കൊച്ചി: കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി ഇന്ന് സമാപിക്കും. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിക്ഷേപകരുമായി ചര്‍ച്ചകള്‍ തുടരുകയാണ്.
സമാപന ദിവസമായ ഇന്ന് നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ കണക്ക് സര്‍ക്കാര്‍ പുറത്തു വിടുമെന്നാണ് പ്രതീക്ഷ. അദാനി, ലുലു, ആസ്റ്റര്‍ ഗ്രൂപ്പുകള്‍ കഴിഞ്ഞ ദിവസം തന്നെ വന്‍ നിക്ഷേപങ്ങള്‍ കേരളത്തില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ലോകത്താകെയുള്ള നിക്ഷേപകരെ ഒരുമിച്ച് ചേര്‍ക്കാനാണ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ എത്തുന്ന നിക്ഷേപകര്‍ക്ക് സാങ്കേതികമായ പ്രതിസന്ധികള്‍ ഉണ്ടാകില്ലെന്നും നിക്ഷേപകര്‍ ചുവപ്പുനാടയില്‍ കുടുങ്ങി കിടക്കേണ്ടി വരില്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് പ്രഖ്യാപിച്ചത്. കരണ്‍ അദാനിയാണ് സമ്മിറ്റില്‍ പങ്കെടുത്തത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഭാഗമായി 20,000 കോടിയുടെ അധിക നിക്ഷേപവും കൊച്ചിയില്‍ 5000 കോടിയുടെ ഇ-കൊമേഴ്‌സ് ഹബ്ബും സ്ഥാപിക്കും. തിരുവനന്തപുരം വിമാനത്താവളത്തിലും 5000 കോടി നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ട്.
തെലങ്കാനയിലെ കൃഷ്ണാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് 3000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ അടക്കം ആറ് ജില്ലകളില്‍ മള്‍ട്ടി സ്‌പെഷ്യലിറ്റി ആശുപത്രികള്‍ തുടങ്ങാനാണ് താല്‍പര്യം അറിയിച്ചത്.
850 കോടി രൂപയുടെ നിക്ഷേപമാണ് ആസ്റ്റര്‍ ഗ്രൂപ്പ് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പനാണ് നിക്ഷേപ തീരുമാനം പ്രഖ്യാപിച്ചത്.
ഭക്ഷ്യ സംസ്‌കരണ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുമെന്ന് പറഞ്ഞ ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി നിക്ഷേപ തുക ഇന്ന് പ്രഖ്യാപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വികസന കാര്യത്തില്‍ സംസ്ഥാനത്ത് മുന്നണികള്‍ ഏകാഭിപ്രായമായത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കുമെന്നും അദേഹം പറഞ്ഞു. യുഎഇ, ബഹ്‌റിന്‍ രാജ്യങ്ങളില്‍ നിന്നും വമ്പന്‍ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്.
കേരള ആഗോള നിക്ഷേപ ഉച്ചകോടിയിലൂടെ കേരളത്തില്‍ വരാന്‍ പോകുന്ന മാറ്റത്തിനായി പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് ഉച്ചകോടിയില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിരുന്നു.
നിരവധി ട്രേഡ് യൂണിയനുകള്‍ക്ക് മന്ത്രിയും താനും നേതൃത്വം നല്‍കിയിട്ടുണ്ട്. ട്രേഡ് യൂണിയനുകള്‍ കമ്പനികളുമായ് സഹകരിച്ചാണ് പോകുന്നത്. സമരത്തിലേക്ക് പോയിട്ടില്ലെന്നും വി.ഡി സതീശന്‍ ഉച്ചകോടിയില്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.