ട്രംപിന്റെ കടുത്ത നടപടി; ഉക്രെയ്‌നുള്ള എല്ലാ സൈനിക സഹായവും അമേരിക്ക മരവിപ്പിച്ചു

ട്രംപിന്റെ കടുത്ത നടപടി; ഉക്രെയ്‌നുള്ള എല്ലാ സൈനിക സഹായവും അമേരിക്ക മരവിപ്പിച്ചു

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ വാക്കേറ്റം നടന്ന് ദിവസങ്ങള്‍ക്കകം ഉക്രെയ്‌നുള്ള എല്ലാ സൈനിക സഹായവും മരവിപ്പിച്ച് അമേരിക്ക.

റഷ്യയുമായുള്ള സമാധാന ചര്‍ച്ചകള്‍ക്ക് സമ്മതിക്കാന്‍ ഉക്രെയ്‌നുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമാണ് അമേരിക്കന്‍ നടപടി.

യുദ്ധം വേഗത്തില്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ട്രംപും സെലന്‍സ്‌കിയും തമ്മില്‍ ഓവല്‍ ഹൗസില്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രശ്‌ന പരിഹാരത്തിന് തീരുമാനമാകാതെ കൂടിക്കാഴ്ച വാക്കേറ്റത്തിലാണ് അവസാനിച്ചത്.

ഇതിന് പിന്നാലെയാണ് അമേരിക്കയുടെ കടുത്ത നടപടി. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ഉക്രെയ്‌ന് സാമ്പത്തിക, ആയുധ സഹായം നല്‍കില്ലെന്ന് വ്യക്തമാക്കയ ട്രംപ് സൈനിക ഉപകരണങ്ങളുടെ വിതരണം താല്‍ക്കാലികമായി നിര്‍ത്താന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനോട് നിര്‍ദേശിച്ചു.

'സമാധാനത്തിലാണ് താന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തില്‍ ഞങ്ങളുടെ പങ്കാളികളും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- വൈറ്റ് ഹൗസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

ഒരു പ്രശ്‌ന പരിഹാരത്തിന് സമ്മര്‍ദ്ദം ചെലുത്തുന്നതിന്റെ ഭാഗമായി ഉക്രെയ്‌നുള്ള തങ്ങളുടെ സഹായം താല്‍ക്കാലികമായി നിര്‍ത്തുകയാണന്നും സഹായം സംബന്ധിച്ച് അവലോകനം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടിയെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

ജോ ബൈഡന്‍ സര്‍ക്കാര്‍ ഉക്രെയ്‌ന് 65 ബില്യന്‍ ഡോളര്‍ സൈനിക സഹായമാണ് വാഗ്ദാനം ചെയ്തിരുന്നത്. സൈനിക സഹായം മുടങ്ങുന്നതോടെ യുദ്ധത്തില്‍ ഉക്രെയ്ന്‍ കൂടുതല്‍ പ്രതിരോധത്തിലാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.