ഡോ. ജോണ്‍ കര്‍വാല്ലൊ അജ്മീര്‍ രൂപതയുടെ പുതിയ ഇടയന്‍; ആശുപത്രിക്കിടക്കയില്‍ നിയമന ഉത്തരവ് ഒപ്പുവച്ച് ഫ്രാന്‍സിസ് പാപ്പ

ഡോ. ജോണ്‍ കര്‍വാല്ലൊ അജ്മീര്‍ രൂപതയുടെ പുതിയ ഇടയന്‍; ആശുപത്രിക്കിടക്കയില്‍ നിയമന ഉത്തരവ് ഒപ്പുവച്ച് ഫ്രാന്‍സിസ് പാപ്പ

അജ്മീര്‍: രാജസ്ഥാനിലെ അജ്മീര്‍ രൂപതയ്ക്ക് പുതിയ ഇടയന്‍. കര്‍ണാടക സ്വദേശിയായ ഫാ. ഡോ. ജോണ്‍ കര്‍വാല്ലൊയെ അജ്മീര്‍ രൂപതയുടെ നിയുക്ത മെത്രാനായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു.

റോമിലെ ജെമല്ലി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പ ശനിയാഴ്ചയാണ് ഇത് സംബന്ധിച്ച നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. 2024 ജൂണ്‍ ഒന്നിന് ബിഷപ്പ് പയസ് തോമസ് ഡിസൂസ വിരമിച്ചതിനെ തുടര്‍ന്നുള്ള ഒഴിവിലാണ് പുതിയ നിയമനം.

1969 ഏപ്രില്‍ 10 ന് കര്‍ണാടകയിലെ ഉഡുപ്പി രൂപതയിലെ മര്‍ഗോളിയിലാണ് ഫാ. ജോണ്‍ കര്‍വാല്ലൊയുടെ ജനനം. സാമൂഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദേഹം 1996 മെയ് 13 ന് പൗരോഹിത്യം സ്വീകരിച്ചു.

തുടര്‍ന്ന് കോട്ട സെന്റ് പോള്‍സ് ഇടവക സഹ വികാരി, ലദ്പുരയില്‍ ഇടവക വികാരി, അജ്മീര്‍ രൂപത സാമൂഹ്യ സേവന വിഭാഗത്തിന്റെ മേധാവി തുടങ്ങി വിവിധ തലങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സെന്റ് പോള്‍സ് മാധ്യമ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ചുമതല വഹിച്ചു വരവേയാണ് രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്.

1891 ല്‍ രാജസ്ഥാന്‍ മിഷനായാണ് ഇപ്പോഴുള്ള അജ്മീര്‍ രൂപതയുടെ തുടക്കം. 1913 മെയ് 22 ന് രാജ്പുത്താന അപ്പസ്‌തോലിക് പ്രിഫെക്ചറായി ഉയര്‍ത്തപ്പെട്ടു. 1955 മെയ് 13 ന് രൂപതയുടെ പേര് അജ്മീര്‍-ജയ്പൂര്‍ എന്നാക്കി മാറ്റി.

2005 ജൂലൈ 20 ന് അജ്മീര്‍ രൂപത വിഭജിച്ച് ജയ്പൂര്‍ രൂപത രൂപീകരിച്ചു. നിലവില്‍ അജ്മീര്‍ രൂപതയില്‍ പതിനയ്യായിരം വിശ്വാസികളും 104 വൈദികരുമുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.