കാനഡയുടെ പുതിയ വിസാ നിയമം: ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും തിരിച്ചടിയാകും

കാനഡയുടെ പുതിയ വിസാ നിയമം: ഇന്ത്യക്കാരടക്കമുള്ള വിദേശ വിദ്യാര്‍ഥികള്‍ക്കും ജോലി ചെയ്യുന്നവര്‍ക്കും തിരിച്ചടിയാകും

ഒട്ടാവ: കുടിയേറ്റം കുറയ്ക്കുന്നതിനായി കാനഡ കൊണ്ടുവന്ന പുതിയ വിസാ നിയമം ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശ വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും തിരിച്ചടിയാകും.

2024 ല്‍ 4,85,000 ആയിരുന്നു കാനഡയിലെ പുതിയ സ്ഥിര താമസക്കാരുടെ എണ്ണം. ഇത് 2025 ല്‍ 3,95,000 ആയും 2026 ല്‍ 3,80,000 ആയും 2027 ല്‍ 3,65,000 ആയും കുറയ്ക്കാനാണ് തീരുമാനം.

'ഇമിഗ്രേഷന്‍ ആന്‍ഡ് റെഫ്യൂജി പ്രൊട്ടക്ഷന്‍ റെഗുലേഷന്‍' എന്ന പുതിയ വിസാ ചട്ടം രാജ്യത്ത് നിലവില്‍ വന്നത് ഈ മാസം ആദ്യമാണ്. വിദേശ വിദ്യാര്‍ഥികള്‍, തൊഴിലാളികള്‍, കുടിയേറ്റക്കാര്‍ എന്നിവരുടെ വിസാ പദവിയില്‍ ഏത് സമയത്തും ഏത് തരത്തിലുമുള്ള മാറ്റവും വരുത്താന്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് സമ്പൂര്‍ണാധികാരം നല്‍കുന്നതാണ് പുതിയ ചട്ടം.

അതുപ്രകാരം ഇ-വിസകള്‍ പോലുള്ള ഇലക്ട്രോണിക് യാത്രാ രേഖകള്‍ (ഇ.ടി.എ), താല്‍കാലിക റെസിഡന്റ് വിസകള്‍ (ടി.ആര്‍.വി) എന്നിവയൊക്കെ നിരസിക്കാനോ റദ്ദാക്കാനോ കനേഡിയന്‍ കുടിയേറ്റകാര്യ ഉദ്യോഗസ്ഥര്‍ക്ക് കഴിയും. രാജ്യത്ത് പുതുതായി വരുന്നവരുടേയോ നിലവില്‍ കാനഡയില്‍ കഴിയുന്നവരുടെയോ തൊഴില്‍ പെര്‍മിറ്റുകളും വിദ്യാര്‍ഥി വിസകളും റദ്ദാക്കാനും അവര്‍ക്ക് സാധിക്കും.

ഏതൊക്കെ സാഹചര്യത്തില്‍ കുടിയേറ്റകാര്യ ഉദ്യോഗസ്ഥര്‍ക്ക് വിസ നിരസിക്കാമെന്നത് സംബന്ധിച്ച മാര്‍ഗ നിര്‍ദേശവും സര്‍ക്കാരിറക്കിയിട്ടുണ്ട്. കുടിയേറിയ ഒരാള്‍ നിയമാനുസൃതമായ വിസാ കാലവധി കഴിഞ്ഞാലും കാനഡ വിടില്ലെന്ന് ബോധ്യപ്പെട്ടാല്‍ അത്തരക്കാരുടെ വിസ റദ്ദാക്കാം. ഇത് പുതുതായെത്തുന്നവര്‍ക്കും രാജ്യത്ത് കഴിയുന്നവര്‍ക്കും ബാധകമാണ്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള വിവേചനാധികാരം പൂര്‍ണമായും ഉദ്യോഗസ്ഥനാണ്.

വിമാനത്താവളങ്ങളിലോ, തുറമുഖങ്ങളിലോ വെച്ചാണ് വിസ റദ്ദാക്കുന്നതെങ്കില്‍ അവിടെ നിന്ന് തന്നെ വിദേശികളെ തിരിച്ചയക്കാനും ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. ഇനി രാജ്യത്ത് തൊഴിലെടുക്കുകയോ പഠിക്കുകയോ ചെയ്യുന്ന ഒരാളുടെ വിസയാണ് റദ്ദാക്കുന്നതെങ്കില്‍ അയാള്‍ക്ക് രാജ്യം വിടാന്‍ നിശ്ചിത സമയമനുവദിക്കും.

ഇതറിയിച്ചുള്ള നോട്ടീസ് ഇ-മെയില്‍ വഴിയോ ഐ.ആര്‍.സി.സി അക്കൗണ്ട് വഴിയോ നല്‍കും. എന്നാല്‍ വിസയ്ക്കും പഠനത്തിനും കാനഡയിലെ താമസത്തിനുമൊക്കെയായി വിദേശ വിദ്യാര്‍ഥികള്‍ ചെലവാക്കിയതോ നിക്ഷേപിച്ചതോ ആയ പണത്തിന് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

കാനഡയില്‍ ഏറ്റവും കൂടുതല്‍ വിദേശ വിദ്യാര്‍ഥികളും തൊഴിലാളികളുമുള്ളത് ഇന്ത്യയില്‍ നിന്നാണ്. 4.2 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ഥികളുണ്ടെന്നാണ് കനേഡിയന്‍ സര്‍ക്കാരിന്റെ കണക്ക്.

താല്‍കാലിക വിസയിലെത്തുന്ന വിനോദ സഞ്ചാരികളും കൂടുതല്‍ ഇന്ത്യയില്‍ നിന്നാണ്. 2024 ന്റെ ആദ്യ പകുതിയില്‍ മാത്രം 3.6 ലക്ഷം ഇന്ത്യക്കാര്‍ക്കാണ് കാനഡ സന്ദര്‍ശക വിസ നല്‍കിയത്. 2023 ആദ്യ പകുതിയിലും 3.4 ലക്ഷം പേര്‍ക്ക് ട്രാവല്‍ വിസ നല്‍കി. 2024 നവംബറില്‍ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്.ഡി.എസ്) വിസ കാനഡ റദ്ദാക്കിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.