മെൽബൺ സെന്റ് അൽഫോൺസ സീറോ മലബാർ കത്തീഡ്രലിൽ നടന്ന മാധ്യമ അവബോധ സെമിനാർ മാർ ജോൺ പനംതോട്ടത്തിൽ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു. സീ ന്യൂസ് ലൈവ് അഡ്വൈസറി എഡിറ്റർ പ്രകാശ് ജോസഫ്, സിഇഒ ലിസി കെ ഫർണാണ്ടസ്, ബീന ഷാജി, കത്തീഡ്രൽ വികാരി ഫാ. മാത്യു അരീപ്ലാക്കൽ എന്നിവർ സമീപം
മെൽബൺ: ആധുനിക ലോകത്ത് തിരുസഭയെ മാധ്യമങ്ങൾ വഴി അവഹേളിക്കുമ്പോൾ സീ ന്യൂസ് ലൈവ് ചെയ്യുന്ന പ്രവർത്തനം മഹത്തരമാണെന്ന് മെൽബൺ രൂപത ബിഷപ്പ് മാർ ജോൺ പനംതോട്ടത്തിൽ. മെൽബൺ സെന്റ് അൽഫോൺസ സീറോ മലബാർ കത്തീഡ്രലിൽ സീ ന്യൂസ് ലൈവ് സംഘടിപ്പിച്ച 'മാധ്യമ അവബോധം ക്രിസ്തീയ ജീവിതത്തിന് അനിവാര്യം' എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോൺ പനംതോട്ടത്തിൽ.
'സഭയെ മർദിക്കുന്നവരുടെ ഏറ്റവും വലിയ ആയുധം മീഡിയ ആണ്. രാസായുധത്തെക്കാൾ വലിയ ആക്രമകാരിയാണ് മീഡിയ. ഈ ഒരു സാഹചര്യത്തിൽ സീ ന്യൂസ് ലൈവ് ചെയ്യുന്നത് കുരിശിന്റെ വഴിയിൽ ഈശോയെ വേറോനിക്ക ആശ്വസിപ്പിച്ചതുപോലെയുള്ള വലിയ മിഷനാണ്. സഭയെ തലങ്ങും വിലങ്ങും മർദിക്കുമ്പോൾ താങ്ങായി സംരക്ഷണമായി സീ ന്യൂസ് നിലനിൽക്കുന്നുണ്ട്'. - മാർ ജോൺ പനംതോട്ടത്തിൽ പറഞ്ഞു.
'സഭയെ ആക്രമിക്കുന്ന നവമാധ്യമങ്ങളുടെ ഉദ്ദേശശുദ്ധി നാം മനസിലാക്കണം. ചിലർ പണവും പ്രശസ്തിയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. അതിനായി സത്യത്തിന്റെ ലവലേശം പോലുമില്ലാതെ വാർത്തകൾ പ്രചരിപ്പിക്കുന്നു. ഒരു മൊബൈൽ ഫോൺ വഴി എന്തും ചെയ്യാമെന്ന് അവർ ചിന്തിക്കുന്നു. യൂറോപ്പിലടക്കം സഭയെയും പ്രവർത്തനങ്ങളെയും നശിപ്പിക്കുന്നത് സംഘടിതമായാണ്. അതും നാം തിരിച്ചറിയണം. നിരന്തരം മാധ്യമങ്ങളിലൂടെ സഭയെ തേജോവധം ചെയ്യുന്നു. സഭാമക്കൾ തന്നെയാണ് ഇതിൽ ഭൂരിഭാഗവുമെന്നതാണ് ശ്രദ്ധേയം. മറ്റൊരു മതസ്ഥരും സ്വന്തം മത നേതാക്കളെ കുറ്റം പറഞ്ഞ് മുന്നോട്ടു വരില്ല. ഏറ്റവും കൂടുതൽ സ്വന്തം മതത്തെ വിമർശിക്കുന്നത് ക്രിസ്ത്യാനികളാണ്' - മാർ ജോൺ പനംതോട്ടത്തിൽ കൂട്ടിച്ചേർത്തു.

'സ്വന്തം വീട്ടിൽ ഒരാൾ തെറ്റ് ചെയ്താൽ സോഷ്യൽ മീഡിയയിൽ നിങ്ങൾ പോസ്റ്റ് ചെയ്യുമോ? സഭ മാതാവാണെന്ന ഉത്തമ ബോധ്യം നമുക്കുണ്ടാവണം. മാധ്യമ അവബോധം നാം തിരിച്ചറിയണം. വരും തലമുറയിലേക്ക് നാം കൊടുക്കുന്ന നെഗറ്റീവ് മെസേജുകളെക്കുറിച്ച് നാം ജാഗ്രത പുലർത്തണം' - ബിഷപ്പ് പറഞ്ഞു.
മെൽബൺ സെന്റ് അൽഫോൺസ സീറോ മലബാർ കത്തീഡ്രലിൽ നടന്ന സെമിനാറിൽ സീ ന്യൂസ് ലൈവ് അഡ്വൈസറി എഡിറ്ററും മാധ്യമ പ്രവർത്തകനുമായ പ്രകാശ് ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സീ ന്യൂസ് ലൈവ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. ലിസി കെ ഫെർണാണ്ടസ് ക്ലാസ് എടുത്തു. വചന ശുശ്രൂഷയും ആരാധനയും സെമിനാറിനോടൊപ്പം ഉണ്ടായിരുന്നു.
മെൽബൺ സീറോ മലബാർ കത്തീഡ്രൽ വികാരി ഫാ. മാത്യു അരീപ്ലാക്കൽ സെമിനാറിൽ സന്നിഹിതനായിരുന്നു. സീറോമലബാർ യൂത്ത് അപ്പസ്തൊലേറ്റ് ഡയറക്ടർ സോജിൻ സെബാസ്റ്റ്യൻ ആശംസകൾ നേർന്നു. ബീന ഷാജി സ്വാഗതവും ഗ്ലാഡിസ് സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു. ലിജോ ജോർജ് പ്രാർത്ഥന ഗീതം ആലപിച്ചു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.