കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്ന് നേതാക്കള്‍; കെ. സുധാകരന് കൂടുതല്‍ പേരുടെ പിന്തുണ

കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ലെന്ന് നേതാക്കള്‍; കെ. സുധാകരന് കൂടുതല്‍ പേരുടെ പിന്തുണ

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസിലെ നേതൃമാറ്റ ചര്‍ച്ചകള്‍ പുരോഗമിക്കവേ കെ. സുധാകരനെ പിന്തുണച്ച് നേതാക്കള്‍. കെപിസിസി അധ്യക്ഷ മാറ്റത്തില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമ വാര്‍ത്തകള്‍ മാത്രമാണുള്ളത്. കോണ്‍ഗ്രസില്‍ ഒരു തര്‍ക്കവും ഇല്ലെന്നും അദേഹം വ്യക്തമാക്കി.

ഡല്‍ഹിയില്‍ ഹൈക്കമാന്‍ഡ് വിളിച്ചിട്ടുള്ള നാളത്തെ യോഗം നിയമസഭാ തിരഞ്ഞെടുപ്പ് വിഷയം ചര്‍ച്ച ചെയ്യാനാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലെയും നേതാക്കളെ ഇത്തരത്തില്‍ ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

കെപിസിസി നേതൃമാറ്റം സംബന്ധിച്ച് ഔദ്യോഗികമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് രമേശ് ചെന്നിത്തലയും പറഞ്ഞു. കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. സംസ്ഥാനത്തെ നേതൃമാറ്റം ഹൈക്കമാന്‍ഡ് തീരുമാനിക്കും. പാര്‍ട്ടി തീരുമാനം അന്തിമമാണെന്നും ചെന്നിത്തല പറഞ്ഞു.

കെപിസിസി അധ്യക്ഷന്‍ മാറേണ്ട സാഹചര്യമില്ലെന്ന് കെ. മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്ത് സംഘടനാ പ്രവര്‍ത്തനം മികച്ച രീതിയിലാണ് മുന്നോട്ടു പോകുന്നത്. വാര്‍ഡ് തലത്തില്‍ കുടുംബ സംഗമങ്ങളെല്ലാം നല്ല നിലയില്‍ രീതിയില്‍ നടക്കുന്നുണ്ട്. നല്ല ജനപങ്കാളിത്തവുമുണ്ട്. ശശി തരൂര്‍ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയിലെ ഐക്യമില്ലായ്മയുടെ പേരിലോ പ്രവര്‍ത്തനത്തിലെ പോരായ്മയുടെ പേരിലോ കെ. സുധാകരന്‍ മാറേണ്ടതില്ലെന്ന വാദം ആദ്യം ഉയര്‍ത്തിയത് വര്‍ക്കിങ് കമ്മിറ്റിയംഗം ശശി തരൂരാണ്. ഹൈക്കമാന്റ് തീരുമാനിച്ചാല്‍ മാറാന്‍ തയ്യാറെന്ന് ആദ്യം പറഞ്ഞ സുധാകരന്‍ പ്രസിഡന്റ് പദവിയില്‍ തുടരാനുള്ള എല്ലാ യോഗ്യതയും തനിക്കുണ്ടെന്നും കൂടുതല്‍ പേര്‍ പിന്തുണയുമായി എത്തുന്നുണ്ടെന്നും പറഞ്ഞു.

പിന്നാലെ കെപിസിസി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം സുധാകരനുള്ള പിന്തുണ പരസ്യമാക്കി. കെ. സുധാകരന്‍ അധ്യക്ഷനായ ശേഷമുള്ള മൂന്ന് ഉപതിരഞ്ഞെടുപ്പുകളിലെ മിന്നും ജയവും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും തദ്ദേശ ഉപതിരഞ്ഞെടുപ്പുകളിലെ മുന്നേറ്റവും അക്കമിട്ട് നിരത്തിയാണ് ബല്‍റാമിന്റെ പിന്തുണ.

കെപിസിസി തലപ്പത്ത് അഴിച്ചുപണിയെന്ന സൂചന നേരത്തേ വന്നപ്പോള്‍ തന്നെ സുധാകരനുള്ള പിന്തുണ രമേശ് ചെന്നിത്തല പരസ്യമാക്കിയിരുന്നു. പരസ്യ പ്രകടനത്തിന് മുതിര്‍ന്നില്ലെങ്കിലും പ്രസിഡന്റ് മാറണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷ നേതാവിന്. എന്നാല്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി ഭാരവാഹികളുടെ ഓണ്‍ലൈന്‍ യോഗത്തില്‍ സുധാകരനുമായി ഐക്യത്തോടെയാണ് പോകുന്നതെന്ന് വി.ഡി സതീശന്‍ നിലപാട് മയപ്പെടുത്തി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.