അബുജ: കഴിഞ്ഞ പത്ത് വർഷത്തിനിടെ നൈജീരിയയിലുടനീളം 150 ഓളം കത്തോലിക്കാ പുരോഹിതരെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്. ഇതിൽ 11 പേർ കൊല്ലപ്പെട്ടെന്നും നാല് പേരെ ഇപ്പോഴും കാണാനില്ലെന്നും ഇൻഫർമേഷൻ സർവീസായ അജെൻസിയ ഫൈഡ്സ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകലുകൾ നടന്നത് രാജ്യത്തിന്റെ തെക്കൻ ഭാഗത്തുള്ള ഒവേരി, ഒനിറ്റ്ഷ പ്രവിശ്യകളിലും വടക്ക് പടിഞ്ഞാറൻ ഭാഗത്തുള്ള കടുന പ്രവിശ്യയിലുമാണ്.
നൈജീരിയയില്‍ തുടര്‍ച്ചയായി നടക്കുന്ന വൈദിക നരഹത്യയില്‍ അതീവ ദുഖം പ്രകടിപ്പിച്ച് കത്തോലിക്ക മെത്രാന്‍ രംഗത്തെത്തി. ഏറ്റവും അവസാനമായി വിഭൂതി ബുധനാഴ്ച കൊല്ലപ്പെട്ട ഫാ. സിൽവസ്റ്റർ ഒകെച്ചുക്വു എന്ന വൈദികന്‍റെ ദാരുണ മരണത്തിന്റെ പശ്ചാത്തലത്തില്‍ കഫൻചാന്‍ ബിഷപ്പ് ജൂലിയസ് യാക്കൂബാണ് രംഗത്ത് വന്നിരിക്കുന്നത്.
'രൂപത വേദനയിൽ മുങ്ങിയിരിക്കുന്നു, ദേശം കോപത്താൽ മൂടപ്പെട്ടിരിക്കുന്നു. എത്ര കാലം നമ്മുടെ വൈദികരെയും സഹോദരങ്ങളെയും ഇരയെപ്പോലെ വേട്ടയാടും? ഫാ. സിൽവസ്റ്ററിന്റെയും മറ്റെല്ലാ നിരപരാധികളുടെയും രക്തം നീതിക്കുവേണ്ടി നിലവിളിക്കുകയാണ്'- ബിഷപ്പ് പറഞ്ഞു.
വൈദികരുടെ തട്ടിക്കൊണ്ടുപോകലുകളും കൊലപാതകങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ നൈജീരിയയിൽ അടിയന്തര സർക്കാർ നടപടി ഉണ്ടാകണമെന്ന് അദേഹം ആവശ്യപ്പെട്ടു.
ഒവേരിയിൽ നിന്ന് 47 പുരോഹിതരെയാണ് തട്ടിക്കൊണ്ടുപോയത്. പുരോഹിതർക്ക് ഉയർന്ന അപകട സാധ്യതയുള്ള പ്രദേശം എന്നാണ് സ്ഥലത്തെ അജെൻസിയ ഫൈഡ്സ് വിശേഷിപ്പിച്ചത്. രണ്ട് വൈദികരെയൊഴികെ ബാക്കിയെല്ലാവരെയും സുരക്ഷിതരായി വിട്ടയച്ചു. ഫലപ്രദമായ രക്ഷാപ്രവർത്തനങ്ങളോ മോചനദ്രവ്യമോ മൂലമാണ് വിട്ടയച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു.
രണ്ടാമത് ഏറ്റവും കൂടുതൽ തട്ടിക്കൊണ്ടുപോകലുകൾ നടന്നിട്ടുള്ളത് ഒനിറ്റ്ഷ പ്രവിശ്യയിലാണ്. ഇവിടെ ഒരു വൈദികൻ കൊല്ലപ്പെട്ടു. മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളാണ് ഇവിടെ കൂടുതലായും നടന്നിട്ടുള്ളത്.
കടുനയിൽ നിന്ന് 24 പുരോഹിതന്മാരെ തട്ടിക്കൊണ്ടുപോയതായും അവരിൽ ഏഴ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഏറ്റവും കൂടുതൽ വൈദികർ കൊല്ലപ്പെട്ടതും കടുന പ്രവിശ്യയിലാണ്. ഇവിടെ തട്ടിക്കൊണ്ടുപോകലുകൾ കൂടുതൽ അക്രമാസക്തമായ രീതിയിലായിരുന്നു. ഇത് തീവ്രവാദ പ്രവർത്തനം വിമത സ്വാധീനം അല്ലെങ്കിൽ വടക്കൻ നൈജീരിയയിലെ വർധിച്ച മതപരമായ സംഘർഷങ്ങൾ എന്നിവ മൂലമാകാമെന്നും റിപ്പോർട്ട് പറയുന്നു.
നൈജീരിയയുടെ സാമ്പത്തിക കേന്ദ്രമായ ലാഗോസ് കത്തോലിക്കാ പുരോഹിതന്മാർക്ക് ഏറ്റവും സുരക്ഷിതമായ പ്രവിശ്യയാണെന്ന് അജൻസിയ ഫൈഡ്സ് അഭിപ്രായപ്പെട്ടു. ബെനിൻ പ്രവിശ്യയിൽ നിന്നും തട്ടിക്കൊണ്ടു പോകപ്പെട്ട ഒരു വൈദികനെ വിട്ടയച്ചിട്ടില്ല. ഇത് രക്ഷാപ്രവർത്തനങ്ങളുടെ അഭാവം മൂലമാണോ അതോ തട്ടിക്കൊണ്ടുപോയവർ ചർച്ചയ്ക്ക് വിസമ്മതിച്ചതിനാലാണോ എന്ന് വ്യക്തമല്ല.
ഒവേരി പ്രവിശ്യയിൽ നിന്നുള്ള രണ്ട് വൈദികരെ വിട്ടയച്ചിട്ടില്ല. ഉയർന്ന മോചന നിരക്ക് ഉണ്ടായിരുന്നിട്ടും രണ്ട് പേരെ വിട്ടയച്ചിട്ടില്ല. ഇത് തട്ടിക്കൊണ്ടുപോകുന്നവരുടെ തന്ത്രമാണോ എന്ന കാര്യത്തിലുള്ള സംശയം ബലപ്പെടുത്തുന്നുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.