തിരുവനന്തപുരം: വയനാട് ദുരന്തത്തില്‍ ഇരയായവര്‍ക്ക് വേണ്ടിയുള്ള പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍ദ്ദിഷ്ട ടൗണ്‍ഷിപ്പില്‍ ഒരു വീട് നിര്‍മിക്കാനുള്ള സ്‌പോണ്‍സര്‍ഷിപ്പ് തുക 20 ലക്ഷം രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ചു. നേരത്തെ ഒരു വീടിന് 25 ലക്ഷം രൂപയാണ് നിര്‍മാണ ചെലവ് കണക്കാക്കിയിരുന്നത്.
ഇന്നത്തെ മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്. ടൗണ്‍ഷിപ്പിനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രം ഏറ്റെടുക്കാനും ഒരു കുടുംബത്തിന് ഏഴ് സെന്റ് ഭൂമിയില്‍ വീട് നിര്‍മിക്കാനുമാണ് തീരുമാനം. റസിഡന്‍ഷ്യല്‍ യൂണിറ്റായി ലഭിച്ച ഭൂമിയും വീടും 12 വര്‍ഷത്തേയ്ക്ക് വില്‍ക്കാന്‍ പാടില്ലെന്ന നിബന്ധനയുമുണ്ട്.
സര്‍ക്കാര്‍ നിര്‍മിക്കുന്ന ടൗണ്‍ഷിപ്പിന് പുറത്ത് താമസിക്കാന്‍ ആഗ്രഹിക്കുന്ന ഉരുള്‍പൊട്ടല്‍ ബാധിത കുടുംബങ്ങള്‍ക്ക് അനുവദിക്കുന്ന 15 ലക്ഷം രൂപയ്ക്ക് അര്‍ഹരായ ഗുണഭോക്താക്കള്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കപ്പെടും.
നോ-ഗോ സോണിന് പുറത്തായി സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകളെ ഉള്‍പ്പെടുത്തിയിട്ടുള്ള കരട് ഫേസ് B ലിസ്റ്റ്, നോ-ഗോ സോണിന്റെ പരിധിയില്‍ നിന്ന് 50 മീറ്ററിനുള്ളില്‍ പൂര്‍ണമായി ഒറ്റപ്പെട്ടുപോകുന്ന അവസ്ഥയിലുള്ള വീടുകള്‍ മാത്രം പരിഗണിച്ച് തിട്ടപ്പെടുത്താന്‍ വയനാട് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
വയനാട് മാതൃകാ ടൗണ്‍ഷിപ്പിലെ ഭൂമി പതിവ് വിഷയവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും മന്ത്രിസഭാ യോഗം അംഗീകരിച്ചു. എല്‍സ്റ്റണ്‍ എസ്റ്റേറ്റ് സ്ഥിതി ചെയ്യുന്നത് മുനിസിപ്പല്‍ പ്രദേശത്താണ്. ഭൂമി പതിച്ച് നല്‍കുന്നതിന് ഗുണഭോക്താവിന്റെ വരുമാന പരിധി കണക്കാക്കില്ല.
ടൗണ്‍ഷിപ്പില്‍ വീട് അനുവദിക്കുന്നതിനോ, 15 ലക്ഷം രൂപ നല്‍കുന്നതിനോ മുന്‍പ് പട്ടികയില്‍പെടുന്ന വീടുകളില്‍ നിന്നും ഉപയോഗയോഗ്യമായ ജനല്‍, വാതില്‍, മറ്റ് വസ്തുക്കള്‍ എന്നിവ ഗുണഭോക്താക്കള്‍ തന്നെ സ്വയം പൊളിച്ച് മാറ്റുന്നതിനും വില്ലേജ് ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും സംയുക്തമായി അക്കാര്യം ഉറപ്പ് വരുത്തുന്നതിനും നിര്‍ദേശം നല്‍കും.
ദുരന്ത ബാധിതര്‍ക്ക് നിലവില്‍ അനുവദിച്ചിട്ടുള്ള 300 രൂപ ബത്ത തുടരും. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കാന്‍ സ്റ്റേറ്റ് എംപവേര്‍ഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തും. സപ്ലൈകോ വഴി മാസം 1000 രൂപയുടെ സാധനങ്ങള്‍ വാങ്ങാവുന്ന കൂപ്പണ്‍ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ടില്‍ നിന്നും നല്‍കാനും ഓരോ കൂപ്പണും രണ്ട് മാസം വീതം കാലാവധി നല്‍കാനും തീരുമാനിച്ചു.
അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച തുക കൂടുതലാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവും കല്‍പ്പറ്റ എംഎല്‍എയുമായ ടി.സിദ്ദിഖ് രംഗത്ത് വന്നു. 15 ലക്ഷത്തിന് വീട് നിര്‍മിക്കാനാവും.
സര്‍ക്കാര്‍ ആദ്യം വീട് നിര്‍മാണത്തിന് നിശ്ചയിച്ചത് 30 ലക്ഷം രൂപയാണ്. അത് പിന്നീട് 25 ലക്ഷമായി, ഇപ്പോള്‍ 20 ലക്ഷമാക്കുന്നു. ലക്ഷങ്ങള്‍ വച്ചാണ് ഓരോ സമയത്തും കുറയ്ക്കുന്നത്. കണക്കുകള്‍ തൃപ്തികരമല്ല. ഈ പണത്തിലെ സര്‍ക്കാര്‍ താല്‍പര്യം എന്താണെന്ന് വ്യക്തമാക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.