ലക്ഷ്യം ട്രംപ്: എയര്‍ടെല്‍, ജിയോ സ്റ്റാര്‍ലിങ്ക് കരാറിന് പിന്നില്‍ മോഡിയെന്ന് കോണ്‍ഗ്രസ്

ലക്ഷ്യം ട്രംപ്: എയര്‍ടെല്‍, ജിയോ സ്റ്റാര്‍ലിങ്ക് കരാറിന് പിന്നില്‍ മോഡിയെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: എയര്‍ടെല്ലും ജിയോയും സ്റ്റാര്‍ലിങ്കുമായി കരാര്‍ ഒപ്പുവെച്ചതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെയെന്ന് കോണ്‍ഗ്രസ്. സ്റ്റാര്‍ലിങ്കിന്റെ ഉടമയായ ഇലോണ്‍ മസ്‌ക് വഴി ഡൊണാള്‍ഡ് ട്രംപിന്റെ പ്രീതി നേടാന്‍ മോഡി തന്നെയാണ് ഇത് ആസൂത്രണം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കരാറില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിക്കുന്നുണ്ടെന്നും ഏറ്റവും പ്രധാനപ്പെട്ടത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടതാണെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.

ഇന്ത്യയിലേക്കുള്ള പ്രവേശനത്തിനെതിരായ എല്ലാ എതിര്‍പ്പുകളും മറികടന്ന്, 12 മണിക്കൂറിനുള്ളിലാണ് എയര്‍ടെല്ലും ജിയോയും സ്റ്റാര്‍ലിങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് കമ്മ്യൂണിക്കേഷന്‍സ് ജയ്റാം രമേശ് പറഞ്ഞു.

ദേശീയ സുരക്ഷ ആവശ്യപ്പെടുന്ന ഘട്ടത്തില്‍ കണക്റ്റിവിറ്റി ഓണ്‍ ചെയ്യാനും ഓഫ് ചെയ്യാനും ആര്‍ക്കാണ് അധികാരമെന്ന് അദേഹം ചോദിച്ചു. അത് സ്റ്റാര്‍ലിങ്കിനാണോ എയര്‍ടെല്‍, ജിയോ എന്നി കമ്പനികള്‍ക്കാണോ എന്ന് വ്യക്തമാക്കണമെന്നും ജയ്റാം രമേശ് ആവശ്യപ്പെട്ടു. സമാനമായ മറ്റ് കമ്പനികള്‍ക്കും അനുമതി നല്‍കുമോ എന്നും എങ്കില്‍ എന്ത് അടിസ്ഥാനത്തിലാകും അതെന്നും കോണ്‍ഗ്രസ് നേതാവ് എക്സില്‍ ചോദിച്ചു.

ഇന്ത്യയിലേക്കുള്ള ടെസ്ലയുടെ കടന്നുവരവും അവരുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചോദ്യങ്ങള്‍ ഇനിയും അവശേഷിക്കുന്നുണ്ടെന്നും അദേഹം വ്യക്തമാക്കി. യുഎസില്‍ വച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഇലോണ്‍ മസ്‌ക്കും ചര്‍ച്ച നടത്തി ആഴ്ചകള്‍ക്ക് ശേഷമാണ് സ്റ്റാര്‍ലിങ്ക് സേവനം ഇന്ത്യയിലേക്ക് എത്തുന്നത്.

മസ്‌കിന്റെ സംരംഭത്തിന് സ്പെക്ട്രം അവകാശങ്ങള്‍ എങ്ങനെ നല്‍കണമെന്നതിനെച്ചൊല്ലി തര്‍ക്കം നടക്കുന്നതിനിടെയാണ് പൊടുന്നനെ മുകേഷ് അംബാനിയുടെ ജിയോ, സ്റ്റാര്‍ലിങ്കിന്റെ നേതൃത്വത്തിലുള്ള സ്പേസ് എക്സുമായി കരാറില്‍ ഒപ്പുവെച്ചത്. സുനില്‍ ഭാരതി മിത്തലിന്റെ ഭാരതി എയര്‍ടെലുമായും സ്പേസ് എക്സ് സമാനമായ ഒരു പങ്കാളിത്ത കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.

ഇന്ത്യയിലെ സാറ്റലൈറ്റ് സേവനങ്ങള്‍ക്കായുള്ള സ്‌പെക്ട്രം ലേലം നടത്തണമെന്ന് ജിയോയും എയര്‍ടെല്ലും കഴിഞ്ഞ കുറച്ച് മാസങ്ങളായി ആവശ്യപ്പെടുന്നുണ്ട്. കരാറിന്റെ ഭാഗമായി ജിയോ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഓണ്‍ലൈന്‍ സ്റ്റോറുകളിലും സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ നല്‍കും. ഇന്‍സ്റ്റാളേഷനും ആക്ടിവേഷനുമെല്ലാം കമ്പനിയുടെ നേതൃത്വത്തിലാകും.

എന്താണ് സ്റ്റാര്‍ലിങ്കുമായുള്ള കരാര്‍?

ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങള്‍ അടക്കമുള്ള ഉള്‍നാടുകളില്‍ പ്രധാനമായും സ്റ്റാര്‍ലിങ്ക് വഴി ഇന്റര്‍നെറ്റ് എത്തിക്കുക എന്നതാണ് ഈ കരാറിലൂടെ ജിയോ ലക്ഷ്യമിടുന്നത്. എന്നാല്‍ ഇന്ത്യയില്‍ സ്‌പേസ് എക്സിന് പൂര്‍ണ അനുമതി ലഭിച്ചു കഴിഞ്ഞാല്‍ മാത്രമേ ജിയോയും എയര്‍ടെല്ലും വഴി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം നല്‍കാന്‍ സാധിക്കൂ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.