ഇന്ത്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്ന് മുന്‍ നിലപാട് തുടര്‍ന്നു.
ന്യൂയോര്‍ക്ക്: റഷ്യ-ഉക്രെയ്ന്‍ യുദ്ധത്തില്‍ അമേരിക്കയുടെ നയം മാറ്റം ചര്‍ച്ചയാകുന്നു. റഷ്യന്‍ അധിനിവേശത്തെ അപലപിച്ച് ഐക്യരാഷ്ട്ര സഭയില്‍ ഉക്രെയ്ന്‍ അവതരിപ്പിച്ച പ്രമേയത്തെ അമേരിക്ക എതിര്‍ത്തു.
പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ റഷ്യക്ക് അനുകൂലമായി അമേരിക്ക വോട്ട് ചെയ്തു. യൂറോപ്യന്‍ രാജ്യങ്ങളുടെ പിന്തുണയോടെ അവതരിപ്പിച്ച പ്രമേയത്തിന് എതിരായാണ് അമേരിക്ക റഷ്യക്കൊപ്പം നിന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് അമേരിക്ക റഷ്യയ്ക്ക് അനുകൂലമായി വോട്ട് ചെയ്തത്.
യുദ്ധത്തെ അപലപിക്കുകയും ഉക്രെയ്‌നില്‍ നിന്ന് റഷ്യ പിന്മാറണമെന്നുമാണ് പ്രമേയത്തിന്റെ ഉള്ളടക്കം. ഈ വിഷയത്തില്‍ മുന്‍കാലങ്ങളില്‍ സ്വീകരിച്ച നിലപാട് തന്നെയാണ് ഇന്ത്യ ഇത്തവണയും തുടര്‍ന്നത്. പ്രമേയത്തിന്റെ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പ്രമേയത്തെ എതിര്‍ക്കാന്‍ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം യൂറോപ്യന്‍ രാജ്യങ്ങളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും ഫലമുണ്ടായില്ല.
റഷ്യ-ഉക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരു രാഷ്ട്ര തലവന്‍മാരുമായും ട്രംപ് സംസാരിച്ചിരുന്നു. അനുനയ ചര്‍ച്ചകളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ റിയാദില്‍ വച്ച് നടക്കുകയും ചെയ്തിരുന്നു.
അതിനിടെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി യുദ്ധ തടവുകാരെ പരസ്പരം കൈമാറണമെന്ന നിര്‍ദേശവുമായി ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിഡിമിര്‍ സെലെന്‍സ്‌കി രംഗത്ത് വന്നു. ഉക്രെയ്‌നിലുള്ള റഷ്യന്‍ തടവുകാരെ വിട്ടയക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും റഷ്യയും സമാന രീതിയില്‍ തടവുകാരെ വിട്ടയക്കണമെന്നും സെലെന്‍സ്‌കി പറഞ്ഞു.
റഷ്യ- ഉക്രെയ്ന്‍ യുദ്ധത്തിന്റെ മൂന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ട് കീവില്‍ നടന്ന ഉന്നതതല സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയായിരുന്നു അദേഹത്തിന്റെ പരാമര്‍ശം.
2024 ഒക്ടോബറില്‍ റഷ്യയും ഉക്രെയ്‌നും 95 തടവുകാരെ പരസ്പരം കൈമാറിയിരുന്നു. യുഎഇയുടെ മധ്യസ്ഥതയിലായിരുന്നു അത്. സെപ്റ്റംബറില്‍ 103 തടവുകാരെയും രണ്ട് രാജ്യങ്ങളും മോചിപ്പിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.