വാഷിങ്ടൺ ഡിസി : 41 രാജ്യങ്ങളിലെ പൗരന്മാർക്ക് വ്യാപകമായ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി അമേരിക്ക. കരട് പട്ടികയിൽ ഉൾപ്പെട്ട രാജ്യങ്ങളെ മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. പത്ത് രാജ്യങ്ങൾ അടങ്ങുന്ന ആദ്യ ഗ്രൂപ്പിന് പൂർണമായ വിസ സസ്പെൻഷൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ, ഇറാൻ, സിറിയ, ക്യൂബ, ഉത്തര കൊറിയ, സൊമാലിയ, സുഡാൻ, വെനസ്വേല, യെമൻ എന്നീ രാജ്യങ്ങൾ ആദ്യ ഗ്രൂപ്പിലുണ്ട്.
രണ്ടാമത്തെ ഗ്രൂപ്പിൽ എറിത്രിയ, ഹെയ്തി, ലാവോസ്, മ്യാൻമർ, ദക്ഷിണ സുഡാൻ എന്നീ അഞ്ച് രാജ്യങ്ങളാണുള്ളത്. ഇവയ്‌ക്ക് ഭാഗികമായ വിസ സസ്പെൻഷൻ നേരിടേണ്ടി വരും. ടൂറിസ്റ്റ്, സ്റ്റുഡന്റ് വിസകളെയും മറ്റ് കുടിയേറ്റ വിസകളെയും ഇത് ബാധിക്കുമെന്നാണ് വിലയിരുത്തൽ.
മൂന്നാമത്തെ ഗ്രൂപ്പിൽ പാകിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഭൂട്ടാൻ, വന്വാടു, അംഗോള, ബെലാറൂസ്, റിപ്പബ്ലിക് ഓഫ് ദി കോംഗോ, മലാവി, ലൈബീരിയ, ഗാംബിയ, ഇക്വട്ടോറിയൽ ഗിനിയ, ഡൊമിനിക, കംബോഡിയ എന്നിവയുൾപ്പെടെ 26 രാജ്യങ്ങളുണ്ട്. 60 ദിവസത്തിനുള്ളിൽ പോരായ്മകൾ പരിഹരിക്കാൻ അതത് രാജ്യങ്ങളിലെ സർക്കാരുകൾ ശ്രമിച്ചില്ലെങ്കിൽ ഈ രാജ്യങ്ങളിലെ പൗരന്മാർക്കും യുഎസ് വിസ നൽകുന്നത് ഭാഗികമായി നിർത്തിവയ്‌ക്കുമെന്ന് കരട് റിപ്പോർട്ടിൽ പറയുന്നു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടക്കമുള്ള അധികൃതരുടെ അനുമതി ലഭിച്ചെങ്കിൽ മാത്രമേ കരട് റിപ്പോർട്ട് പ്രാബല്യത്തിൽ വരൂ. പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളുടെ എണ്ണത്തിലും പേരുകളിലും മാറ്റം വന്നേക്കാമെന്നും വിവരമുണ്ട്.
മുസ്ലീം ഭൂരിപക്ഷമുള്ള ഏഴ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ട്രംപിന്റെ ആദ്യ ടേമിൽ വിലക്കേർപ്പെടുത്തിയിരുന്നു. ഏറെ വിവാദമായ നടപടി 2018ൽ സുപ്രീം കോടതി ശരിവയ്‌ക്കുകയും ചെയ്തു. എന്നാൽ പിന്നീട് ബൈഡൻ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ട്രംപിന്റെ ഉത്തരവ് പിൻവലിക്കുകയായിരുന്നു. ഇപ്പോൾ രണ്ടാം ടേം ആരംഭിച്ച ഡൊണൾഡ് ട്രംപ് കുടിയേറ്റ നിയന്ത്രണ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.