ദമാസ്‌കസ്: സിറിയയില്‍ നിലനില്‍ക്കുന്ന ആഭ്യന്തരകലഹങ്ങളിലും സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളിലും അതിശക്തമായി പ്രതിഷേധിച്ച് രാജ്യത്തെ ക്രൈസ്തവ നേതൃത്വം. സിറിയയിലെ പുതിയ ഭരണനേതൃത്വവുമായി ബന്ധമുള്ള ഭീകരര്‍ സാധാരണക്കാരെയും സുരക്ഷാ സേനയെയും കൊലപ്പെടുത്തുന്നതിനെതിരെയാണ് ക്രൈസ്തവ നേതൃത്വം രംഗത്തെത്തിയിരിക്കുന്നത്.
പൊന്തിഫിക്കല്‍ ചാരിറ്റി സംഘടനയായ എയ്ഡ് ടു ദി ചര്‍ച്ച് ഇന്‍ നീഡ്, സിറിയയ്ക്കുവേണ്ടി അടിയന്തര പ്രാര്‍ത്ഥനാ അഭ്യര്‍ത്ഥന നടത്തി. സമീപ ദിവസങ്ങളില്‍ സിറിയയില്‍ അക്രമത്തിന്റെയും ക്രൂര കൊലപാതകത്തിന്റെയും എണ്ണം അപകടകരമാവിധം വര്‍ധിച്ചിട്ടുണ്ട്. ഇത് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നിരപരാധികളായ സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങളായി മാറുന്നു. മാര്‍ച്ച് ആറ് മുതല്‍ ആരംഭിച്ച കിരാതമായ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് സിറിയയിലെ ക്രിസ്ത്യന്‍ നേതൃത്വം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.

2025 മാര്‍ച്ച് ഒന്‍പതിലെ പ്രതിഷേധം ( മർജെ സ്ക്വയർ)
അന്ത്യോക്യയിലെയും കിഴക്കന്റേയും മെല്‍ക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ പാത്രിയാര്‍ക്കീസായ ആര്‍ച്ച് ബിഷപ്പ് യൂസഫ് അബ്‌സി, അന്ത്യോക്യയിലെയും കിഴക്കന്റേയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസായ ജോണ്‍ എക്‌സ്, യൂണിവേഴ്‌സല്‍ സിറിയക് ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത തലവനായ അന്ത്യോക്യയിലെയും കിഴക്കന്റേയും സിറിയന്‍ പാത്രിയാര്‍ക്കീസും യൂണിവേഴ്‌സല്‍ സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമോന്നത തലവനുമായ മോര്‍ ഇഗ്‌നേഷ്യസ് അഫ്രേം രണ്ടാമനും മാര്‍ച്ച് എട്ടിന് അക്രമങ്ങളെ അപലപിച്ചുകൊണ്ട് പ്രസ്താവനകള്‍ പുറപ്പെടുവിച്ചിരുന്നു.
സിറിയന്‍ ജനതയില്‍ ദേശീയ അനുരഞ്ജനം കൈവരിക്കുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ വേഗത്തില്‍ സൃഷ്ടിക്കണമെന്ന് ക്രൈസ്ത നേതൃത്വം ആഹ്വാനം ചെയ്തു. സിറിയയിലെ എല്ലാ പൗരന്മാരെയും പുതിയ രാഷ്ട്രീയ വ്യവസ്ഥയില്‍ ഉള്‍പ്പെടുത്തുന്നതിനായി ഡിസംബറില്‍ നടത്തിയ ആഹ്വാനം അവര്‍ ആവര്‍ത്തിച്ചു. എല്ലാ പൗരന്മാരെയും ബഹുമാനിക്കുകയും തുല്യ പൗരത്വത്തിലും യഥാര്‍ത്ഥ പങ്കാളിത്തത്തിലും അധിഷ്ഠിതമായ ഒരു സമൂഹത്തിന് അടിത്തറയിടുകയും ചെയ്യണം. കൂടാതെ പ്രതികാര മനോഭാവത്തില്‍ നിന്നും മുക്തമായ ഒരു രാഷ്ട്രത്തിലേക്കുള്ള പരിവര്‍ത്തനം ആവശ്യമാണെന്നും അവര്‍ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
സിറിയയില്‍ സുരക്ഷ സേനയും മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള ആഭ്യന്തര യുദ്ധമാണ് ലഹളക്ക് വഴി മാറിയത്. സിറിയയിലെ സാഹചര്യം അങ്ങേയറ്റം ഭയാനകമാണെന്ന് ഐക്യരാഷ്ട്രസഭയും വ്യക്കമാക്കിയിരുന്നു. യു.കെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിന്റെ കണക്കനുസരിച്ച് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ഇതുവരെ നടന്ന അക്രമങ്ങളില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
പ്രസിഡന്റിന്റെ പിന്തുണക്കാരായ ഭീകരര്‍ പുരുഷന്മാരെ മുട്ടുകുത്തിച്ച് വെടിവച്ച് കൊല്ലുന്നതിന്റെ വീഡിയോകള്‍ പുറത്ത് വന്നിരുന്നു. സിറിയയുടെ പടിഞ്ഞാറന്‍ തീരത്തുള്ള ബനിയാസിനില്‍ ഭീകരര്‍ ആളുകളെ തെരുവിലിറക്കി വെടിവച്ചു കൊല്ലുന്ന ഭീകര കാഴ്ചകളും പുറത്ത് വന്നിട്ടുണ്ട്. സ്ത്രീകളെ മര്‍ദിക്കുകയും നഗ്‌നരാക്കി തെരുവിലൂടെ നടത്തുകയും ചെയ്തായും അന്താരാഷ്ട്ര മാധ്യമത്തോട് ഒരു ദൃക്സാക്ഷി വെളിപ്പെടുത്തിയിരുന്നു.

സിവിലിയന്മാരെയും സുരക്ഷാ സേനയെയും കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് 2025 മാർച്ച് 9 ന് സിറിയയിലെ ഡമാസ്കസിലെ മർജെ സ്ക്വയറിൽ ജനങ്ങൾ പ്രകടനം നടത്തുന്നു.
അക്രമം ഏറ്റവും കൂടുതല്‍ ബാധിച്ചത് ബനിയാസിന്‍ പട്ടണത്തിലാണ്. എല്ലായിടത്തും മൃതദേഹങ്ങള്‍ കിടന്നിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വീടുകളില്‍, കെട്ടിടങ്ങള്‍ക്ക് മുകളില്‍, തെരുവുകളില്‍ എല്ലാം ശവശരീരങ്ങള്‍ കുന്നുകൂടിയിരുന്നു. പക്ഷെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആരും തയ്യാറല്ല.
സിറിയയില്‍ ക്രിസ്ത്യാനികളെ തിരഞ്ഞ് പിടിച്ച് കൊലപ്പെടുത്തുന്നുണ്ടെന്നും മാധ്യമങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായും നിശബ്ദരാണെന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ക്രിസ്ത്യന്‍ എമര്‍ജന്‍സി അലയന്‍സ് ഒരു വീഡിയോ പങ്കുവെക്കുകയും മാധ്യമങ്ങളില്‍ കാണിക്കുന്നതിനേക്കാള്‍ വളരെ മോശമാണ് സ്ഥിതിയെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഡിസംബര്‍ ആദ്യം ഇസ്ലാമിക ഗ്രൂപ്പായ ഹയാത്ത് തഹ്രിര്‍ അല്‍-ഷാമിന്റെ നേതൃത്വത്തിലുള്ള വിമത ഗ്രൂപ്പുകള്‍ അസദിന്റെ സര്‍ക്കാരിനെ അട്ടിമറിച്ചതിന് ശേഷം ഉണ്ടായ ഏറ്റവും വലിയ അക്രമമാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന ഏറ്റുമുട്ടല്‍. 14 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് ശേഷം സിറിയയെ ഒന്നിപ്പിക്കുമെന്നായിരുന്നു പുതിയ സര്‍ക്കാരിന്റെ വാഗ്ദാനം.
2011 മാര്‍ച്ച് മുതല്‍ സിറിയയില്‍ തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ അരലക്ഷത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ കുടിയിറക്കപ്പെടുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.