ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ജാഫർ എക്സ്‌പ്രസ് റാഞ്ചിയ സംഭവത്തിൽ 214 ബന്ദികളെ കൊലപ്പെടുത്തിയെന്ന് ബലൂച് ലിബറേഷൻ ആർമി (ബിഎല്‍എ). പാകിസ്ഥാന്റെ ദുശാഠ്യമാണ് ബന്ദികളുടെ കൊലയിലേക്ക് നയിച്ചതെന്നാണ് ബിഎൽഎയുടെ പ്രസ്താവന. ബലൂച് ലിബറേഷൻ ആർമി വക്താവ് ജീയന്ദ് ബലോചിന്റെ പേരിലാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. മുഴുവന്‍ ബന്ദികളെയും രക്ഷപ്പെടുത്തിയെന്നായിരുന്നു പാകിസ്ഥാൻ പറഞ്ഞിരുന്നത്.
"ബലൂച് ലിബറേഷൻ ആർമി പാകിസ്ഥാൻ സൈന്യത്തിന് യുദ്ധത്തടവുകാരെ കൈമാറാൻ 48 മണിക്കൂർ അന്ത്യശാസനം നൽകിയിരുന്നു. ഇത് അധിനിവേശ സൈന്യത്തിന് തങ്ങളുടെ ഉദ്യോഗസ്ഥരുടെ ജീവൻ രക്ഷിക്കാനുള്ള അവസാന അവസരമായിരുന്നു. എന്നിരുന്നാലും പാകിസ്ഥാൻ പരമ്പരാഗത ശാഠ്യവും സൈനിക ധാർഷ്ട്യവും പ്രകടിപ്പിച്ചുകൊണ്ട് ഗൗരവമേറിയ ചർച്ചകൾ ഒഴിവാക്കുക മാത്രമല്ല അടിസ്ഥാന യാഥാർഥ്യങ്ങൾക്ക് നേരെ കണ്ണടയ്ക്കുകയും ചെയ്തു. ഈ ശാഠ്യത്തിന്റെ ഫലമായി 214 ബന്ദികളെ വധിച്ചു”- ബിഎല്‍എ പ്രസ്താവനയിൽ പറയുന്നു.
അന്താരാഷ്ട്ര നിയമം പാലിച്ചാണ് മുന്നോട്ട് പോയതെന്നും പാകിസ്ഥാന്റെ പിടിവാശിയാണ് ബന്ദികളെ കൊല്ലാൻ കാരണമായതെന്നും ബിഎൽഎ കൂട്ടിച്ചേർത്തു. എന്നാൽ ഈ അവകാശവാദത്തെ സാധൂകരിക്കുന്ന തെളിവുകളൊന്നും ബലൂച് ലിബറേഷൻ ആർമി പുറത്തുവിട്ടിട്ടില്ല.
സൈനികർ 33 തീവ്രവാദികളെ വധിക്കുകയും 354 ബന്ദികളെ മോചിപ്പിക്കുകയും ചെയ്തുവെന്നാണ് പാകിസ്ഥാൻ സൈന്യത്തിന്റെ വക്താവ് അഹമ്മദ് ഷെരീഫ് ചൗധരി പറയുന്നത്. ബലൂച് ലിബറേഷൻ ആർമിയുടെ കയ്യിൽ ഇനിയും ബന്ദികൾ അവശേഷിക്കുന്നുവെന്നതിന് തെളിവില്ലെന്നും അഹമ്മദ് ഷെരീഫ് പറഞ്ഞിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.