വത്തിക്കാൻ സിറ്റി: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട് നാല് ആഴ്ചകൾ കടന്നുപോകുമ്പോൾ ആഴ്ചതോറും വിശ്വാസികൾക്കൊപ്പം നടത്താറുള്ള ത്രികാല പ്രാർത്ഥന നയിക്കാൻ സാധിച്ചില്ലെങ്കിലും അതോടനുബന്ധിച്ച് നൽകാറുള്ള ഞായറാഴ്ച സന്ദേശങ്ങൾ മാർപാപ്പ മുടക്കിയില്ല. രോഗക്കിടക്കയിൽ നിന്ന് നാലാമത്തെ ആഴ്ചയിലും തന്റെ സന്ദേശം പങ്കുവെച്ചുകൊണ്ട് മാർപാപ്പ.
രോഗികൾക്കു നൽകുന്ന പരിചരണത്തെ 'ആർദ്രതയുടെ അദ്ഭുതം' എന്ന് പാപ്പാ വിശേഷിപ്പിച്ചു. വിവിധ സ്ഥലങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന അക്രമാസക്തമായ സംഘർഷങ്ങൾമൂലം ക്ലേശമനുഭവിക്കുന്ന അനേകർക്കുവേണ്ടി താൻ പ്രാർത്ഥിക്കുന്നുണ്ടെന്നും മാർപാപ്പ പറഞ്ഞു.വത്തിക്കാൻ പ്രസ് ഓഫീസ് പുറത്തുവിട്ട ഫ്രാൻസിസ് പാപ്പയുടെ ഞായറാഴ്ച സന്ദേശത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
ഇരു ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പാപ്പാ, റോമിലെ ജെമേല്ലി ആശുപതിയിൽ സുഖം പ്രാപിച്ചുവരികയാണ്. പാപ്പായുടെ നിർദ്ദേശപ്രകാമാണ്, വത്തിക്കാൻ പ്രസ് ഓഫീസ് ഞായറാഴ്ചത്തെ ത്രികാലപ്രാർഥനയോടനുബന്ധിച്ചുള്ള ഈ സന്ദേശം പ്രസിദ്ധീകരിച്ചത്.
ഉയിർപ്പുതിരുനാൾ ലക്ഷ്യമാക്കിയുള്ള സഭയുടെ നോമ്പുകാലയാത്രയെ പരിശുദ്ധ പിതാവ് പ്രത്യേകം അനുസ്മരിച്ചു. ആത്മവിശുദ്ധീകരണത്തിനും നവീകരണത്തിനുമായുള്ള ഒരു അവസരമായും വിശ്വാസം, പ്രത്യാശ, സ്നേഹം എന്നീ പുണ്യങ്ങളിൽ വളരാനുള്ള ഒരു പാതയായും നോമ്പുകാലത്തെ മാറ്റണമെന്ന് പാപ്പാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
രോഗീപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന അനേകരെക്കുറിച്ച് താൻ ചിന്തിക്കുന്നതായി മാർപാപ്പാ പറഞ്ഞു. അവരുടെ പരിചരണം സ്വീകരിക്കുന്നവർ, അവരിലൂടെ കർത്താവിന്റെ സാന്നിധ്യമാണ് അനുഭവിച്ചറിയുന്നതെന്ന് പാപ്പാ കൂട്ടിച്ചേർത്തു. ദീർഘനാൾ നീണ്ടുനിന്ന തൻ്റെ ആശുപത്രി വാസത്തിനിടയിൽ, കരുതലോടെയുള്ള ശുശ്രൂഷയും ആർദ്രതയോടെയുള്ള പരിചരണവും നൽകിവരുന്ന ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് പാപ്പാ നന്ദി രേഖപ്പെടുത്തി.
ക്ലേശങ്ങൾ അനുഭവിക്കുന്ന എല്ലാവരെയും അനുയാത്ര ചെയ്യുന്ന 'ആർദ്രതയുടെ ഒരു അൽഭുതമാണ്' രോഗികൾക്കു നൽകുന്ന പരിചരണമെന്നും വേദനയുടെ രാത്രികളിൽ തെളിയുന്ന നുറുങ്ങുവെട്ടമാണ് അതെന്നും പാപ്പാ വിശേഷിപ്പിച്ചു.തനിക്കുവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരോടും പരിശുദ്ധ പിതാവ് നന്ദി പറഞ്ഞു. റോമൻ കൂരിയായിലെ അംഗങ്ങൾക്കൊപ്പം വാർഷിക ധ്യാനത്തിൽ പങ്കെടുക്കാനുള്ള തന്റെ ആഗ്രഹവും പാപ്പാ വെളിപ്പെടുത്തി.
സന്നദ്ധ പ്രവർത്തകരുടെ സൗജന്യ സേവനങ്ങൾ
കഴിഞ്ഞ വാരാന്ത്യത്തിൽ റോമിൽ സംഘടിപ്പിക്കപ്പെട്ട സന്നദ്ധ പ്രവർത്തകരുടെ ആഗോളതല ജൂബിലിയെക്കുറിച്ച് മാർപാപ്പ അനുസ്മരിച്ചു. സ്വാർത്ഥ താല്പര്യങ്ങളുടെയും ലാഭേച്ഛയുടെയും പുറകെ പായുന്ന നമ്മുടെ സമൂഹങ്ങൾ കമ്പോള യുക്തിക്ക് അടിപ്പെട്ടുപോയി. ഈ അവസ്ഥയിൽ, പ്രത്യാശയുടെ അടയാളങ്ങളായ സന്നദ്ധസേവകർ ഒരു പ്രവാചക ദൗത്യമാണ് നിർവഹിക്കുന്നത്. കാരണം, ആവശ്യക്കാരോടുള്ള ഐക്യദാർഢ്യത്തിൽ, അവർ സ്വന്തം ഇഷ്ടപ്രകാരമാണ് സേവനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് - പാപ്പ വിശദീകരിച്ചു.
തങ്ങളുടേതായ പ്രാദേശിക സമൂഹങ്ങളിൽ, സന്നദ്ധസേവകരായി ശുശ്രൂഷ ചെയ്യുന്ന എല്ലാവരോടും പരിശുദ്ധ പിതാവ് നന്ദി അറിയിച്ചു. ഹൃദയത്തിന്റെ നന്മയിൽ നിന്നാണ് അവർക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നതെന്നും അത് മറ്റുള്ളവരിൽ പ്രത്യാശ ഉണർത്താൻ സഹായകരമാണെന്നും പാപ്പാ പറഞ്ഞു.
സമാധാനത്തിനുവേണ്ടിയുള്ള പ്രാർത്ഥന
അവസാനമായി, രക്തസാക്ഷിത്വം വരിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളായ ഉക്രെയ്ൻ, പലസ്തീൻ, ഇസ്രായേൽ, ലെബനൻ, മ്യാൻമർ, സുഡാൻ, കോംഗോ എന്നിവിടങ്ങളിൽ സമാധാനം പുനസ്ഥാപിക്കപ്പെടുന്നതിനായി പാപ്പാ പ്രാർത്ഥിച്ചു.
സിറിയയിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട അക്രമങ്ങളിൽ പാപ്പാ ഉത്കണ്ഠ രേഖപ്പെടുത്തി. വംശീയവും മതപരവുമായ വിവിധ സാമൂഹിക ഘടകങ്ങളിൽ ഉൾപ്പെട്ടിരിക്കുന്ന സാധാരണ ജനങ്ങളോട് പൂർണമാന്യതയോടെ പെരുമാറണമെന്ന ആഹ്വാനം നൽകിക്കൊണ്ടാണ് പാപ്പാ തൻ്റെ സന്ദേശം അവസാനിപ്പിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.