേരിയിലേക്ക് ജോലി മാറ്റം നല്‍കിയതെന്ന് അലീനയുടെ പിതാവ് പറയുന്നു.
മാനേജ്‌മെന്റ് സര്‍ക്കാരിന് കൃത്യമായി രേഖകള്‍ നല്‍കാതിരുന്നതാണ് നിയമനം ലഭിക്കാതിരിക്കാന്‍ കാരണം. നൂറ് രൂപ പോലും മകള്‍ക്ക് ശമ്പളമായി മാനേജ്‌മെന്റ് നല്‍കിയിട്ടില്ല. വണ്ടിക്കൂലിക്ക് കോടഞ്ചേരി സ്‌കൂളിലെ പിടിഎ നല്‍കിയ 3000 രൂപയാണ് കഴിഞ്ഞ ഒരു വര്‍ഷമായി മകള്‍ക്ക് മാസം തോറും ലഭിച്ചതെന്നും പിതാവ് ബെന്നി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.