പാസ്പോര്‍ട്ടില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍; ഇനി മുതല്‍ വയസ് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പാസ്പോര്‍ട്ടില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍; ഇനി മുതല്‍ വയസ് തെളിയിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

പാസ്പോര്‍ട്ടുകള്‍ക്ക് കളര്‍ കോഡിങ് സംവിധാനവും ഏര്‍പ്പെടുത്തി.

ന്യൂഡല്‍ഹി: പാസ്പോര്‍ട്ട് നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി കേന്ദ്ര സര്‍ക്കാര്‍. പുതിയ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കുന്നവര്‍ നിര്‍ബന്ധമായും ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതിയ പാസ്പോര്‍ട്ട് നിയമ ഭേദഗതി പ്രകാരം 2023 ഒക്ടോബര്‍ ഒന്നിനോ അതിന് ശേഷമോ ജനിച്ചവര്‍ പാസ്പോര്‍ട്ട് ലഭിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇവരുടെ ജനന സര്‍ട്ടിഫിക്കറ്റ് മാത്രമേ ജനന തീയതി തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി സ്വീകരിക്കുകയുള്ളൂ.

ഡോക്യുമെന്റേഷന്‍ കാര്യക്ഷമമാക്കുന്നതും പ്രായ പരിശോധനയില്‍ ഏകീകരണം ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടുള്ളതാണ് പുതിയ മാറ്റം. നിയമം ഫെബ്രുവരി 28 മുതല്‍ പ്രാബല്യത്തില്‍ വന്നു.

പുതിയ നിയമ പ്രകാരം മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, ദി രജിസ്ട്രാര്‍ ഓഫ് ബര്‍ത്ത്സ് ആന്റ് ഡെത്ത്സ്, രജിസ്‌ട്രേഷന്‍ ഓഫ് ബര്‍ത്ത്സ് ആന്റ് ഡെത്ത്സ് ആക്ട് 1969 ന് കീഴില്‍ വരുന്ന ഭരണ സംവിധാനം എന്നിവര്‍ നല്‍കുന്ന ജനന സര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജനന തിയതി തെളിയിക്കാനുള്ള ഔദ്യോഗിക രേഖയായി കണക്കാക്കുക.

2023 ഒക്ടോബര്‍ ഒന്നിന് മുന്‍പ് ജനിച്ചവര്‍ക്ക് ഈ നിയമം ബാധകമല്ല. ഇത്തരക്കാര്‍ക്ക് പഴയതുപോലെ തന്നെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍, പാന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് എന്നിവ ജനന തീയതി തെളിയിക്കാനുള്ള രേഖയായി സമര്‍പ്പിക്കാം.

വ്യക്തികളുടെ സ്വകാര്യത കണക്കിലെടുത്ത് അപേക്ഷകരുടെ വിലാസം ഇനി മുതല്‍ പാസ്പോര്‍ട്ടിന്റെ പുറം പേജില്‍ അച്ചടിക്കില്ല. ഇതിനു പകരം ബാര്‍ കോഡ് നല്‍കും.

പാസ്പോര്‍ട്ടുകള്‍ക്ക് കളര്‍ കോഡിങ് സംവിധാനവും ഏര്‍പ്പെടുത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വെള്ള നിറത്തിലുള്ള പാസ്പോര്‍ട്ട്, ഡിപ്ലോമാറ്റുകള്‍ക്ക് ചുവപ്പ്, സാധാരണക്കാര്‍ക്ക് നീല എന്നിങ്ങനെയാണ് പുതിയ മാറ്റം. പാസ്പോര്‍ട്ടിന്റെ അവസാന പേജില്‍ നിന്ന് മാതാപിതാക്കളുടെ വിവരങ്ങള്‍ ഒഴിവാക്കും. മാതാപിതാക്കള്‍ വിവാഹ മോചിതരായ കുട്ടികളെ പരിഗണിച്ചാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.