ഇന്ത്യയില്‍ നിന്നും കപ്പലില്‍, റെയില്‍ മാര്‍ഗം ഗള്‍ഫില്‍, അവസാനം യുഎസില്‍; സാമ്പത്തിക ഇടനാഴിയില്‍ നിര്‍ണായക ചര്‍ച്ച

ഇന്ത്യയില്‍ നിന്നും കപ്പലില്‍, റെയില്‍ മാര്‍ഗം ഗള്‍ഫില്‍, അവസാനം യുഎസില്‍; സാമ്പത്തിക ഇടനാഴിയില്‍ നിര്‍ണായക ചര്‍ച്ച

അബുദാബി: ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി നടപ്പാക്കുന്നത് സംബന്ധിച്ച് നിര്‍ണായക ചര്‍ച്ച നടത്തി ഇന്ത്യയും യുഎഇയും. ഷിപ്പിങ് ലൈനുകള്‍ ഉള്‍പ്പെടെയുള്ള പങ്കാളികളെക്കുറിച്ച് ഇരു രാജ്യങ്ങളിലേയും പ്രതിനിധി സംഘം ചര്‍ച്ചകള്‍ നടത്തി. തുറമുഖ, റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് പുറമെ, ഊര്‍ജ്ജ, ഡിജിറ്റല്‍ കണക്റ്റിവിറ്റിയും സാമ്പത്തിക ഇടനാഴിയുടെ ഭാഗമായിരിക്കും.

സൗരോര്‍ജ്ജത്തിനായി യുഎഇക്കും ഇന്ത്യയ്ക്കും ഇടയില്‍ വൈദ്യുത ഗ്രിഡ് സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്. പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള തീരുമാനം യോഗത്തിലുണ്ടായെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കാര്യക്ഷമത സൃഷ്ടിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനും ഫലപ്രദമായ ബദല്‍ റൂട്ടായി സാമ്പത്തിക ഇടനാഴി മാറുമെന്നാണ് പ്രതീക്ഷ. മുന്‍ യോഗത്തിലെന്ന പോലെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കും ഇവിടെ നിന്നും മറ്റ് രാജ്യങ്ങളിലേക്കുമുള്ള ചരക്ക് നീക്കം വേഗത്തിലാക്കാനും ഉള്ള ചര്‍ച്ചകള്‍ ഈ യോഗത്തിലും ഉണ്ടായെന്നാണ് സൂചന.

കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലപാത മന്ത്രാലയം സെക്രട്ടറി ടി.കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘം അബുദാബി തുറമുഖ സിഇഒ മുഹമ്മദ് ജുമ അല്‍ ഷാമിസിയുടെ നേതൃത്വത്തിലുള്ള സംഘവുമായാണ് ചര്‍ച്ച നടത്തിയത്. യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എച്ച്.ഇ സഞ്ജയ് സുധീര്‍, റൈറ്റ്‌സ് ലിമിറ്റഡ് സിഎംഡി രാഹുല്‍ മിത്തല്‍, ജവഹര്‍ലാല്‍ നെഹ്റു തുറമുഖ അതോറിറ്റി (ജെഎന്‍പിഎ) ചെയര്‍മാന്‍ ഉന്മേഷ് വാഗ് എന്നിവരായിരുന്നു ഇന്ത്യന്‍ സംഘത്തില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍. യോഗത്തിന് മുമ്പ്, ടെര്‍മിനല്‍ ഓപ്പറേറ്റര്‍മാര്‍, ഷിപ്പിങ് ലൈനുകള്‍, കസ്റ്റംസ് എന്നിവരുള്‍പ്പെടെയുള്ള പങ്കാളികളുമായും ഇവര്‍ ചര്‍ച്ച നടത്തി.

2023 സെപ്റ്റംബറില്‍ ഡല്‍ഹിയില്‍ നടന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ട്രാന്‍സ് കോണ്ടിനെന്റല്‍ കണക്റ്റിവിറ്റി പദ്ധതിയായ ഇന്ത്യ-മിഡില്‍ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി നടപ്പിലാക്കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യ, യുഎഇ, യുഎസ്എ, യൂറോപ്യന്‍ യൂണിയന്‍, സൗദി അറേബ്യ, ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ പദ്ധതിയുടെ ഭാഗമാകും.

ഇന്ത്യയില്‍ നിന്നും ആരംഭിക്കുന്ന ഇടനാഴി യുഎഇ, ജോര്‍ദാന്‍, സൗദി അറേബ്യ, ഇസ്രയേല്‍ എന്നിവയെ യൂറോപ്പുമായും അവിടെ നിന്ന് യുഎസുമായും ബന്ധിപ്പിക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. ജല, റോഡ്, റെയില്‍ ഗാതഗത മാര്‍ഗങ്ങള്‍ ഇടനാഴിക്ക് വേണ്ടി ഉപയോഗിക്കും. വ്യാപാരമാണ് പ്രധാന ലക്ഷ്യം. ഇന്ത്യയേയും യുഎഇയേയും ജലപാത വഴിയായിരിക്കും ബന്ധിപ്പിക്കുക. അവിടെ നിന്നും കരമാര്‍ഗം അതായത് റെയില്‍ വഴിയായിരിക്കും ഗതാഗതം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.