ബീജിങ്: പക്ഷാഘാതവും ഹൃദയാഘാതവും തടയുന്നതിന് വാക്‌സിന്‍ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി ചൈന. ധമനികളില്‍ പ്ലാക്ക് അടിഞ്ഞ് കൂടുന്ന അവസ്ഥ തടയാന്‍ വാക്‌സിനിലൂടെ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. എലികളില്‍ നടത്തിയ പഠനം വിജയകരമാണെന്നും ഇത് സംബന്ധിച്ച് കൂടുതല്‍ പഠനം ആസൂത്രണം ചെയ്യുകയാണെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ധമനികളില്‍ പ്ലാക്ക് രൂപപ്പെടുന്നത് മൂലമാണ് രക്തം കട്ടപിടിക്കുകയും ഹൃദയഘാതം, പക്ഷാഘാതം പോലുള്ള അവസ്ഥ ഉണ്ടാകുകയും ചെയ്യുന്നത്. ആതെറോസ്‌ക്ലെറോസിസ് എന്നാണ് ധമനികള്‍ക്കുള്ളില്‍ പ്ലാക്കിന്റെ ചെറിയ ആവരണം രൂപപ്പെടുന്ന അവസ്ഥയെ പറയുന്നത്. മുന്‍പ് സ്‌കാനിങ്ങിലൂടെയാണ് ഇത് കണ്ടെത്തിയിരുന്നത്.
നിലവില്‍ ഇത്തരം സാഹചര്യങ്ങളില്‍ ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയകളിലൂടെയാണ് ബ്ലോക്കുകള്‍ നീക്കം ചെയ്യുന്നത്. രക്തക്കുഴലുകള്‍ തുറന്നിരിക്കാന്‍ സ്റ്റെന്റുകളും ഉപയോഗിക്കും. എന്നാല്‍ ശസ്ത്രക്രിയക്ക് പകരം വാക്‌സിനുകളിലൂടെ ഇത് തടയാം എന്നാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ ഹൃദയാഘാതം മൂലം മരണപ്പെടുന്നുണ്ട്. ഓരോ 34 സെക്കന്‍ഡിലും ഒരാള്‍ ഹൃദ്രോഗം മൂലം ലോകത്ത് മരിക്കുന്നുണ്ടെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഹൃദയാഘാതവും പക്ഷാഘാതവുമെല്ലാം തടയാനുള്ള വാക്‌സിന്റെ കണ്ടുപിടിത്തം വളരെ വിപ്ലവകരമായ മുന്നേറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
വാക്‌സിന്‍ എങ്ങനെ പ്രവര്‍ത്തിക്കും?
രോഗത്തെ തടയാന്‍ വാക്‌സിനുകള്‍ സഹായിക്കുമെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍ വളരെയേറെക്കാലമായി വിശ്വസിച്ചിരുന്നത്. എന്നാല്‍ നേച്ചര്‍ കമ്മ്യൂണിക്കേഷന്‍സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനത്തില്‍ പറയുന്നത് എലികളില്‍ വാക്‌സിന്‍ ഉപയോഗിച്ചപ്പോള്‍ ആതെറോസ്‌ക്ലെറോസിസ് തടയാന്‍ സാധിച്ചുവെന്നാണ്. തങ്ങളുടെ നാനോ വാക്‌സിന്‍ ഡിസൈനും പ്രിക്ലിനിക്കല്‍ ഡാറ്റയും ആതെറോസ്‌ക്ലെറോസിസിനെ തടയാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയതായി ചൈനയിലെ നാന്‍ജിങ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വ്യക്തമാക്കി.
ഇന്‍ഫ്‌ളമേഷന്‍ കുറക്കാനും ആതെറോസ്‌ക്ലെറോസിസിനെതിരെ പോരാടാനും സഹായിക്കുന്ന വിവിധ പ്രോട്ടീനുകളുടെ ഒരു ഡിജിറ്റല്‍ ലൈബ്രറി മുന്‍ പഠനങ്ങനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. അതിലൊന്നാണ് പി210 . ഇത് ആതെറോസ്‌ക്ലീറോസിസ് ചെറുക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തല്‍. അതുകൊണ്ട് തന്നെ പുതിയ വാക്‌സിനിലും ഈ പ്രോട്ടീന്‍ ശാസ്ത്രജ്ഞര്‍ ഉപയോഗിച്ചേക്കും.
ഉയര്‍ന്ന കൊളസ്‌ട്രോള്‍ ഭക്ഷണക്രമം പിന്തുടരുന്ന എലികളില്‍ വ്യത്യസ്ത വാക്‌സിന്‍ ഡിസൈനുകള്‍ പ്ലേക്ക് രൂപപ്പെടുന്നതും ആതെറോസ്‌ക്ലീറോസിസ് ഉണ്ടാകുന്നതും തടയാനും സഹായിച്ചതായി പഠനത്തില്‍ പറയുന്നു. വാക്‌സിന്‍ ശരീരത്തിന് വേണ്ട ഘടകങ്ങള്‍ ആഗിരണം ചെയ്യാനും പിന്നീട് രോഗപ്രതിരോധ കോശങ്ങളെ സജീവമാക്കാനും സഹായിച്ചു. പി210 ക്കെതിരായ ആന്റിബോഡികള്‍ നിര്‍മിക്കാന്‍ ശരീരത്തെ സഹായിക്കുന്ന നിരവധി മാറ്റങ്ങള്‍ വാക്‌സിന്‍ വരുത്തിയതായും കണ്ടെത്തി.
അതേസമയം എലികളില്‍ ആതെറോസ്‌ക്ലീറോസിസ് എത്രമാത്രം തടയാന്‍ നാനോ വാക്‌സിന് സാധിക്കുമെന്ന കാര്യമാണ് ഇനി ശാസ്ത്രജ്ഞര്‍ പരിശോധിക്കുക. ഇതിന് കൂടുതല്‍ പഠനങ്ങള്‍ അവര്‍ ആസൂത്രണം ചെയ്യുന്നുണ്ട്. കൂടുതല്‍ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമായത് കൊണ്ടുതന്നെ ഈ വാക്‌സിനുകള്‍ ഉടന്‍ വിപണിയില്‍ ലഭ്യമാകില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.