'നമ്മള്‍ പ്രകാശത്തെ ഒരു ഖരവസ്തുവാക്കി മാറ്റി; അത് വളരെ അത്ഭുതകരമാണ്': ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഇറ്റാലിയന്‍ ഗവേഷകര്‍

'നമ്മള്‍ പ്രകാശത്തെ ഒരു ഖരവസ്തുവാക്കി മാറ്റി;  അത് വളരെ അത്ഭുതകരമാണ്': ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഇറ്റാലിയന്‍ ഗവേഷകര്‍

ഫ്‌ളോറന്‍സ്: പ്രകാശത്തെ അതിഖരാവസ്ഥ (സൂപ്പര്‍ സോളിഡ്)യിലേക്ക് മാറ്റി ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് ഗവേഷകര്‍. ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്സിലെ ഗവേഷകരാണ് ഭൗതിക ശാസ്ത്ര മേഖലയില്‍ പുതിയ സാധ്യതകള്‍ തുറന്ന ഈ നേട്ടത്തിന് പിന്നില്‍.

'നമ്മള്‍ പ്രകാശത്തെ ഒരു ഖരവസ്തുവാക്കി മാറ്റി. അത് വളരെ അത്ഭുതകരമാണ്'- ഇറ്റലിയിലെ നാഷണല്‍ റിസര്‍ച്ച് കൗണ്‍സിലിലെ(സി.എന്‍.ആര്‍) ഡിമിട്രിസ് ട്രിപോ ജോര്‍ഗോസ് പറഞ്ഞു. ഒരു ദശാബ്ദത്തിലേറെ മുമ്പ് പ്രകാശം എങ്ങനെ ഒരു ദ്രാവകമായി മാറുമെന്ന് സി.എന്‍.ആറില്‍ തന്നെയുള്ള ഡാനിയേല്‍ സാന്‍വിറ്റോ കാണിച്ചു തന്നിരുന്നതായും അദേഹം കൂട്ടിച്ചേര്‍ത്തു.

ഗവേഷണ വിവരങ്ങള്‍ മാര്‍ച്ച് അഞ്ചിന്റെ നേച്ചര്‍ ജേര്‍ണല്‍, ന്യൂ സയന്റിസ്റ്റ് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ എന്നിവയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണയായി ഊര്‍ജത്തിന്റെ ഒരു രൂപമായി കണക്കാക്കപ്പെടുന്ന പ്രകാശം ഇപ്പോള്‍ അസാധാരണമായ ഗുണങ്ങളുള്ള ഖരരൂപത്തിലുള്ള ഒരു പദാര്‍ത്ഥമായി രൂപാന്തരപ്പെട്ടിരിക്കുന്നതായും ഈ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നു.


ഇറ്റലിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒപ്റ്റിക്സ്.

ഖരാകൃതിയിലുള്ള ഒരു വസ്തുവിന്റെ സവിശേഷതകളോടൊപ്പം ദ്രാവക രൂപത്തിലുള്ള ഒരു വസ്തുവിന്റെ സവിശേഷതകളും പ്രകടിപ്പിക്കുന്ന അവസ്ഥയാണ് സൂപ്പര്‍ സോളിഡ്. അതായത്, സൂപ്പര്‍ സോളിഡുകള്‍ക്ക് ഒരു നിശ്ചിത ആകൃതി ഉണ്ടായിരിക്കുകയും അതേസമയം ഘര്‍ഷണമില്ലാതെ ഒഴുകാന്‍ കഴിയുകയും ചെയ്യും.

പ്രകാശത്തെ സൂപ്പര്‍ സോളിഡ് ആക്കുന്നതിലൂടെ, പ്രകാശത്തിന്റെ തരംഗ ദൈര്‍ഘ്യത്തില്‍ മാറ്റം വരുത്താനും പ്രകാശത്തിന്റെ വേഗം കുറയ്ക്കാനും സാധിക്കും. ഇത് ഒപ്റ്റിക്കല്‍ കമ്പ്യൂട്ടിങിലും ക്വാണ്ടം ഇന്‍ഫര്‍മേഷന്‍ സാങ്കേതിക വിദ്യയിലും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

പ്രകാശത്തെ ഈ രീതിയില്‍ നിയന്ത്രിക്കാനുള്ള മാര്‍ഗം മെറ്റീരിയല്‍ സയന്‍സിന്റെ പുതിയ മേഖലകള്‍ പര്യവേക്ഷണം ചെയ്യുന്നതിന് അവസരമൊരുക്കും. അത് ഊര്‍ജത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയിലും ഉപയോഗത്തിലും വിപ്ലവകരമായ മാറ്റത്തിന് കാരണമായി മാറുകയും ചെയ്യും.

സൂപ്പര്‍ സോളിഡുകള്‍ മുമ്പ് ഗവേഷകര്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും പ്രകാശത്തെ സൂപ്പര്‍ സോളിഡ് ആക്കുന്നത് ആദ്യമായാണ്. പൊളാരിറ്റോണ്‍ സംവിധാനത്തിന്റെ സഹായത്തോടെയാണ് പ്രകാശത്തെ സൂപ്പര്‍ സോളിഡ് ആക്കി മാറ്റിയത്. ക്വാണ്ടം മെക്കാനിക്സില്‍ കാണപ്പെടുന്ന ഒരു ക്വാസി പാര്‍ട്ടിക്കിള്‍ ആണ് പോളാരിറ്റോണ്‍.


പ്രകാശത്തിന്റെ തരംഗ സ്വഭാവവും ദ്രവ്യത്തിന്റെ കണികാ സ്വഭാവവും ഒരുമിച്ച് ചേര്‍ന്ന പ്രതിഭാസമാണിത്. ഒരു പ്രകാശ കണികയായ ഫോട്ടോണും ഒരു ദ്രവ്യ കണികയായ എക്സിറ്റോണും തമ്മിലുള്ള ശക്തമായ വൈദ്യുത കാന്തിക ഇടപെടലിലൂടെയാണ് പോളാരിറ്റോണുകള്‍ രൂപം കൊള്ളുന്നത്.

പോളാരിറ്റോണുകള്‍ പ്രകാശത്തെ ഏറ്റവും കുറഞ്ഞ ഊര്‍ജാവസ്ഥയിലേക്ക് മാറ്റാന്‍ അനുവദിക്കുന്നു. അഥവാ പ്രകാശത്തെ ദ്രവ്യവുമായി സംയോജിപ്പിക്കുകയും ഒന്നിച്ച് അവയെ ഒരു സൂപ്പര്‍ സോളിഡ് അവസ്ഥയിലേക്ക് മാറ്റുകയും ചെയ്യുന്നു.

പുതിയ കണ്ടുപിടുത്തത്തിലൂടെ ലോകത്തിന്റെ പുതിയൊരു രഹസ്യമാണ് ഗവേഷകര്‍ അനാവരണം ചെയ്തിരിക്കുന്നത്. ആറ്റങ്ങളും കണികകളും എങ്ങനെ ഒത്തു ചേരുന്നുവെന്നതിലുള്ള ധാരണകളില്‍ കൂടുതല്‍ കൃത്യത വരികയാണ്. ഇതിലൂടെ സാധ്യതകളുടെ വിശാലമായ ലോകമാണ് തുറന്നിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.