'വിരട്ടിയാല്‍ തങ്ങള്‍ ഭയപ്പെടില്ല; യുദ്ധമാണ് മനസിലിരിപ്പെങ്കില്‍ അതിനും തയ്യാറാണ്': അമേരിക്കയോട് ചൈന

'വിരട്ടിയാല്‍ തങ്ങള്‍ ഭയപ്പെടില്ല; യുദ്ധമാണ് മനസിലിരിപ്പെങ്കില്‍ അതിനും തയ്യാറാണ്': അമേരിക്കയോട്  ചൈന

ബെയ്ജിങ്: തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് അധിക തീരുവ ചുമത്താനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ പ്രതികരണവുമായി ചൈന.

'യുദ്ധമാണ് അമേരിക്ക ആഗ്രഹിക്കുന്നതെങ്കില്‍, അത് താരിഫ് യുദ്ധമായാലും, വ്യാപാര യുദ്ധമായാലും, അതല്ല, മറ്റേതെങ്കിലും തരത്തിലുള്ള യുദ്ധമാണ് മനസിലുള്ളതെങ്കില്‍ അവസാനം വരെ പോരാടാന്‍ തങ്ങള്‍ തയ്യാറാണ്. വിരട്ടലും ഭീഷണിയും ചൈനയോട് വിലപ്പോകില്ല'- ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പ്രതികരിച്ചു.

ചൈനീസ് ഇറക്കുമതികള്‍ക്ക് യു.എസ് തീരുവ ഉയര്‍ത്തുന്നതിനുള്ള ഒരു ദുര്‍ബലമായ ഒഴിവ്കഴിവാണ് ഫെന്റനൈല്‍ ലഹരി മരുന്ന് പ്രശ്‌നം. അമേരിക്കയിലെ ഫെന്റനൈല്‍ പ്രതിസന്ധിക്ക് ഉത്തരവാദി അവര്‍ തന്നെയാണ്.

മനുഷ്യത്വവും അമേരിക്കന്‍ ജനതയോടുള്ള സൗമനസ്യവും കണക്കിലെടുത്ത് ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ അമേരിക്കയെ സഹായിക്കുന്നതിന് തങ്ങള്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആ ശ്രമങ്ങളെ അംഗീകരിക്കുന്നതിന് പകരം ചൈനയെ കുറ്റപ്പെടുത്താനാണ് യു.എസ് ശ്രമം.

കൂടാതെ താരിഫ് വര്‍ധനയിലൂടെ ചൈനയെ സമ്മര്‍ദ്ദത്തിലാക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനും ശ്രമിക്കുന്നു. അവരെ സഹായിച്ചതിന് അവര്‍ തങ്ങളെ ശിക്ഷിക്കുകയാണ്. ഇത് യുഎസിന്റെ പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നില്ലെന്ന് മാത്രമല്ല മയക്കുമരുന്ന് വിരുദ്ധ സംഭാഷണത്തെയും സഹകരണത്തെയും ദുര്‍ബലപ്പെടുത്തുകയും ചെയ്യുമെന്നും ചൈനീസ് വക്താവ് പറഞ്ഞു.

ഭീഷണിപ്പെടുത്തല്‍ തങ്ങളെ ബാധിക്കില്ല. സമ്മര്‍ദ്ദം ചെലുത്തുകയോ നിര്‍ബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നത് ചൈനയെ നേരിടാനുള്ള ശരിയായ മാര്‍ഗമല്ല. ചൈനയ്ക്കുമേല്‍ പരമാവധി സമ്മര്‍ദം ചെലുത്തുന്നവര്‍ ആരായാലും അവരുടേത് തെറ്റായ കണക്കുകൂട്ടലാണ്. ഫെന്റനൈല്‍ പ്രശ്‌നം പരിഹരിക്കാന്‍ യു.എസ് ശരിക്കും ആഗ്രഹിക്കുന്നുവെങ്കില്‍, പരസ്പരം തുല്യരായി പരിഗണിച്ച് ചൈനയുമായി കൂടിയാലോചിക്കുക എന്നതാണ് ശരിയായ കാര്യമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

അമേരിക്കയില്‍ വലിയ പ്രശ്നമായി മാറിയിരിക്കുന്ന ഫെന്റനൈല്‍ എന്ന ലഹരി മരുന്നിന്റെ ഉല്‍പാദനത്തിനായി മെക്‌സിക്കന്‍ കാര്‍ട്ടലുകള്‍ ചൈനീസ് കമ്പനികളില്‍ നിന്ന് രാസവസ്തുക്കള്‍ വാങ്ങുന്നുണ്ടെന്നാണ് ട്രംപിന്റെ ആരോപണം.

ചൈനയും ഇന്ത്യയുമടക്കമുള്ള രാജ്യങ്ങള്‍ യു.എസിനുമേല്‍ കൂടുതല്‍ തീരുവ ചുമത്തുന്നുവെന്ന ആരോപണം ട്രംപ് നേരത്തേ ഉന്നയിച്ചിരുന്നു. വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ആരോപണം അദേഹം വീണ്ടും ആവര്‍ത്തിച്ചു. ഏപ്രില്‍ രണ്ട് മുതല്‍ പകരച്ചുങ്കം ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

താരിഫ് യുദ്ധത്തില്‍ അമേരിക്കയോട് ഏറ്റുമുട്ടാനുറച്ചാണ് ചൈനയുടെ നീക്കം. മാര്‍ച്ച് 10 മുതല്‍ കോഴിയിറച്ചി, ചോളം, പരുത്തി എന്നിവ ഉള്‍പ്പെടെ യു.എസില്‍ നിന്നുള്ള ഇറക്കുമതിക്ക് 10 മുതല്‍ 15 ശതമാനം വരെ തീരുവ ചൈന പ്രഖ്യാപിച്ചിരുന്നു.

യു.എസില്‍ നിന്നുള്ള കോഴി, ഗോതമ്പ്, ചോളം, പരുത്തി എന്നിവയ്ക്ക് 15 ശതമാനവും സോയാബീന്‍, പന്നിയിറച്ചി, പോത്തിറച്ചി, സമുദ്ര വിഭവങ്ങള്‍, പഴം, പച്ചക്കറി, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് 10 ശതമാനംവും തീരുവ ഈടാക്കാനാണ് തീരുമാനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.