എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തിനിടെയുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ബ്രിട്ടണ്‍

എസ്. ജയശങ്കറിന്റെ സന്ദര്‍ശനത്തിനിടെയുണ്ടായ ആക്രമണ ശ്രമത്തെ  അപലപിച്ച് ബ്രിട്ടണ്‍

ലണ്ടന്‍: വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേര്‍ക്ക് ലണ്ടനിലുണ്ടായ ആക്രമണ ശ്രമത്തെ അപലപിച്ച് ബ്രിട്ടണ്‍. ബുധനാഴ്ചയുണ്ടായ പ്രതിഷേധമാണ് സുരക്ഷാ വീഴ്ചയിലേക്ക് നീങ്ങിയത്.

ഒരു ചര്‍ച്ചയ്ക്ക് ശേഷം ജയശങ്കര്‍ ചാത്തം ഹൗസ് വേദിയില്‍ നിന്ന് ഇറങ്ങുമ്പോള്‍ ഖാലിസ്ഥാന്‍ വാദിയായ ഒരാള്‍ അദേഹത്തിന്റെ കാറിലേക്ക് ഓടിക്കയറി പോലീസ് ഉദ്യോഗസ്ഥരുടെ മുന്നില്‍ ഇന്ത്യന്‍ ദേശീയ പതാക വലിച്ചു കീറുകയായിരുന്നു.

പൊതുപരിപാടികളെ തടസപ്പെടുത്താനുള്ള ഏതൊരു ശ്രമവും അംഗീകരിക്കാനാവില്ലെന്ന് യു.കെ വിദേശകാര്യ, കോമണ്‍ വെല്‍ത്ത്, വികസന ഓഫീസ് (എഫ്സിഡിഒ) വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

'ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുടെ യു.കെ സന്ദര്‍ശന വേളയില്‍ ചാത്തം ഹൗസിന് പുറത്ത് നടന്ന സംഭവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. സമാധാനപരമായ പ്രതിഷേധത്തിനുള്ള അവകാശം യു.കെ ഉയര്‍ത്തിപ്പിടിക്കുമ്പോള്‍ പൊതു പരിപാടികളെ ഭീഷണിപ്പെടുത്താനോ തടസപ്പെടുത്താനോ ഉള്ള ഏതൊരു ശ്രമവും പൂര്‍ണമായും അംഗീകരിക്കാനാവില്ല'- വ്യാഴാഴ്ച പുറത്തിറക്കിയ എഫ്സിഡിഒ പ്രസ്താവനയില്‍ പറഞ്ഞു.

'മെട്രോപൊളിറ്റന്‍ പൊലീസ് സ്ഥിതിഗതികള്‍ പരിഹരിക്കാന്‍ വേഗത്തില്‍ പ്രവര്‍ത്തിച്ചു. ഞങ്ങളുടെ അന്താരാഷ്ട്ര ബാധ്യതകള്‍ക്ക് അനുസൃതമായി, ഞങ്ങളുടെ എല്ലാ നയതന്ത്ര സന്ദര്‍ശകരുടെയും സുരക്ഷ ഉറപ്പാക്കാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ്'- പ്രസ്താവന തുടര്‍ന്നു.

സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. മന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് ഒരാള്‍ ആക്രമണോത്സുകനായി പാഞ്ഞടുക്കുന്നത് കാണാം. തുടക്കത്തില്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കാന്‍ മടിച്ചു നിന്നിരുന്നു.

പ്രതിഷേധക്കാരന്‍ ഇന്ത്യയുടെ ത്രിവര്‍ണ പതാക വലിച്ചു കീറുന്നത് കാണാം. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊലീസ് ഇടപെട്ട് അയാളെയും മറ്റ് പ്രതിഷേധക്കാരേയും കസ്റ്റഡിയിലെടുത്തു.

എസ്. ജയശങ്കറിന്റെ നേര്‍ക്ക് ബ്രിട്ടനിലുണ്ടായ ആക്രമണ ശ്രമത്തില്‍ ഇന്ത്യ അപലപിക്കുകയും ബിട്ടന്‍ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.