തിരുവനന്തപുരം: പ്രതിപക്ഷ ആവശ്യം തള്ളി സംസ്ഥാന സര്‍ക്കാരിന്റെ സ്വകാര്യ സര്‍വകലാശാല ബില്‍ നിയമസഭാ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന പ്രതിപക്ഷ ആവശ്യമാണ് സര്‍ക്കാര്‍ തള്ളിക്കളഞ്ഞത്.
നിയമസഭയില്‍ വന്നതില്‍ വെച്ച് ഏറ്റവും മോശം ബില്ലുകളില്‍ ഒന്നാണ് സ്വകാര്യ സര്‍വകലാശാല ബില്ലെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് കൂടുതല്‍ അധികാരം നല്‍കുന്നു, സര്‍ക്കാരിന് വിദ്യാര്‍ഥികളുടെ പ്രവേശനത്തില്‍ നിയന്ത്രണമില്ല തുടങ്ങിയ പ്രശ്നങ്ങളും പ്രതിപക്ഷം ഉന്നയിച്ചു.
എന്നാല്‍ യുജിസി മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ബില്ലെന്നായിരുന്നു മന്ത്രി ആര്‍. ബിന്ദുവിന്റെ മറുപടി. പ്രോ ചാന്‍സിലര്‍ എന്ന നിലയ്ക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിലവില്‍ തന്നെ അധികാരങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ചാന്‍സിലറുടെ അധികാരങ്ങളുമായി ബന്ധപ്പെട്ട ഒരു ഭേദഗതിയും ബില്ലില്‍ കൊണ്ടു വന്നിട്ടില്ല. പ്രോ ചാന്‍സലറുടെ നിലവിലുള്ള അധികാരങ്ങളില്‍ സ്പഷ്ടത വരുത്തുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വിശദീകരിച്ചു.
കോളജ് അധ്യാപകര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷ പദവി വഹിക്കുന്ന കാലയളവ് വേതനമില്ലാത്ത അവധിയായി കണക്കാക്കാമെന്ന ബില്ലിലെ ഒരു വ്യവസ്ഥയാണ് വ്യക്തിപരമായ ആരോപണത്തിനും ബില്ലിനെ ഇകഴ്ത്താനും ചില മാധ്യമങ്ങളും ഏതാനും പ്രതിപക്ഷ എംഎല്‍എമാരും കാരണമാക്കുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.
മികച്ച വൈജ്ഞാനിക സമ്പത്തിനുടമകളായ അധ്യാപകരെ വികേന്ദ്രീകൃത ഭരണ സംവിധാനത്തിനു കൂടി ഉപയുക്തമാക്കുന്നത് ജനാധിപത്യ സംവിധാനത്തിന്റെ മികവ് കൂട്ടുകയേയുള്ളൂ. എന്നാലിത് സേവന കാലാവധി മൂന്നുവര്‍ഷം കൂടി ബാക്കി നില്‍ക്കെ 2021 ല്‍ സ്വയം വിരമിക്കല്‍ നേടി പിരിഞ്ഞ കോളജ് അധ്യാപികയായ തനിക്ക് അനുകൂലമാക്കാനാണെന്ന് ദുര്‍വ്യാഖ്യാനിക്കുന്നതില്‍ ദുഷ്ട ബുദ്ധിയുണ്ട്.
കാരണം ഒരു മുന്‍കാല പ്രാബല്യവും ഈ വ്യവസ്ഥയില്‍ ഇല്ലെന്നത് മറച്ചു വച്ചാണ് ഈ പ്രചാരണം. ഏതാനും ചില കേന്ദ്രങ്ങളില്‍ നിന്ന് ലഭിക്കുന്ന വ്യാജ വിവരങ്ങള്‍ വാസ്തവമായി അവതരിപ്പിക്കുന്നതിലെ അധാര്‍മികത ഇത് പ്രചരിപ്പിക്കുന്നവര്‍ പരിശോധിക്കണമെന്നും മന്ത്രി ആര്‍.ബിന്ദു പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.